ബറേലി: മകനെ പുനര്‍വിവാഹം ചെയ്യാനായി നിക്കാഹ് ഹലാലാ പ്രകാരം തന്നെ വിവാഹം കഴിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസ്. മുത്തലാഖ് ഇരയായ യുവതിയോട് വീണ്ടും ഭര്‍ത്താവുമായി വിവാഹബന്ധത്തില്‍ തുടരണമെങ്കില്‍ ഹലാലാ ആചാര പ്രകാരം തന്നെ വിവാഹം ചെയ്യണമെന്ന് ഭര്‍ത്താവിന്റെ പിതാവ് ആവശ്യപ്പെടുകയായിരുന്നു.
സാമൂഹ്യപ്രവര്‍ത്തകയായ നിദാ ഖാനോടൊപ്പം ബറേലി എസ്.എസ്.പിയെക്കണ്ടു യുവതി പരാതി നല്‍കുകയും, ശേഷം കിലാ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ഇസ്‌ലാം മതാചാരപ്രകാരം പിന്തുടര്‍ന്നു വരുന്ന ഹലാലാ സമ്പ്രദായമനുസരിച്ച്, ഒരിക്കല്‍ വിവാഹ ബന്ധം വേര്‍പെടുത്തിക്കഴിഞ്ഞാല്‍ ഭാര്യ മറ്റൊരു വിവാഹം ചെയ്ത് അതില്‍നിന്നും മോചനം നേടിയാല്‍ മാത്രമേ വീണ്ടും ആദ്യ ബന്ധത്തില്‍ തുടരാന്‍ സാധിക്കുകയുള്ളൂ.
Also Read: എന്താണ് തലാഖ്-ഇ-തഫ്‌വീസ് ?; ഭര്‍ത്താക്കന്‍മാരെ ‘മൊഴി ചൊല്ലുന്ന’ മുസ്‌ലിം നിയമം
മുത്തലാഖ് പ്രകാരം ഭര്‍ത്താവ് തന്നെ വിവാഹമോചനം ചെയ്തിരുന്നുവെന്ന് യുവതി എസ്.എസ്.പിയോടു പറഞ്ഞു. ഇതിനു ശേഷം ഭര്‍ത്താവുമായുള്ള വൈവാഹിക ജീവിതം തുടരാനായി നിക്കാഹ് ഹലാലായനുസരിച്ച് ഭര്‍തൃപിതാവിനെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നു. ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും ചേര്‍ന്നാണ് നിര്‍ബന്ധിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. ഇതിനു വഴങ്ങി ചടങ്ങിനു സമ്മതം മൂളുകയായിരുന്നു.
എന്നാല്‍, ഭര്‍ത്താവിനെ വീണ്ടും വിവാഹം ചെയ്തതിനു ശേഷവും ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ ഭര്‍ത്താവ് വീണ്ടും തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയെന്നും യുവതി പറയുന്നു.
രണ്ടാമത്തെ വിവാഹമോചനത്തിനു ശേഷം ഭര്‍ത്താവും കുടുംബവും ഭര്‍ത്താവിന്റെ സഹോദരനുമായി നിക്കാഹ് ഹലാലാ പ്രകാരം വിവാഹബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ഇതേത്തുടര്‍ന്ന് യുവതി വീടുവിട്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പരാമര്‍ശിക്കുന്നു.
Also Read: നിക്കാഹ് ഹലാലാ ഖുര്‍ആന്‍ അനുശാസനം;ചോദ്യം ചെയ്യാനാവില്ല: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്
പരാതി വിശദമായി കേട്ട ശേഷമാണ് യുവതിയുടെ ഭര്‍തൃപിതാവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താന്‍ പൊലീസ് തീരുമാനിച്ചതെന്ന് എസ്.എസ്.പി മുനിരാജ് പറയുന്നു. ഗാര്‍ഹിക പീഢനത്തിനും സ്ത്രീധന പീഢനത്തിനും യുവതിയുടെ ഭര്‍ത്താവ്, ഇയാളുടെ മാതാവ്, സഹോദരന്‍ എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതേസമയം യുവതിക്ക് സഹായം ചെയ്തു കൂടെനിന്നതിന് നിദാ ഖാനെതിരെ പ്രദേശത്തെ മുസ്‌ലിം പുരോഹിതര്‍ ഫത്വ പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്‌ലാമിനും ഇസ്‌ലാമികാചാരങ്ങള്‍ക്കുമെതിരെ ശബ്ദിക്കുന്നു എന്നു കാണിച്ചാണ് ഫത്വ ഇറക്കിയിരിക്കുന്നത്.