പത്തനംതിട്ട: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയായ ബാബുക്കുട്ടനെ പൊലീസ് പിടികൂടി. പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവടിലെ കാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ബന്ധുവീട്ടിലേക്ക് പോകുന്നതിനായിട്ടാണ് ഇയാള്‍ എത്തിയത്. എന്നാല്‍ ഇയാളെ വീട്ടില്‍ കയറ്റാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. മാസ്‌കും കൂളിങ് ഗ്ലാസും ധരിച്ച ഇയാള്‍ കാട്ടിലൂടെ സഞ്ചരിച്ച് പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവടില്‍ എത്തുകയായിരുന്നു. നാട്ടുകാര്‍ സംശയം തോന്നി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് മഫ്തിയിലെത്തുകയായിരുന്നു.
തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബാബുക്കുട്ടനെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇയാളുടെ കൈയില്‍ നിന്ന് പൊലീസ് 3500 രൂപ കണ്ടെടുത്തു. എന്നാല്‍ യുവതിയില്‍ നിന്നും കവര്‍ന്നെടുത്ത സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായിട്ടാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്.
ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ഏപ്രില്‍ 28 രാവിലെ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. ചെങ്ങന്നൂരില്‍ ജോലിക്ക് പോകുവാന്‍ വേണ്ടി മുളന്തുരുത്തിയില്‍നിന്ന് ട്രെയിന്‍ കയറിയതായിരുന്നു യുവതി.
ട്രെയിന്‍ കാഞ്ഞിരമറ്റം പിന്നിട്ടതിനു പിറകെ ഇയാള്‍ യുവതിക്കരികില്‍ എത്തുകയും സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തുമെന്നു ഭീഷണിപ്പെടുത്തി മാലയും വളയും ഊരിവാങ്ങുകയുമായിരുന്നു. വീണ്ടും ആക്രമണത്തിന് ശ്രമിക്കുന്നതിനിടെ യുവതി ഡോര്‍ തുറന്നു പുറത്തേക്കുചാടുകയായിരുന്നു.
പരിക്കേറ്റ യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തിലാണുള്ളത്. പ്രതിയുടെ ചിത്രം യുവതി തിരിച്ചറിഞ്ഞതോടെയാണ് പ്രതിയെ സംബന്ധിച്ച വ്യക്തത പൊലീസിന് ലഭിച്ചത്.
ചെങ്ങന്നൂരില്‍ സ്‌കൂളില്‍ ജീവനക്കാരിയാണ് യുവതി. സംഭവസമയത്ത് യുവതി മാത്രമായിരുന്നു കംപാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നത്. യുവതി ഒറ്റയ്ക്കാണെന്ന് കണ്ടതോടെ ട്രെയിനിലെ മറ്റൊരു കമ്പാര്‍ട്ട്മെന്റിലായിരുന്ന ഇയാള്‍ യുവതി സഞ്ചരിച്ച കംപാര്‍ട്മെന്റില്‍ എത്തുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: man who attacked woman in Punalur passenger Babukuttan was arrested