| Wednesday, 15th January 2020, 10:02 am

പൗരത്വ ഭേദഗതി പ്രതിഷേധം: വെടിയേറ്റ യുവാവ് മരിച്ചു, രാജ്യത്ത് ഇത് വരെ കൊല്ലപ്പെട്ടത് 32 പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫിറോസാബാദ്: ഡിസംബര്‍ 20ന് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ വെടിയേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. ഫിറോസബാദിലെ മസ്‌രൂര്‍ഗഞ്ച് സ്വദേശിയായ മുഹമ്മദ് അബ്‌രാര്‍ എന്നയാളാണ് കഴിഞ്ഞ ദിവസം മരിച്ചത്.

അക്ബറിന്റെ മരണത്തോടെ ഫിറോസാബാദില്‍ മാത്രം പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ഇത് വരെയുള്ള കണക്കുകളില്‍ രാജ്യത്താകെ 32 പേരാണ് പ്രതിഷേധത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഇതില്‍ തന്നെ ഇരുപതിലേറെ പേരും കൊല്ലപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്.

ദിവസവേതനക്കാരനായി ജോലി നോക്കുകയായിരുന്ന അബ്‌രാര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് വെടിയേറ്റതെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ അബ് രാര്‍ കുടുങ്ങിപ്പോകുയായിരുന്നെന്ന് അനുജന്‍ അബ്ദുള്‍ പറഞ്ഞിരുന്നു.

നട്ടെല്ലില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ദല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയ അക്ബര്‍ ജനുവരി പത്തിനാണ് വീട്ടിലെത്തിയത്. ഞായറാഴ്ച രാത്രി ശാരീരിക അസാസ്ഥ്യവും വെടിയേറ്റ ഭാഗത്ത് കടുത്ത വേദനയും അനുഭവപ്പെടുന്നതായി പറഞ്ഞ് കുറച്ച് സമയത്തിനുള്ളില്‍ അബ് രാര്‍ മരണപ്പെടുകയായിരുന്നെന്ന് വീട്ടുകാര്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എയിംസ് അടക്കമുള്ള ആശുപത്രികള്‍ അബ്‌രാറിനെ ചികിത്സിക്കാന്‍ തയ്യാറായിരുന്നില്ല എന്നും ഒടുവില്‍ ആംആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാന്‍ ഇടപെട്ടതിന് ശേഷമാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം കണ്ടെത്താന്‍ സാധിക്കുകയുള്ളു എന്ന് പൊലീസ് സൂപ്രണ്ട് പ്രതാപ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയിന്മേല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

പൗരത്വ ഭേദഗതി പ്രതിഷേധം ഏറ്റവും അക്രമാസക്തമായ നിലയിലേക്ക് നീങ്ങിയത് ഉത്തര്‍പ്രദേശിലായിരുന്നു. പ്രതിഷേധത്തിനിടെയിലും അതിന് ശേഷവും സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ യു പി പൊലീസ് സ്വീകരിച്ച ക്രൂര നടപടികള്‍ക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്. പ്രതിഷേധക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more