| Monday, 8th November 2021, 2:17 pm

ഭാര്യയായി അംഗീകരിച്ചത് സര്‍ക്കാര്‍ ജോലി ലഭിച്ച ശേഷം, മാനസിക പീഡനവും ഉപദ്രവവും; യുവതിയുടെ ഹരജിയില്‍ വിവാഹമോചനം അനുവദിച്ച് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജോലി ലഭിച്ചശേഷം മാത്രം ഭാര്യയായി കണക്കാക്കുകയും അതുവരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ വിവാഹമോചനം അനുവദിച്ച് ദല്‍ഹി കോടതി. ഭാര്യയ്ക്ക് ദല്‍ഹി പൊലീസില്‍ ജോലി ലഭിച്ചതിന് ശേഷം സാമ്പത്തിക ലാഭത്തിനായി മാത്രം യുവാവ് ഭാര്യയെ ഉപയോഗപ്പെടുത്തുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു.

വൈകാരിക ബന്ധമില്ലാതെ സാമ്പത്തിക ലാഭം മാത്രം മുന്നില്‍ കണ്ടുള്ള ഭര്‍ത്താവിന്റെ മനോഭാവം ഭാര്യയില്‍ മാനസിക സമ്മര്‍ദ്ദവും ആഘാതവുമുണ്ടാക്കുമെന്ന് ജസ്റ്റിസ് വിപിന്‍ സംഘി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഭാര്യയുടെ വിവാഹമോചന ഹരജി തള്ളുകയും ഹിന്ദു വിവാഹ നിയമപ്രകാരം കക്ഷികള്‍ തമ്മിലുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ വിസ്സമതിക്കുകയും ചെയ്ത കുടുംബ കോടതി വിധിയും ഹൈക്കോടതി റദ്ദാക്കി.

ഇരു കക്ഷികളും 2005ല്‍ വിവാഹിതരായെങ്കിലും യുവതിക്ക് 2014ല്‍ ദല്‍ഹി പൊലീസില്‍ ജോലി കിട്ടുന്നതുവരെ സ്വന്തം വീട്ടിലേക്ക് ഇയാള്‍ യുവതിയെ കൊണ്ടുപോയിരുന്നില്ല. യുവാവിന് 19 വയസും യുവതിക്ക് 13 വയസും പ്രായമുള്ളപ്പോഴായിരുന്നു വിവാഹം ഉറപ്പിച്ചത്.

ഭര്‍ത്താവ് ജോലിക്ക് പോകാതാവുകയും മദ്യലഹരിയില്‍ ദേഹോപദ്രവമേല്‍പ്പിക്കാന്‍ തുടങ്ങിയതോടെയുമാണ് യുവതി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.

‘രണ്ടുപേര്‍ക്കിടയിലെ അകലം മാനസികസംഘര്‍ഷത്തിനും കുറ്റകൃത്യങ്ങള്‍ക്കും കാരണമാവുമെന്നും, പരാതിക്കാരിയുടെ വാദം ശരിവെക്കുന്നു എന്നും പണത്തിന് വേണ്ടി മാത്രം ഭര്‍ത്താവ് പരാതിക്കാരിയെ ഉപദ്രവിച്ചതായി കണ്ടെത്തിയെന്നും’ കോടതി പറഞ്ഞു.

പരാതിക്കാരിക്ക് ദല്‍ഹി പൊലീസില്‍ ജോലി ലഭിച്ചതിനുശേഷം ഭര്‍ത്താവ് പണത്തിനായി യുവതിയെ ചൂഷണം ചെയ്തിരുന്നെന്നും ഭര്‍ത്താവിന്റെ ഇത്തരം സ്വഭാവം പരാതിക്കാരിയില്‍ മാനസികാഘാതമുണ്ടാക്കിയെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരിയുടെ വിദ്യാഭ്യാസത്തിനായി പണം ചിലവഴിച്ചു എന്ന ഭര്‍ത്താവിന്റെ വാദം തെറ്റാണെന്നും കോടതി പറഞ്ഞു.

2014 വരെ യുവതി മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത് എന്നതിനാല്‍, ‘അവളുടെ ജീവിതത്തിനും വിദ്യാഭ്യാസത്തിനുമുള്ള എല്ലാ ചെലവുകളും വഹിച്ചത് മാതാപിതാക്കളാണ് എന്നത് വ്യക്തമാണ്, മറിച്ച് തെളിയിക്കാനുള്ള ഒരു തെളിവുമില്ലെന്നും കോടതി നിരീക്ഷിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more