| Sunday, 14th June 2015, 2:43 pm

ചെമ്മണ്ണൂര്‍ ജ്വല്ലറിക്കുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരൂര്‍: തിരൂര്‍ താഴേപാലത്തെ ചെമ്മണ്ണൂര്‍ ജ്വല്ലറിക്കുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. താനൂര്‍ പക്കരപറമ്പില്‍ ആട്ടശ്ശേരി ഇസ്മയില്‍ (50) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട്മണിയോടെ ജ്വല്ലറിയിലെത്തിയ ഇയാള്‍ പെട്രോളൊഴിച്ച് സ്വയം തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മകളുടെ വിവാഹാവശ്യത്തിനായി ഇസ്മയില്‍ 4 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം ജ്വല്ലറിയില്‍ നിന്നും വാങ്ങിയിരുന്നു. തുടക്കത്തില്‍ പണം നല്‍കിയാണ് ഇദ്ദേഹം സ്വര്‍ണം വാങ്ങിയിരുന്നത്. ഇതിന്റെ ബാക്കി തുക അടയ്‌ക്കേണ്ട ദിവസം ശനിയാഴ്ച്ചയായിരുന്നു. ഇക്കാര്യം ജ്വല്ലറിയിലെ സ്റ്റാഫുമായി സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് കൈയില്‍ കരുതിയിരുന്ന പെട്രോളെടുത്ത്  ഇസ്മയില്‍ ദേഹത്ത് ഒഴിച്ചത്.

ഇയാളെ രക്ഷിക്കുന്നതിനിടെ ജ്വല്ലറി ജീവനക്കാരന്‍ പ്രദീഷ് (30) നും പെള്ളലേറ്റു. ഇയാളെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പണം ലഭിക്കാനുള്ളവരുടെ വീടുകളില്‍ ഫീല്‍ഡ് സ്റ്റാഫിനെ അയച്ച കൂട്ടത്തില്‍ ഇസ്മയിലിന്റെ വീട്ടിലും പോയിരുന്നതായി ജ്വല്ലറി മാനേജര്‍ മൊഴി നല്‍കിയതായി എസ്.ഐ പറഞ്ഞു.

എന്നാല്‍ കുടിശിക ലഭിക്കാന്‍ നിരവധി തവണ ഇസ്മയിലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ലെന്നും ആളെ വിട്ടോ ഫോണിലൂടെയോ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രകോപനമില്ലാതെയായിരുന്നു ആത്മഹത്യാശ്രമമെന്നും ഷോറൂം മാനേജര്‍ കെ.എം ആനന്ദ് അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more