കാട്ടിലെ മൃഗങ്ങളും കാടിനരികിലെ മനുഷ്യരും: പരസ്പരം കൊല്ലാതെ ജീവിക്കാന്‍ എന്തുവേണം
Discourse
കാട്ടിലെ മൃഗങ്ങളും കാടിനരികിലെ മനുഷ്യരും: പരസ്പരം കൊല്ലാതെ ജീവിക്കാന്‍ എന്തുവേണം
റംസീന ഉമൈബ
Monday, 27th November 2017, 3:32 pm

കേരളത്തിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ വന്യജീവികളുടെ സാന്നിധ്യവും അതു സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളും അസാധാരണമാംവിധം വര്‍ദ്ധിച്ചിരിക്കുകയാണ്. കടുവയും ആനയുമെല്ലാം കാടിറങ്ങി വരുന്നു എന്ന പരാതിയാലാണ് നാട്ടുകാര്‍ ഈ വിഷയത്തെ സമീപിക്കുന്നതും നേരിടുന്നതും. എന്നാല്‍ വന്യമൃഗങ്ങള്‍ കാടിറങ്ങി നാട്ടിലേക്ക് വരുകയാണോ, അതോ നാട് കാട്ടിലേക്ക് കയറിപ്പോവുകയാണോ ചെയ്തത് എന്ന അടിസ്ഥാന ചോദ്യത്തില്‍ നിന്നാണ് മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെക്കുറിച്ചുള്ള അന്വേഷങ്ങള്‍ ആരംഭിക്കേണ്ടത്.

ഈ ചോദ്യം സ്വയം ചോദിക്കാന്‍ ബാധ്യസ്ഥരായ മനുഷ്യര്‍, ഇത്തരം ചോദ്യങ്ങളുന്നയിക്കാന്‍ ശേഷിയില്ലാത്ത മൃഗങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തി നടത്തുന്ന പ്രകടനങ്ങള്‍ ഈ സംഘര്‍ഷത്തെ ഒരര്‍ത്ഥത്തിലും ലഘൂകരിക്കാന്‍ പോകുന്നില്ല. എവിടെയാണ് പിഴവുകള്‍ സംഭവിച്ചതെന്ന് വിലയിരുത്താനും അതനുസരിച്ച് ജീവിത്തെ ക്രമപ്പെടുത്താനും സഹജപ്രാപ്തിയുള്ള മനുഷ്യര്‍, വന്യമായ വഴക്കങ്ങള്‍ മാത്രമറിയുന്ന മൃഗങ്ങളുടെ വീക്ഷണകോണില്‍ക്കൂടിയും കാര്യങ്ങളെ കാണാന്‍ ശ്രമിക്കുക എന്നത് പ്രശ്‌നപരിഹാരത്തില്‍ അനിവാര്യമായിരിക്കുന്നു.

പക്ഷെ, ഈ വസ്തുത അഭിമുഖീകരിക്കാന്‍ സന്നദ്ധമാകാത്ത നിലവിലെ പരിഹാരമാര്‍ഗ്ഗങ്ങള്‍–കറണ്ട്‌വേലി മുതല്‍ ക•-തില്‍ വരെ–ദുര്‍ബലവും അസ്ഥിരവുമാണെന്ന് അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പരിധികളില്ലാത്ത വികസനം ഭൂവിസ്തൃതിയുടെ പരിമിതികളെ പരിഗണിക്കാതെ വന്നതോടെ വനങ്ങള്‍ ഇന്ന് വലിയതോതില്‍ മനുഷ്യാവശ്യങ്ങള്‍ക്കായി മാറ്റപ്പെടുന്നുണ്ട്. ആഗോളമായ ഈ പ്രതിഭാസത്തിന്റെ പ്രതിഫലനങ്ങള്‍ അത്ര വലിയ തോതിലല്ലെങ്കിലും കേരളത്തിലെ പശ്ചിമഘട്ട മേഖലയിലും വളരെ പ്രകടമാണ്.

 

വനത്തോട്ടങ്ങളുടെയും കൃഷിഭൂമിയുടെയും വിപുലീകരണവും വന്‍ വികസന പദ്ധതികള്‍ക്കായുള്ള തെളിക്കലും വനനിബിഡതയുടെ സാന്ദ്രത കുറച്ചുകൊണ്ടിരിക്കുന്നു. ഒപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന പ്രവചനാതീതമായ പ്രതിസന്ധികളും (വരള്‍ച്ചയും, അതിവൃഷ്ടിയും) കാനനക്രമത്തിന്റെ താളത്തിന് ഭംഗം വരുത്തുന്നു. ഈ അപകടസന്ധിയുടെ ആഴം നമുക്ക് വ്യക്തമാക്കിത്തരുന്ന ഒരു ദുരന്തമായിത്തന്നെ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെ കാണാന്‍ കഴിയണം.

വാസസ്ഥലങ്ങള്‍ മൃഗങ്ങള്‍ക്കുമുണ്ടെന്നും, അത് മനുഷ്യരുടേതുപോലെ മതിലുകെട്ടിത്തിരിച്ച കുടിപ്പാര്‍പ്പുകളല്ലെന്നും മനസ്സില്‍ ഉറപ്പിച്ചുകൊണ്ട് വിഷയത്തിലേക്ക് കടക്കാം.

മനുഷ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂപ്രദേശങ്ങളുടെ വിസ്തൃതി ക്രമാതീതമായി കൂടുമ്പോള്‍ വന്യജീവികളുടെ അതിജീവനത്തിന് ആവശ്യമായ ആവാസവ്യവസ്ഥകള്‍ പരിമിതപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍ ഊന്നിക്കൊണ്ട് മാത്രമേ കേരളത്തിലുടനീളം സംഭവിക്കുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെ മനസ്സിലാക്കാന്‍ കഴിയൂ. വഹനശേഷി പരിഗണിക്കാതെ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ക്കപ്പെടുന്നതിനുള്ള മുഖ്യകാരണം.

അതിരുകളില്ലാതെ വിഹരിച്ചിരുന്ന ഭൂമിക വെട്ടിച്ചുരുക്കപ്പെട്ടതോടെ ഭക്ഷണദൗര്‍ലഭ്യം, ജലക്ഷാമം, സഞ്ചാരപാതാശോഷണം, ഇണചേരാനുള്ള അവസരങ്ങളുടെ അപര്യാപ്തത തുടങ്ങിയ നിരവധി പ്രതിസന്ധികളെ വന്യജീവികള്‍ക്ക് നേരിടേണ്ടതായിവന്നു. നിശ്ചിത പരിധിയ്ക്കു പുറത്തേക്കുള്ള സഞ്ചാര സ്വാതന്ത്ര്യവും ജീവിതക്രമങ്ങളും നഷ്ടപ്പെട്ടതിന്റെ അമര്‍ഷമാണ് മനുഷ്യവാസകേന്ദ്രങ്ങളിലേക്ക് വന്യജീവികള്‍ കാടിറങ്ങി വരുന്നതിന് ഒരു പ്രധാന കാരണം.

വനവിഭവചൂഷണവും കാലാവസ്ഥാവ്യതിയാനവും കാട്ടിനുള്ളിലെ ഭക്ഷ്യ-ജലലഭ്യതയെ പരിമിതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വേനല്‍ക്കാലത്ത് വയനാട് ജില്ലയുമായി അതിരുപങ്കിടുന്ന ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിനുള്ളിലൂടെയൊഴുകുന്ന കബനി നദി വറ്റിവരണ്ടുപോയത് എല്ലാ കാട്ടുമൃഗങ്ങളെയും രൂക്ഷമായി ബാധിച്ചതിന്റെ ചിത്രങ്ങള്‍ നമ്മള്‍ കണ്ടതാണ്.

Image result for KERALA LEOPARD ATTACK

 

ഡക്കാണ്‍ പീഠഭൂമിയോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ ബന്ദിപ്പൂരില്‍ വേനലിന്റെ കാഠിന്യം കൂടും എന്നത് വസ്തുതയാണെങ്കിലും സമീപ ചരിത്രത്തിലൊന്നും ഇല്ലാത്ത തരത്തിലുള്ള ഊഷരതയിലൂടെയാണ് ഈ കാടുകള്‍ കടന്നുപോയത്. ബന്ദിപ്പൂരിനോട് ചേര്‍ന്നു കിടക്കുന്ന വയനാട് വന്യജീവിസങ്കേതത്തിന്റെയും സ്ഥിതി സമാനമായിരുന്നു. ശരിക്കും ഒരു ദുരന്തനിവാരണ സേന ചെയ്യുന്നത്രയും ഭീമമായ തോതിലുള്ള ഇടപെടലുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഈ മേഖലയില്‍ കഴിഞ്ഞ വേനല്‍കാലത്ത് ചെയ്യേണ്ടിവന്നിട്ടുണ്ട്.

ഇത്തരം പുതിയ പ്രതിസന്ധികളെ നേരിടുന്നതിനുള്ള സാങ്കേതികമായ പിന്തുണകളില്ലാതിരിന്നിട്ടും വനം വകുപ്പ് പ്രശ്‌നപരിഹാരങ്ങള്‍ക്ക് ശ്രമിച്ചു എന്നത് വസ്തുതയാണ് (കാട്ടുതീ തടയല്‍ മുതല്‍ കൃത്രിമ തടാകങ്ങള്‍ നിര്‍മ്മിച്ച് അതില്‍ വെള്ളം നിറയ്ക്കല്‍ വരെ). എന്നിരുന്നാലും അതൊന്നും മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കുറയുന്നതിന് കാരണമായിത്തീര്‍ന്നില്ല എന്നാണ് വയനാട്ടില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ജില്ലയില്‍ മണ്‍സൂണ്‍ ദുര്‍ബലമാവുക കൂടി ചെയ്തതോടെ ഈ വേനല്‍ക്കാലം കഴിഞ്ഞനാളുകളേക്കാള്‍ വലിയ ദുരിതങ്ങളാണ് മനുഷ്യര്‍ക്കും വന്യമൃഗങ്ങള്‍ക്കും നല്‍കാന്‍ പോകുന്നതെന്ന് ഉറപ്പായിക്കഴിഞ്ഞു.

വനവിസ്തൃതി കൂടുതലുള്ള വയനാട് ജില്ലയില്‍ മാത്രമല്ല സംഘര്‍ഷം രൂക്ഷമാകുന്നത്. പശ്ചിമഘട്ട മേഖലയിലുടനീളം ജനവാസകേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങിവരുന്നത് പതിവായിരിക്കുകയാണ്. ആറളം, അട്ടപ്പാടി, മണ്ണാര്‍ക്കാട്, മലക്കപ്പാറ, നിലമ്പൂര്‍, മറയൂര്‍, ചിന്നക്കനാല്‍, തുടങ്ങിയ താരതമ്യേന ഉയര്‍ന്ന ജനസാന്ദ്രതയുള്ള പല സ്ഥലങ്ങളിലും വന്യജീവികളുടെ സാന്നിദ്ധ്യം പതിവായിത്തീര്‍ന്നിരിക്കുന്നു.

Image result for MUTHANGA

 

കുടിയേറ്റ കര്‍ഷകര്‍ മുതല്‍ കോളനികളില്‍ കഴിയുന്ന ആദിവാസികള്‍ വരെയുള്ള സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങള്‍ക്ക് പല തീവ്രതകളില്‍ ഈ പ്രശ്‌നം അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. പുല്‍പ്പള്ളി പോലെയുള്ള ഒരു പ്രദേശത്ത് കുടിയേറ്റ കര്‍ഷകരുടെ കൃഷി നശിക്കുകയും ആറളം പോലെ ആദിവാസികളെ പുനരധിവസിപ്പിച്ച സ്ഥലങ്ങളില്‍ പലര്‍ക്കും ജീവന്‍ വരെ നഷ്ടമാവുകയും ചെയ്യുന്ന തരത്തില്‍ പല അടരുകളുള്ള ഒരു പ്രശ്‌നമാണിത്. എന്നിട്ടും വനം വകുപ്പോ സര്‍ക്കാര്‍തന്നെയോ ഈ സങ്കീര്‍ണ്ണ സാഹചര്യത്തെ നേരിടാന്‍ പുതിയതായി ഒരു പദ്ധതികളും ആവിഷ്‌കരിച്ചിട്ടില്ല എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വനം

വകുപ്പ് ഇക്കാര്യത്തില്‍ അവലംബിക്കാന്‍ പോകുന്ന പദ്ധതികളെക്കുറിച്ച് നിയമസഭയില്‍ വനം മന്ത്രി നല്‍കുന്ന വിശദീകരണങ്ങളില്‍ നിന്നും സര്‍ക്കാരിന് ഈ വിഷയത്തിന്റെ സങ്കീര്‍ണ്ണതയെ നേരിടാന്‍ പര്യാപ്തമായ നയപരിപാടികളൊന്നുമില്ല എന്നത് വ്യക്തമാണ്. നിലവിലുള്ളവയെല്ലാം ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. വനാതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ സന്ദേഹത്തെ സങ്കുചിത താത്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ നടക്കുന്ന മാഫിയകളും വനംവകുപ്പിന് എതിരായി ജനവികാരം രൂപപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗമായി മാത്രമാണ് മനുഷ്യ-വന്യജീവി സംഘര്‍ഷത്തെ കാണുന്നത്.

സാമൂഹിക ജീവിതത്തെ പലതലങ്ങളില്‍ ബാധിക്കുന്ന ഒരു പ്രശ്‌നം ഇത്തരത്തില്‍ കുഴഞ്ഞുമറിയുന്ന സാഹചര്യത്തില്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയും ഇടപെടലുകളും അത്യന്താപേക്ഷിതമായിരിക്കുന്നു. എന്താണ് നമുക്ക് ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നത്? ആദ്യം വേണ്ടത് മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള കൃത്യമായ കാരണങ്ങളിലേക്ക് മുന്‍വിധികളില്ലാതെ ഇറങ്ങിച്ചെല്ലുക എന്നതാണ്.

പ്രശ്‌നങ്ങളുടെ തുടക്കം

അനധികൃത മരംമുറിക്കല്‍, യൂക്കാലിപ്റ്റസ്, തേക്ക് എന്നീ ഏകവിളത്തോട്ടങ്ങളുടെ വര്‍ദ്ധനവ്, ഖനനം, അണക്കെട്ട് നിര്‍മ്മാണം തുടങ്ങിയ മാനുഷിക പ്രവര്‍ത്തനങ്ങള്‍ പശ്ചിമഘട്ടത്തിലെ സ്വാഭാവിക വനപരിസ്ഥിതിയെ തകിടംമറിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. ഈ ഇടപെടലുകള്‍ കൂടാതെ മാന്‍, മുയല്‍, മയില്‍ തുടങ്ങിയ ജീവികളുടെമേല്‍ നടത്തുന്ന അമിതമായ വേട്ടയാടലുകളും തൊലി, പല്ല്, കൊമ്പ്, തൂവല്‍ തുടങ്ങിയവയ്ക്കായുള്ള വന്യജീവിക്കച്ചവടങ്ങളും വനത്തിനുള്ളിലെ ജീവശ്രേണിയ്ക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്.

ചുരുക്കത്തില്‍, കാട്ടുതീ, കാലിമേച്ചില്‍, തടിമോഷണം, അശാസ്ത്രീയമായ മരംമുറിക്കല്‍ തുടങ്ങിയ രൂക്ഷമായ ഇടപെടലുകള്‍മൂലം വനമണ്ണ് നഷ്ടപ്പെട്ട് പുനരുത്പാദനരഹിതമായ, ഘടന നഷ്ടപ്പെട്ട, നിര്‍ജ്ജീവമായ വനങ്ങളാണ് കേരളത്തില്‍ ഇന്ന് അവശേഷിക്കുന്നത് എന്നു പറയാം.

Image result for MUTHANGA

 

കുടിയേറ്റം കാടിനോട് ചെയ്തത്

1940കള്‍ മുതലാണ് കേരളത്തിലെ വിവിധ വനമേഖലകളിലേക്ക് വ്യാപകമായ കുടിയേറ്റവും കയ്യേറ്റവും ആരംഭിക്കുന്നത്. മുന്‍കൂട്ടി കണ്ടുവയ്ക്കുന്ന ഭൂമിയില്‍ തീയിട്ട് ഘട്ടംഘട്ടമായി കൃഷിയിടമാക്കിമാറ്റുന്നതായിരുന്നു അന്നത്തെ പതിവ്. മത, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനങ്ങള്‍ ഉപയോഗിച്ച് ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടി, അവയ്ക്ക് പട്ടയം തരപ്പെടുത്തുന്ന പ്രക്രിയ വഴിയാണ് കേരളത്തിന്റെ വലിയൊരുഭാഗം വനഭൂമിയും അപ്രത്യക്ഷമായത്.

ഇടുക്കി, അട്ടപ്പാടി, വയനാട് തുടങ്ങിയ മലപ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം മരച്ചീനി, രാമച്ചം, ഇഞ്ചി, കാപ്പി, വാഴ, ഏലം തുടങ്ങിയ വിളകള്‍ അവിടെ വ്യാപകമാക്കി. ഏതാണ്ട് ഇരുപതിനായിരം ഹെക്ടര്‍വരെ സ്വാഭാവിക വനങ്ങള്‍ ഓരോ വര്‍ഷവും ഇതിനായി വെട്ടിത്തെളിക്കപ്പെട്ടിരുന്നു. മലങ്കൃഷി സമ്പ്രദായം കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണങ്ങള്‍ തിരിച്ചറിഞ്ഞ ഭരണാധികാരികള്‍ ചില വനസംരക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയും വനപ്രദേശങ്ങള്‍ ഒന്നൊന്നായി റിസര്‍വ് വനങ്ങളായി പ്രഖ്യാപിച്ച് സംരക്ഷിക്കുക എന്നത് ആദ്യനടപടിയായി സ്വീകരിക്കുകയും ചെയ്തു.

1882ല്‍ മദ്രാസ് ഫോറസ്റ്റ് ആക്ട് നിലവില്‍ വന്നുവെങ്കിലും ബ്രിട്ടീഷുകാരുടെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമത്തില്‍ പഴുതുകളുണ്ടാക്കി ഭൂരിഭാഗം വനങ്ങളും സ്വകാര്യവ്യക്തികളുടെ കൈവശംതന്നെ നിലനിര്‍ത്തി. കുടിയേറ്റം കേരളത്തിന്റെ ഭൂപരിസ്ഥിതിയില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത് ഇക്കാലത്താണ്.

വനപരിസ്ഥിതിക്ക് പെട്ടെന്ന് നേരിട്ട ആഘാതം കണക്കിലെടുത്താണ് അനിയന്ത്രിതമായ വനനശീകരണം ഒഴിവാക്കുന്നതിനായി 1949ല്‍ ദി മദ്രാസ് പ്രിസര്‍വേഷന്‍ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് (ങജജഎ അര)േ പാസ്സാക്കിയത്. ഈ നിയമപ്രകാരം സ്വകാര്യവനങ്ങള്‍ കൈമാറുന്നതോ സ്വകാര്യവനങ്ങളില്‍നിന്നും മരങ്ങള്‍ മുറിക്കുന്നതോ അതിന് മൂല്യശോഷണം സംഭവിക്കുന്ന രീതിയില്‍ ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതോ ബന്ധപ്പെട്ട ജില്ലാകളക്ടറുടെ മുന്‍കൂട്ടിയുള്ള അനുവാദത്തോടുകൂടിയായിരിക്കണം.

1963ല്‍ കേരള ഭൂപരിഷ്‌കരണ നിയമം(1/1964) സ്വകാര്യവനങ്ങളെ മാറ്റിനിര്‍ത്തിയിരുന്നുവെങ്കിലും ഏതു നിമിഷവും അത് സ്വകാര്യവനങ്ങളെക്കൂടി ബാധിക്കാമെന്ന ആശങ്ക ഭൂഉടമസ്ഥരെ വനങ്ങള്‍ വേഗത്തില്‍ വെട്ടിനിരത്തുന്നതിനും കൃഷിഭൂമിയാക്കുന്നതിനും നിര്‍ബന്ധിച്ചു. ലഭ്യമായ മിച്ചഭൂമി കര്‍ഷകത്തൊഴിലാളികള്‍ക്ക് തികയാതെ വന്നപ്പോള്‍ കാര്‍ഷിക പരിഷ്‌കരണത്തിന്റെ ഭാഗമായി സ്വകാര്യഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരും നിര്‍ബന്ധിതരായി. അങ്ങനെ 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്റ് അസൈന്‍മെന്റ്) ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചുകൊണ്ട് സംസ്ഥാനത്തെ സ്വകാര്യവനങ്ങള്‍കൂടി സര്‍ക്കാര്‍ ഏറ്റെടുത്തു.

എന്നാല്‍ ഇതിന്റെ ഭരണഘടനാപരമായ സാധ്യതകളെ ചോദ്യംചെയ്തുകൊണ്ട് “ഗ്വാളിയോര്‍ റയോണ്‍സ് സില്‍ക് മാനുഫാക്ചറിംഗ്(വീവിംഗ്) കമ്പനി ലിമിറ്റഡ്” -ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ വനനിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ വനപ്രദേശങ്ങള്‍ പൊതുവെ കൃഷിഭൂമികളായി കണക്കാക്കുവാന്‍ സാധ്യമല്ലെന്നും കാര്‍ഷിക പരിഷ്‌കരണത്തിന്റെ ഭാഗമാക്കരുതെന്നും ഹൈക്കോടതി തീര്‍ത്തു പറഞ്ഞു. ഇത് കൂടുതല്‍ മരങ്ങള്‍ മുറിക്കുന്നതിന് സ്വകാര്യവന ഉടമസ്ഥരെ പ്രോത്സാഹിപ്പിച്ചു. പ്രസ്തുത സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും 1973ലെ ഹൈക്കോടതി ഉത്തരവുപ്രകാരം പ്രതിഫലം നല്‍കാതെ വനഭൂമികള്‍ ഏറ്റെടുക്കുന്നത് ഭരണഘടനാവിരുദ്ധമല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. അങ്ങനെയാണ് കേരള വനനിയമം പ്രാബല്യത്തില്‍ വന്നത്.
വനങ്ങളുടെ അതിര്‍ത്തി സ്ഥിരമായി അടയാളപ്പെടുത്താതിരുന്നതാണ് വനം കൈയ്യേറ്റത്തിന് മുഖ്യമായും പ്രചോദനം നല്‍കിയത്. കേരള വനനിയമപ്രകാരം അതിരുകളില്‍ സര്‍വ്വേക്കല്ലുകള്‍ സ്ഥാപിച്ചിരുന്നെങ്കില്‍ക്കൂടിയും സ്ഥിരം ജണ്ടകള്‍ സ്ഥാപിക്കുവാനോ പുതിയ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാനോ വനംവകുപ്പിന് കഴിയാതെപോയി എന്നതും കേരളത്തില്‍ കയ്യേറ്റഭൂമിയുടെ വിസ്തൃതി വര്‍ദ്ധിക്കാന്‍ കാരണമായിത്തീര്‍ന്നു. കുടിയേറ്റവും കയ്യേറ്റവും തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും നിബിഡവനങ്ങള്‍ തെളിക്കപ്പെട്ടതിന്റെ പാരിസ്ഥിതിക അസന്തുലിതാവസ്ഥകള്‍ കേരളത്തിലുടനീളം അനുഭവപ്പെട്ടു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. വന്യജീവികള്‍ക്ക് കാടിറങ്ങേണ്ടി വരുന്നതും ഈ തകര്‍ച്ചയുടെ ഒരു തുടര്‍ച്ചയായി തന്നെ വിലയിരുത്താം.

വനത്തോട്ടങ്ങളുടെ വിപുലീകരണം

വനവിഭവങ്ങള്‍ ശേഖരിക്കാനും വിറകെടുക്കാനും കാലിമേയ്ക്കാനും കാടിനെ ആശ്രയിച്ചിരുന്ന ആദിവാസി ജനതയുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് കൊളോണിയല്‍ ശക്തികള്‍ വനത്തിന് മുകളില്‍ അധികാരം സ്ഥാപിച്ചത്. തോട്ടങ്ങള്‍ക്കും നാണ്യവിളകള്‍ക്കും ഭൂമി ലഭ്യമാക്കുവാന്‍ കൊളോണിയല്‍ അധികാരികളും ജ•ികളും വനഭൂമി വലിയ തോതില്‍ വെട്ടിവെളുപ്പിച്ചു. വന്യജീവികളുടെ ആവാസവ്യവസ്ഥയില്‍ വലിയരീതിയിലുള്ള നഷ്ടമുണ്ടായത് ഈ തോട്ടവത്കരണത്തിലൂടെയാണ്.

സ്വാതന്ത്രാനന്തരവും സര്‍ക്കാരും വനംവകുപ്പും ഈ സമീപനം തുടരുകയായിരുന്നു. വനത്തെ സാമ്പത്തിക വര്‍ദ്ധനവിനുള്ള ഉപാധിയായി മാത്രം കണ്ടിരുന്ന വനപരിപാലന പദ്ധതികളാണ് കേരള വനംവകുപ്പിന് ആദ്യനാളുകളിലുണ്ടായിരുന്നത്. പശ്ചിമഘട്ട മലനിരകളിലെ നിത്യഹരിതവനങ്ങളില്‍ നിന്നും ആയിരകണക്കിനേക്കര്‍ ഭൂമിയാണ് ഓരോ വര്‍ഷവും തോട്ടം വിപുലീകരണത്തിനായി മാത്രം വനംവകുപ്പ് വെട്ടിവെളുപ്പിച്ചെടുത്തിരുന്നത്.

ആദ്യകാലങ്ങളില്‍ തേക്ക്, കാപ്പി, തേയില, ഇഞ്ചി, ഏലം തുടങ്ങിയ നാണ്യവിളകള്‍ക്കായും പിന്നീട് യൂക്കാലി, അക്വേഷ്യ, മഹാഗണി തുടങ്ങിയ ഏകവിള തോട്ടങ്ങള്‍ക്കായും ഭൂരിഭാഗം വനമേഖലകളും നിരത്തപ്പെട്ടു. നൈസര്‍ഗിക വനങ്ങള്‍ പിഴുതുമാറ്റി സാമൂഹ്യവനവത്കരണ പദ്ധതിയെന്ന ലേബലില്‍ കൂടുതല്‍ വിദേശ വൃക്ഷങ്ങള്‍ നടുകയും ചെയ്തു. വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ സസ്യങ്ങള്‍ മണ്ണിലെ ജലാംശം ഊറ്റിയെടുക്കുകയും ഹരിതവനങ്ങളെ കൊടും വരള്‍ച്ചയിലേക്ക് തള്ളിവിടുകയും ചെയ്തു.

 

കാടിന്റെ ജൈവികത നഷ്ടപ്പെട്ടു തുടങ്ങുന്നുവെന്ന് വനം വകുപ്പ് തിരിച്ചറിഞ്ഞപ്പോള്‍ ഏറെ വൈകിയിരുന്നു. വനം വകുപ്പിന്റെ തോട്ടങ്ങള്‍ കൂടാതെ കേരളത്തിലെ വനപ്രദേശങ്ങളുടെ വലിയൊരു ഭാഗം സ്വകാര്യതോട്ടങ്ങളും കൈവശപ്പെടുത്തിയിരിക്കുന്നു. ടാറ്റ, ഹാരിസണ്‍ മലയാളം തുടങ്ങിയ കുത്തകകള്‍ കൈയ്യടക്കി വെച്ചിരിക്കുന്ന ഏക്കറു കണക്കിന് തോട്ടങ്ങള്‍ ഒരു കാലത്ത് നൈസര്‍ഗിക വനങ്ങളായിരുന്നു. മൂന്നാര്‍ പോലെയുള്ള പ്രദേശത്ത് ടാറ്റയുടെ പല തോട്ടങ്ങള്‍ക്കിടയിലായി സ്വാഭാവിക വനം മുറിഞ്ഞുപോയിരിക്കുന്നു.

തേയില ഫാക്ടറികളിലേക്ക് ആവശ്യമായ വിറകുമരം കൃഷി ചെയ്യുന്നതിന്റെ ഭാഗമായി വനം വെട്ടിത്തെളിച്ച് ഇവര്‍ ഗ്രാന്‍ഡിസ് പോലെയുള്ള മരങ്ങള്‍ ധാരാളം വച്ചുപിടിപ്പിച്ചിട്ടുമുണ്ട്. എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് കൂലിക്ക് പകരമായി വിറക് കൊടുക്കുന്ന രീതി വരെ ടാറ്റയുടെ തോട്ടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ നാണ്യവിളകളെ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നടത്തിയ തോട്ടവത്കരണം തിരിച്ചുപിടിക്കാന്‍ കഴിയാത്തവിധം പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക വ്യവസ്ഥയെ ശിഥിലമാക്കി. വന്യജീവികള്‍ കാടു വിട്ടറങ്ങേണ്ടി വരുന്നതിന് പിന്നില്‍ ഈ തോട്ടങ്ങള്‍ വഹിക്കുന്ന പങ്ക് തിരിച്ചറിഞ്ഞുകൊണ്ട് എന്താണ് ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നത് എന്ന് ആലോചിക്കണം.

സസ്യങ്ങളുടെ അധിനിവേശം

വിവേചനരഹിതമായി മരങ്ങള്‍ മുറിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതുമൂലം മണ്ണൊലിപ്പ് രൂക്ഷമാവുകയും വൃക്ഷസമ്പത്ത് ചുരുങ്ങുകയും ചെയ്യുന്നത് ഒരുപാട് ജീവികളെ പ്രതിസന്ധിയിലാഴ്ത്തുന്നുണ്ട് എന്ന തിരിച്ചറിവില്‍ നിന്നും രൂപപ്പെട്ട നിയമമാണ് വൃക്ഷസംരക്ഷണ നിയമം (കേരള പ്രിസര്‍വേഷന്‍ ഓഫ് ട്രീസ് ആക്ട്, 1986). ഈ നിയമത്തിലെ വൃക്ഷത്തിന്റെ നിര്‍വ്വചനത്തില്‍ ചന്ദനം, തേക്ക്, ചെമ്പകം, ചടച്ചി, ഈട്ടി, തുടങ്ങിയ പത്തിനം സസ്യങ്ങളെ ഉള്‍പ്പെടുത്തുകയും പ്രസ്തുത മരങ്ങള്‍ അനുമതി കൂടാതെ മുറിക്കുകയോ കടപുഴക്കി എടുക്കുകയോ തീ വയ്ക്കുകയോ ചെയ്യുന്നത് കര്‍ശനമായി നിരോധിക്കുകയും ചെയ്തു.

എന്നാല്‍, വൃക്ഷസംരക്ഷണത്തിനായി നിയമം കൊണ്ടുവന്ന ഇതേ സര്‍ക്കാര്‍ തന്നെയാണ് ക്ലിയര്‍ ഫെല്ലിംഗ്, സെലക്ഷന്‍ ഫെല്ലിംഗ്, ഫൈനല്‍ ഫെല്ലിംഗ്, സോഷ്യല്‍ ഫോറസ്ട്രി തുടങ്ങിയ പേരുകളില്‍ വലിയതോതില്‍ വനവൃക്ഷങ്ങള്‍ മുറിച്ചുമാറ്റിയത്. ശാസ്ത്രീയമായ തത്വങ്ങള്‍ പാലിക്കാതെയുള്ള അടച്ചുമുറിക്കലും തിരഞ്ഞുമുറിക്കലും വന്യജീവികളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു.

ഇങ്ങനെ അടച്ചുമുറിക്കലിനും തിരഞ്ഞുമുറിക്കലിനും ഇടമാക്കപ്പെട്ട വനമേഖലകളില്‍ പടര്‍ന്നു പന്തലിക്കുന്ന അധിനിവേശ സസ്യങ്ങളാണ് വനത്തേയും വന്യജീവികളേയും അനിശ്ചിതത്തിലാക്കുന്ന മറ്റൊരു കാര്യം. കൊളോണിയല്‍ കാലഘട്ടത്തില്‍ തന്നെ കേരളത്തിന്റെ കാടകങ്ങളിലും തുറസ്സുകളിലും വയലുകളിലും പുല്‍മേടുകളിലുമെല്ലാം നിരവധി വിദേശി, പരദേശി സസ്യങ്ങള്‍ പടര്‍ന്നു പന്തലിക്കാന്‍ തുടങ്ങി. പുല്‍മേടുകളിലേക്കും വനനിബിഡമേഖലകളിലേക്കുമുള്ള ഈ അതിക്രമിച്ചുകയറല്‍ അവിടുത്തെ സ്വാഭാവിക ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും വന്യജീവികള്‍ നൈസര്‍ഗികമായി ആശ്രയിച്ചിരുന്ന സസ്യജാലങ്ങള്‍ ഇല്ലാതാവുകയും ചെയ്തു.

Image result for WILD LIFE GAVI

 

ഇത് അവയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന സസ്യഭുക്കുകളായ ജന്തുസമൂഹത്തെ പ്രതിസന്ധിയിലാക്കി. വന്യജീവികളുടെ ഭക്ഷണലഭ്യതയുടെ കാര്യത്തില്‍ സാരമായ ഇടിവാണ് അധിനിവേശ സസ്യങ്ങള്‍ വരുത്തിയത്. അരിപ്പൂ, കമ്മ്യൂണിസ്റ്റ് പച്ച, ധൃതരാഷ്ട്ര പച്ച, മഞ്ഞക്കൊന്ന, കുടമരം എന്നിങ്ങനെ 82 ല്‍ പരം സസ്യവര്‍ഗ്ഗങ്ങളാണ് കേരളത്തിന്റെ വിവിധ വന-വനേതര മേഖലകളിലായി കാണപ്പെടുന്നത്. ഇവയെ ഭക്ഷിക്കുന്ന ജീവിവര്‍ഗ്ഗങ്ങള്‍ കുറവായതുകൊണ്ട് തന്നെ ഇവയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്.

മറ്റു സസ്യവര്‍ഗ്ഗങ്ങളെ പുറന്തള്ളിക്കൊണ്ട് അധിനിവേശ സസ്യങ്ങള്‍ സൃഷ്ടിക്കുന്ന ആവാസവ്യവസ്ഥകളെക്കുറിച്ച് സമീപകാലത്താണ് വനംവകുപ്പിനും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ബോധ്യം വന്നത്. സ്വാഭാവിക ആവാസവ്യവസ്ഥയുടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുത്തുന്നതിലൂടെ മറ്റു സേവനങ്ങളെ ദുര്‍ബലപ്പെടുത്താനും ഇത്തരം വിദേശസസ്യങ്ങള്‍ക്ക് നിഷ്പ്രയാസം സാധിക്കുന്നു. കേരളത്തിന്റെ ജൈവവൈവിധ്യത്തെ വെല്ലുവിളിച്ചുകൊണ്ടും സ്വാഭാവിക സസ്യങ്ങളെ ഇല്ലാതാക്കികൊണ്ടും പടര്‍ന്നു പിടിക്കുന്ന ഇത്തരം സസ്യയിനങ്ങളെ കഴിയാവുന്നത്ര വേഗത്തില്‍ പിഴുതുകളയുകയാണ് വേണ്ടത്. രൂക്ഷമാകുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളില്‍ അധിനിവേശ സസ്യങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് കേരളം വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ വളരെ അടിയന്തിരമായ വിലയിരുത്തലുകളും ഇടപെടലുകളും ഉണ്ടാകേണ്ടതുണ്ട്.

കത്തുന്ന കാടുകള്‍

കേരളത്തിലെ വനപരിസ്ഥിതി നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം കാട്ടുതീയാണ്. വേനല്‍കാലത്ത്, വനങ്ങളില്‍ (പ്രത്യേകിച്ച് തോട്ടങ്ങളിലും ഇലകൊഴിയും വനങ്ങളിലും) കാട്ടുതീ ഒരു സാധാരണ സംഭവമായിത്തീര്‍ന്നിരിക്കുന്നു. പുല്‍മേടുകളും മുളങ്കാടുകളും ഉണങ്ങുന്നതുവഴിയും തീപടരുമെന്നതിനാല്‍ മനുഷ്യനിര്‍മ്മിത കാട്ടുതീയെ കുറിച്ച് അധികം ചര്‍ച്ചകളുണ്ടാകാറില്ല. കാട്ടുതീ സ്വാഭാവികമായ ഒരു പ്രക്രിയയായി കണ്ടിരുന്ന ആദിവാസികളും മറ്റും ഇന്ന് ഏറെ ഭയത്തോടെയാണ് അതിനെ നേരിടുന്നത്. അസ്വാഭാവികവും അപ്രതീക്ഷിതവുമായ കാട്ടുതീയെ വന്യജീവികളെയും ആദിവാസികളെയും ഒരുപോലെ ഭയത്തിലാഴ്ത്തുന്നു.

റോഡുകളും കുടിയേറ്റങ്ങളും കൈയ്യേറ്റങ്ങളും ഏകമരത്തോട്ടങ്ങളും കൃഷിയിടങ്ങളുമൊക്കെ വ്യാപിപ്പിക്കുന്നതിനായി കാട് തീയിട്ട് തരിശാക്കി ആവശ്യാനുസരണം ഭൂമി തരപ്പെടുത്തിയെടുക്കുന്ന രീതി കേരളത്തിലുടനീളം നിലനിന്നിരുന്നു. വ•-രങ്ങളെ റെയില്‍വെ സ്ലീപ്പറുകള്‍ക്കോ പ്ലൈവുഡ് വ്യവസായത്തിനോ മുറിച്ചുപോന്നിരുന്ന തിരഞ്ഞു മുറിക്കല്‍ സമ്പ്രദായം വൃക്ഷത്തലപ്പുകളുടെ തുടര്‍ച്ച നഷ്ടപ്പെടുത്തുകയും ത•ൂലം നിത്യഹരിതവനങ്ങള്‍ വരണ്ട് ഇലപൊഴിയും കാടുകളായി മാറിയതും കാട്ടുതീയെ ത്വരിതപ്പെടുത്തി.

Image result for CHEMBRA FIRE

വളരെ വലുപ്പവും പഴക്കവുമുള്ള മരങ്ങള്‍ നിഷ്പ്രയാസം കത്തിത്തീരുന്നു. കത്തിപ്പോയാലുണ്ടാകുന്ന മരങ്ങളുടെ സാമ്പത്തികനഷ്ടം മാത്രം കണക്കാക്കപ്പെടുകയും ജൈവവൈവിധ്യനാശത്തെ കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനങ്ങളാണ് നമുക്കുള്ളത്. കാലാകാലങ്ങളില്‍ കാട്ടുതീ വഴി വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്കുണ്ടായ നാശനഷ്ടത്തെക്കുറിച്ച് വ്യക്തമായ ഒരു കണക്കെടുപ്പുപോലും നമ്മള്‍ നടത്തിയിട്ടില്ല.

കാട്ടിലെ ജൈവവൈവിധ്യത്തിന്റെ അടിസ്ഥാനം മണ്ണായതിനാല്‍ കാട്ടുതീ മൂലമുണ്ടാകുന്ന മണ്ണിന്റെ ശോഷണവും വലിയ നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. മണ്ണിലെ സൂക്ഷ്മജീവികളെയും പൂപ്പലുകളെയും ബാക്ടീരിയകളെയുമെല്ലാം ഈ പ്രക്രിയ ഇല്ലാതാക്കുന്നു. സസ്യ ആവാസവ്യവസ്ഥയെ ആശ്രയിച്ച് കഴിയുന്ന നിരവധി ജന്തുക്കളെ കാട്ടുതീ കൊന്നുടുക്കുന്നു.

മണ്ണിലെ ജൈവാംശം പുകയായി ഉയര്‍ന്ന് അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കൂട്ടുകയും അതുവഴി കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കാട്ടുതീ സൃഷ്ടിക്കുന്ന ആവാസവ്യവസ്ഥയുടെ താളംതെറ്റല്‍ മൂലം ഭക്ഷ്യക്ഷാമം, വരള്‍ച്ച, ഇണയില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന ജീവികളുടെ അവസ്ഥ അതി കഠിനമാണ്. മിക്കയിടങ്ങളിലും, സ്വന്തം ആവാസകേന്ദ്രമുപേക്ഷിച്ച് മറ്റൊരിടം കണ്ടെത്താന്‍ വന്യജീവികള്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഈ പലായനങ്ങള്‍ അവരെ മനുഷ്യവാസ കേന്ദ്രങ്ങളിലേക്കും എത്തിക്കുന്നു. മറ്റു രാജ്യങ്ങളിലെല്ലാം കാട്ടുതീ നിയന്ത്രണത്തിനായി നവസാങ്കേതികതകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. കേരളത്തിന്റെ പ്രത്യേകമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അത്തരം നിയന്ത്രണ സംവീധാനങ്ങള്‍ പരിമിതപ്പെട്ടുതന്നെയാണ് കിടക്കുന്നത്.

കൂടുന്ന മനുഷ്യസാന്നിധ്യം

സംരക്ഷിത വനപ്രദേശങ്ങള്‍ക്ക് അകത്തും സമീപത്തും വര്‍ദ്ധിച്ചുവരുന്ന മനുഷ്യസാന്നിദ്ധ്യവും അതിവേഗം മാറുന്ന ജീവിതരീതികളും മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ തീവ്രത വര്‍ധിപ്പിക്കുകയാണ്. വന്യജീവികളുടെ സൈ്വര്യവിഹാരകേന്ദ്രങ്ങളിലേക്ക് മനുഷ്യവാസം പരിധിയില്ലാതെ കടന്നുകയറാന്‍ തുടങ്ങിയത് എല്ലാക്കാലത്തും സംഘര്‍ഷങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നിട്ടുണ്ടെന്ന് ചരിത്രം കാണിച്ചുതരുന്നുണ്ട്.

എന്നാല്‍ വന്യജീവികളുടെ നിരന്തര സാമീപ്യമുള്ള പ്രദേശങ്ങളില്‍ പോലും മനുഷ്യരും മൃഗങ്ങളും സഹവസിച്ചതിനെക്കുറിച്ചും അതേ ചരിത്രത്തില്‍ തന്നെ തെളിവുകള്‍ കാണാന്‍ കഴിയും. മനുഷ്യര്‍ അവരുടെ ഭൗതികാവശ്യങ്ങളെ വിപുലീകരിച്ചതിനൊപ്പം നഷ്ടമായിപ്പോയത് ഈ സഹജീവനശേഷിയാണ്. വനമേഖലകളില്‍ മനുഷ്യവാസം കൂടിവന്നതോടെ സഹജീവനത്തിന്റെ ശീലങ്ങള്‍ സമൂഹത്തില്‍ നിന്നും പൂര്‍ണ്ണമായും അകന്നുപോയി.

Image result for MAN IN KERALA FOREST

 

വന്യമൃഗങ്ങളെ മാത്രമല്ല, വനവിഭവങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ഗോത്രസമൂഹങ്ങളെയും വനാതിര്‍ത്തികളിലെ ജനപ്പെരുപ്പം പ്രതിസന്ധിയിലാക്കി. പ്രധാനമായും, അതിജീവനത്തിനായി കാടിനെ ആശ്രയിക്കുന്നവരും വികസനാവശ്യങ്ങള്‍ക്കായി കാടിനെ ആശ്രയിക്കുന്നവരും തമ്മിലുള്ള അന്തരം തന്നെയാണ് നിലവിലെ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളിലെല്ലാം പ്രകടമായി നില്‍ക്കുന്നത്. പുതിയ മനുഷ്യ സെറ്റില്‍മെന്റുകള്‍ വനത്തിനുള്ളില്‍ തുടങ്ങുന്നതും ഉള്ളവയുടെതന്നെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതും നിയമാനുസരണം അനുവദനീയമല്ലാതിരുന്നിട്ടുപോലും സെറ്റില്‍മെന്റുകളുടെ എണ്ണം ഇപ്പോഴും ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും ആദിവാസികളുടേതിനേക്കാള്‍ ഇതര സമൂഹങ്ങളുടെ വാസസ്ഥലങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്.

ആദിവാസികളെ ഓരങ്ങളിലേക്ക് മാറ്റിനിര്‍ത്തിയും അവരുടെ സമാധാനജീവിതത്തില്‍ കടന്നുകയറിയുമാണ് സമതലവാസികളായ കുടിയേറ്റക്കാര്‍ തങ്ങളുടെ അധികാരം സ്ഥാപിച്ചെടുത്തത്. ആദിവാസികളോടും കാടിനോടും ചെയ്ത അനീതികളില്‍ നിന്നും സമാഹരിച്ച മൂലധനമാണ് കുടിയേറ്റത്തിന്റെ അടിത്തറ. വനത്തിനോടും വന്യജീവികളോടുമുള്ള കുടിയേറ്റ ജനതയുടെ സമീപനം ഏറെ അന്യവത്കരിക്കപ്പെട്ട ഒന്നായിത്തീരാനുള്ള കാരണവും ഇതാണ്.

ആദ്യകാല കുടിയേറ്റക്കാരുടെ രണ്ടാം തലമുറയിലേക്ക് പോലും ഈ അന്യവത്കകൃത ബോധം കടന്നുകയറിയിട്ടുണ്ട്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേരളത്തിലെ കുടിയേറ്റ മേഖലകളില്‍ രൂപപ്പെട്ട പ്രതിഷേധങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങള്‍ നമ്മള്‍ കണ്ടതാണ്. പാരിസ്ഥിതികമായി ദുര്‍ബലമായ ഒരു ഭൂപ്രദേശത്താണ് വസിക്കുന്നതെന്ന ബോധ്യത്തില്‍ നിന്നും സ്വരൂപിക്കേണ്ട അടിസ്ഥാനശീലങ്ങളെപ്പോലും അവര്‍ നിര്‍ദയം തള്ളിക്കളയുകയാണ്. അടഞ്ഞതും അയുക്തികവുമായ ഈ സമീപനം മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെ കുടിയേറ്റ ജനത നേരിടുന്ന രീതികളിലും പ്രകടമാണ്.

കന്നുകാലി മേയ്ക്കല്‍

വനമേഖലകളോട് ചേര്‍ന്നു നടത്തുന്ന കന്നുകാലി മേയ്ക്കലാണ് വന്യജീവി സംഘര്‍ഷത്തിന് കാരണമായിത്തീരുന്ന മറ്റൊരു കാര്യം. മലയോരമേഖലയില്‍ കന്നുകാലി വളര്‍ത്തല്‍ പല കുടുംബങ്ങളുടെയും ഒരു പ്രധാന വരുമാനമാര്‍ഗ്ഗമാണ്. വനത്തിനകത്തും അടുത്തും താമസിക്കുന്നതിനാല്‍ത്തന്നെ കന്നുകാലികളെ കാട്ടിനുള്ളില്‍ മേയ്ക്കുന്നത് ഇവിടെ പതിവാണ്. ഇത് വനസസ്യങ്ങളുടെ സമ്പൂര്‍ണ്ണ നാശത്തിനും തുടര്‍ച്ച നഷ്ടപ്പെടുന്നതിനും കാരണമായിട്ടുണ്ട്. വന സംരക്ഷണമേഖലകളില്‍ കന്നുകാലി മേയ്ക്കല്‍ നിരോധിക്കപ്പെട്ടിരുന്നിട്ടുകൂടിയും പലഭാഗങ്ങളിലും ആയിരകണക്കിന് കന്നുകാലികളാണ് തീറ്റതേടിയെത്തുന്നത്.

Image result for shepherdS IN KERALA FOREST

 

വനം വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം, വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രം ഏകദേശം 25,000 ത്തിലധികം കന്നുകാലികളാണ് (ആട്, പശു) ദിനംപ്രതി തീറ്റതേടിയെത്തുന്നത് എന്ന കണക്കു തന്നെ ഇതിന്റെ തീവ്രത വ്യക്തമാക്കുന്നു. പല ആദിവാസി കുടുംബങ്ങളിലും കണ്ടുവരുന്ന കന്നുകാലികളുടെ യഥാര്‍ത്ഥ ഉടമകള്‍ ആദിവാസിയേതരര്‍ ആണ്. ആദിവാസികളുടേതെന്ന പേരില്‍ വനത്തിനകത്ത് അവര്‍ക്കു ലഭിക്കുന്ന സര്‍വ്വ ആനുകൂല്യങ്ങളും ഇളവുകളും ഉപയോഗപ്പെടുത്തികൊണ്ട് തുച്ഛമായ നോക്കുകൂലി മാത്രം നല്‍കിയാണ് ആദിവാസിയേതരര്‍ കന്നുകാലികളെ വളര്‍ത്തുന്നത്. കന്നുകാലി മേക്കലിലൂടെയുണ്ടാകുന്ന വനശോഷണം നിര്‍ണ്ണയിക്കപ്പെടാതിരിക്കുന്നിടത്തോളം കാലം ഭക്ഷണ ദൗര്‍ലഭ്യമനുഭവപ്പെടുന്ന വന്യജീവികള്‍ വനമിറങ്ങി മനുഷ്യവാസ കേന്ദ്രങ്ങളിലേക്കും വളര്‍ത്തുമൃഗങ്ങളിലേക്കും എത്തുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട.

ടെററിസമാകുന്ന ടൂറിസം
ആഗോള ടൂറിസം ഭൂപടത്തില്‍ ഇടം നേടിയിട്ടുള്ള കേരളത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത് പശ്ചിമഘട്ട മേഖലകളിലാണ്. സംരക്ഷിത വനവുമായോ വനാതിര്‍ത്തികളുമായോ പലവിധത്തിലും വിനോദസഞ്ചാരം ബന്ധപ്പെട്ടു കിടക്കുന്നു. കേരളത്തിന്റെ മാറുന്ന ജീവിതശൈലിയും യാത്രാസംവിധാനങ്ങളുടെ വര്‍ദ്ധനവും ഹരിതാഭമായ വനപ്രദേശങ്ങളിലെല്ലാം സഞ്ചാരികളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയാണ്. പരിസ്ഥിതി ലോലമായ ഈ പ്രദേശങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനേക്കാള്‍ ജനക്കൂട്ടം ഇപ്പോള്‍ ഇവിടങ്ങളില്‍ എത്തിച്ചേരുന്നുണ്ട്.

വനംവകുപ്പ് തന്നെ നേരിട്ട് വനപരിസ്ഥിതിക്ക് ദോഷമാകുന്ന തരത്തിലുള്ള ടൂറിസം പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നുമുണ്ട്. കാട്ടിനുള്ളിലേക്കും ഓരത്തേക്കുമുള്ള സഞ്ചാരികളുടെ അതിരുകവിഞ്ഞ കടന്നുകയറല്‍ വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരത്തെ തടസ്സപ്പെടുത്തുന്നുണ്ട്. വാഹനങ്ങള്‍ കാരണമുണ്ടാകുന്ന മലിനീകരണം, വനപാതകളിലൂടെയുള്ള ക്രമാതീതമായ വാഹനസഞ്ചാരം, വാഹനാപകടം മൂലമുള്ള മൃഗമരണങ്ങള്‍ എന്നിവയും വര്‍ദ്ധിച്ചുവരുകയാണ്.

ടൂറിസ്റ്റുകളുടെ എണ്ണത്തിനൊപ്പം പെരുകുന്ന റിസോര്‍ട്ടുകളും കാടിന്റെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു. മൂന്നാര്‍ പോലെയുള്ള മേഖലയില്‍ റിസോര്‍ട്ട് വ്യവസായം വളര്‍ച്ച പ്രാപിച്ചതിന്റെ ഫലമായുണ്ടായ പാരിസ്ഥിതിക ദുരന്തങ്ങളും അതുവഴി ശക്തിപ്പെട്ട ഭൂമാഫിയ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും നമ്മള്‍ കണ്ടതാണ്. സവിശേഷശ്രദ്ധ മൂന്നാറിലെ വിഷയങ്ങള്‍ക്ക് ലഭിച്ചെങ്കിലും മിക്ക വിനോദ സഞ്ചാരകേന്ദ്രങ്ങളിലും റിസോര്‍ട്ട് നിര്‍മ്മാണങ്ങള്‍ക്ക് വേണ്ടിയുള്ള ഭൂമി കയ്യേറ്റങ്ങള്‍ (വനം ഉള്‍പ്പെടെ) അനസ്യൂതം നടന്നുകൊണ്ടിരിക്കുകയാണ്.

വന്യജീവികളുടെ സ്വാഭാവിക ഇടങ്ങള്‍ ചുരുങ്ങിപ്പോകുന്നതിന് ഇതും കാരണമായിട്ടുണ്ട്. ചില റിസോര്‍ട്ടുകളും ടൂറിസം ഏജന്‍സികളും വാഗ്ദാനം ചെയ്യുന്ന “ടൈഗര്‍ ട്രെയില്‍ ട്രക്കിംഗ്” (കടുവയെ പിന്തുടര്‍ന്ന് ജീപ്പ് പോലുള്ള വാഹനങ്ങളില്‍ കാട്ടിനുള്ളിലേക്ക് പോകുന്ന നിയമവിരുദ്ധ പ്രവര്‍ത്തനം. തിരുനെല്ലി ഭാഗത്ത്ഇത് വ്യാപകമായി നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു) സാഹസിക ടൂറിസം രീതികള്‍ നേരിട്ടു തന്നെ വന്യജീവികള്‍ക്ക് ഭീഷണിയായി മാറുന്നു.
പരിഹാരമാണോ ഈ പരിഹാരങ്ങള്‍?

Related image

 

മനുഷ്യ-വന്യജീവി സംഘര്‍ഷം പരിമിതപ്പെടുത്തുന്നതിനായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ കിടങ്ങുനിര്‍മ്മാണം (ട്രഞ്ച്), ഇലക്ട്രിക്കല്‍ ഫെന്‍സിംഗ്, സോളാര്‍ ഫെന്‍സിംഗ്, റെയില്‍ ഫെന്‍സിംഗ്, മതിലുകെട്ടല്‍ തുടങ്ങിയ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നുണ്ടെങ്കിലും നിലവിലെ സംഘര്‍ഷാവസ്ഥകള്‍ ലഘൂകരിക്കുന്നതിന് ഇവ പര്യാപ്തമാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പ്രധാനമായും ആനയെ പ്രതിരോധിക്കുന്നതിനു വേണ്ടിയാണ് കിടങ്ങുകള്‍ നിര്‍മ്മിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച് തിരഞ്ഞെടുക്കേണ്ട കിടങ്ങുകുഴിക്കല്‍ എന്ന പരിഹാരം, ബോധ്യക്കുറവുകൊണ്ട് അനുയോജ്യമല്ലാത്ത സ്ഥലങ്ങളില്‍ പരീക്ഷിച്ച് പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ് വനം വകുപ്പ്. ഭൂമിശാസ്ത്ര-പാരിസ്ഥിതിക ഘടകങ്ങള്‍ പരിഗണിക്കാതെയുള്ള കിടങ്ങുകുഴിക്കല്‍ കാരണം ചിലയിടങ്ങളില്‍ ജലക്ഷാമം അനുഭവപ്പെടുകയും, ജലലഭ്യതയുള്ള സ്ഥലങ്ങളില്‍ മണ്ണൊലിപ്പ് വര്‍ധിക്കുകയും ചെയ്തു.

കേരളത്തില്‍ വ്യാപകമായി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു മാര്‍ഗ്ഗം ഇലക്ട്രിക് ഫെന്‍സിംഗ് ആണ്. വിദ്യുത്ച്ഛക്തി ഉപയോഗിച്ച് വേലികള്‍കെട്ടി കൃഷിയിടവും പുരയിടവും സംരക്ഷിച്ചുനിര്‍ത്തുന്ന ഇലക്ട്രിക് ഫെന്‍സിംഗ് രീതി പ്രകാരം നിശ്ചിത അളവിലുള്ള വൈദ്യുതി കമ്പിവേലികളിലൂടെ സദാ പ്രസരിച്ചുകൊണ്ടേയിരിക്കുകയും അതുമുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന ജീവികള്‍ക്ക് ഷോക്കേല്‍ക്കുമ്പോള്‍ ആ ശ്രമം ഉപേക്ഷിച്ച് അവ പിന്തിരിഞ്ഞ് പോകുകയും ചെയ്യുന്നു. വേലികളില്‍ തട്ടിയാല്‍ ഷോക്കേല്‍ക്കുമെന്ന ഭീതി പല മൃഗങ്ങളെയും കൃഷിയിടങ്ങളില്‍നിന്നും അകറ്റിനിര്‍ത്താറുണ്ടെങ്കിലും കമ്പിവേലികള്‍ക്കിടയിലൂടെയുള്ള പ്രസരണനഷ്ടം കാലക്രമേണ ഈ രീതിയെ ദുര്‍ബലപ്പെടുത്തി.

ചിലവ് കുറഞ്ഞ സോളാര്‍ ഫെന്‍സിംഗ് രീതി വഴിയും വൈദ്യുതി വേലികള്‍ ധാരളമായി നിര്‍മ്മിക്കപ്പെടുന്നുണ്ട്. മികച്ചരീതിയില്‍ ഫെന്‍സിംഗ് നടത്താന്‍ സാമ്പത്തിക ശേഷിയുള്ളവര്‍ അവരുടെ കൃഷിയിടങ്ങള്‍ (റിസോര്‍ട്ടും) കൃത്യമായി സംരക്ഷിക്കുമ്പോള്‍ സഞ്ചാരപാത നഷ്ടപ്പെടുന്ന വന്യമൃഗങ്ങള്‍ സമീപത്തുള്ള ഫെന്‍സിംഗ് നടത്താത്ത സ്ഥലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് പതിവാണ്. ഇത്തരം ഫെന്‍സിംഗ് ചെയ്യാത്ത സ്ഥലങ്ങള്‍ അതിനുള്ള സാമ്പത്തികശേഷിയില്ലാത്ത ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങളുടേതായിരിക്കും. പതിവ് സഞ്ചാരപാത നഷ്ടപ്പെടുന്നതുകൊണ്ടുതന്നെ മറ്റ് വഴികളിലൂടെ പോകേണ്ടിവരുന്ന ആന പോലെയുള്ള ജീവികള്‍ കൂടുതല്‍ പരിഭ്രാന്തരും അതുകാരണം തന്നെ അക്രമസ്വഭാവമുള്ളവയും ആയിരിക്കും. ആറളം, ചിന്നക്കനാല്‍ എന്നീ പ്രദേശങ്ങളില്‍ ആദിവാസികളെ പുനരധിവസിപ്പിച്ചിട്ടുള്ള ഭൂമിയില്‍ കാട്ടാനകളുടെ ആക്രമണം പതിവാകുന്നതിനുള്ള കാരണം ഇതാണ്. ഫെന്‍സിംഗിലെ അശാസ്ത്രീയത കാരണം സംഘര്‍ഷങ്ങളില്‍ ഒട്ടും കുറവില്ലാതിരിക്കുകയും മനുഷ്യര്‍ക്ക് തന്നെ അത് പല സ്ഥലത്തും കൂടുതല്‍ ദോഷമായിത്തീരുകയും ചെയ്യുന്നു.

Related image

 

ചതുപ്പുപ്രദേശങ്ങളില്‍ ഇത്തരം ഫെന്‍സിംഗുകള്‍ പ്രായോഗികമല്ലാത്തതിനാല്‍ റെയില്‍ ഫെന്‍സിംഗ് രീതിയാണ് അവിടെ അവലംബിക്കുന്നത്. ആനയ്ക്ക് ഇടിച്ചുതകര്‍ക്കാന്‍ കഴിയാത്ത ലോഹനിര്‍മ്മിതമായ റെയില്‍ ദണ്ഡുകളാണ് ഇവിടെ വൈദ്യുതികമ്പികള്‍ക്ക് പകരമുള്ളത്. വളരെ ചിലവുകൂടിയ ഈ രീതി അക്കാരണത്താല്‍ തന്നെ കേരളത്തില്‍ വിപുലമായി സ്വീകരിക്കപ്പെട്ടിട്ടില്ല. കരിങ്കല്ലുകളും സിമന്റും ഉപയോഗിച്ച് നിശ്ചിത ഉയരത്തില്‍ മതിലുകള്‍ കെട്ടിയും ജനവാസകേന്ദ്രങ്ങളിലേക്കുള്ള മൃഗസഞ്ചാരങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയുണ്ട്.

പശ്ചിമഘട്ടത്തിലുടനീളം കരിങ്കല്ലുകൊണ്ട് മതിലുകെട്ടുക എന്നത് അസംബന്ധവും അസാധ്യവുമാണ് എന്നതിനാല്‍ സ്വീകാര്യമായ ഒരു പരിപാടിയായി ഇതിനെ കാണാന്‍ കഴിയില്ല. കടലുകയറാതിരിക്കാന്‍ തീരത്ത് കല്ലിടുന്നതുപോലെ കോണ്‍ട്രാക്ടര്‍മാര്‍ക്ക് മാത്രം ഗുണമുള്ള ഒരു പരിപാടിയായി ഇത് മാറാനും സാദ്ധ്യതയുണ്ട്.

പുതിയ പരീക്ഷണങ്ങള്‍

സംഘര്‍ഷങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ സാങ്കേതികവിദ്യയുടെയും ശാസ്ത്രസമൂഹത്തിന്റെയും പ്രത്യേകപരിശീലനം സിദ്ധിച്ച സംഘങ്ങളുടെയും പിന്തുണയോടെ പുതിയ പല മാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ട്. കേരളത്തില്‍ ഇതെല്ലാം പ്രയോഗത്തില്‍ വന്നിട്ട് അധികനാളുകളായിട്ടില്ല എന്നതിനാല്‍ തന്നെ കൃത്യമായ ഒരു വിലയിരുത്തില്‍ ഇവയുടെ ഫലപ്രാപ്തിയെക്കുറിച്ച് നടത്താന്‍ പ്രയാസമാണ്.

അതില്‍ പ്രധാനപ്പെട്ട ഒന്നാണ് റാപ്പിഡ് റസ്‌പോണ്‍സ് ടീം. കുരങ്ങ്, പാമ്പ്, ആന തുടങ്ങിയ ജീവികളെ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള സംഘമാണ് റാപ്പിഡ് റെസ്‌പ്പോണ്‍സ് ടീം. പേരുപോലെ തന്നെ വന്യജീവികളുടെ ആക്രമണമുണ്ടാകുമ്പോള്‍ ദ്രുതഗതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള സംഘമാണിത്.

ഇക്കാര്യത്തില്‍ ഇടപെടുന്ന മറ്റൊരു ശാസ്ത്രീയ സ്ഥാപനമാണ് സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ആന്റ് ഫോറിന്‍സിക് ലബോറട്ടറി. മൃഗങ്ങളിലെ കുറ്റവാളി സ്വഭാവം, വയസ്സ്, ലിംഗം, സംഘര്‍ഷത്തിനുള്ള കാരണങ്ങള്‍ എന്നിവയുടെ ശാസ്ത്രീയമായ കാരണങ്ങള്‍ അന്വേഷിക്കുന്നതിനും അതിന്റെ ഡേറ്റാ ബാങ്കുണ്ടാക്കുന്നതിനുമാണ് ഇത് രൂപീകരിച്ചിരിക്കുന്നത്. കേരളത്തില്‍ വയനാട് വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ഭാഗമായാണ് 2012 മുതല്‍ ഇത് പ്രവര്‍ത്തിക്കുന്നത്. അതുപോലെ പ്രശ്‌നക്കാരായ ആനകളെ നിരീക്ഷിക്കുന്നതിനുള്ള എസ്.എം.എസ് സംവിധാനം, വോയ്‌സ് കോള്‍, പ്രദര്‍ശന ബോര്‍ഡുകള്‍, ഗൂഗിള്‍ എര്‍ത്ത് മാപ്പിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംവിധാനങ്ങളും കേരളത്തില്‍ നിലവിലുണ്ട്.

ജനങ്ങളുടെ പ്രതിരോധം

സംഘര്‍ഷം ചെറുക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടപ്പിലാക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങള്‍ ശാശ്വതമല്ലാത്തതിനാല്‍ ജനങ്ങള്‍ അവരുടേതായ മാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ട്. വനത്തിനുള്ളില്‍ താമസിക്കുന്ന പല ആദിവാസി സമൂഹങ്ങളെയും സംബന്ധിച്ച് ഇത്തരം രീതികള്‍ തലമുറകളായി കൈമാറിവന്നതുമാണ്. ചെണ്ടയില്‍ കൊട്ടി ശബ്ദമുണ്ടാക്കുക, പടക്കംപൊട്ടിക്കുക, തീയിടുക തുടങ്ങിയ രീതികളാണ് മിക്കയിടങ്ങളിലും ചെയ്തു വരുന്നത്. മരത്തിനു മുകളില്‍ ഏറുമാടങ്ങള്‍ കെട്ടിയും മൃഗങ്ങളുടെ പോക്കുവരവുകള്‍ നിരീക്ഷിക്കുന്നു. ചിലയിടങ്ങളില്‍ സ്വകാര്യവ്യക്തികള്‍ കൂലിക്ക് കാവല്‍പ്പടയെ നിര്‍ത്തി അവരുടെ കൃഷിസ്ഥലങ്ങള്‍ വന്യജീവികളില്‍ നിന്നും സംരക്ഷിക്കുന്നു. ഇത്തരം സ്ഥലങ്ങളില്‍ മാരകശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ മൃഗങ്ങളെ വിരട്ടിയോടിക്കുന്നതിന് ഉപയോഗിക്കുന്നതുവഴി പരിഭ്രാന്തരാകുന്ന ജീവികള്‍ കൂടുതല്‍ അക്രമങ്ങളിലേക്ക് പോകുന്ന സ്ഥിതിയുമുണ്ട്. വനംവകുപ്പ് നിര്‍മ്മിച്ച, വൈദ്യുതപ്രവാഹം നഷ്ടപ്പെട്ട ഫെന്‍സിംഗ് കമ്പികളില്‍ കാലിക്കുപ്പികള്‍ കെട്ടിത്തൂക്കിയിടുകയും കൃഷിയിടങ്ങളിലേക്ക് വന്യജീവികള്‍ കടക്കുമ്പോള്‍ ഈ കുപ്പികള്‍ കൂട്ടിമുട്ടിയുണ്ടാകുന്ന ശബ്ദം വഴി മൃഗസാന്നിദ്ധ്യം തിരിച്ചറിഞ്ഞ് അവയെ ഓടിക്കുന്ന വിചിത്രരീതിവരെ അവലംബിക്കപ്പെടുന്നുണ്ട്.

 

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ്, പ്രദേശത്തിന് അനുയോജ്യമായ തരത്തില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് പകരം ഒരേ സ്ഥലത്തുതന്നെ ഒന്ന് പരാജയപ്പെടുമ്പോള്‍ മറ്റൊന്ന് പരീക്ഷിക്കുന്ന നഷ്ടക്കച്ചവടമാണ് വനം വകുപ്പ് നടത്തുന്നത്. എവിടെ എന്തു സംവിധാനമാണ് ഉപയോഗിക്കേണ്ടതെന്ന് നിര്‍ണ്ണയിക്കുന്നതിനുള്ള ഭൗമശാസ്ത്രജ്ഞരോ ജലവിദ്ധഗ്ധരോ എന്‍ജിനീയര്‍മാരോ ഉള്‍പ്പെടുന്ന സമിതികള്‍ വനംവകുപ്പിനില്ല. പൊതുവായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന പരിപാടികള്‍ അന്ധമായി പിന്തുടരുക എന്നത് മാത്രമാണ് വനംവകുപ്പ് ചെയ്യുന്നത്.
സംരക്ഷണ ഉദ്യോഗസ്ഥരെ പ്രത്യേകം നിയമിച്ച് കാവല്‍ നിര്‍ത്തിയിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ചെറിയതോതിലെങ്കിലും വേലികളും മതിലുകളും നിലനിന്നുപോകുന്നത്. കോടികള്‍ ചിലവാക്കി നിര്‍മ്മിച്ച വേലികളും മതിലുകളും തകര്‍ന്നിട്ടും വനംവകുപ്പ് ഒരു നടപടികളും സ്വീകരിക്കാത്ത സ്ഥലങ്ങളും ഏറെയുണ്ട്. വനംവകുപ്പിന്റെ ഈ കെടുകാര്യസ്ഥത സംഘര്‍ഷം തുടരുന്നതില്‍ മുഖ്യകാരണമായിത്തീരുകയും ജനങ്ങള്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്തു. വയനാട്ടില്‍ വന്യജീവി ആക്രമണങ്ങളുണ്ടാകുമ്പോഴെല്ലാം നാട്ടുകാര്‍ വനംവകുപ്പിനെതിരെ രംഗത്ത് വരുന്നതിന് പിന്നിലെ ഒരു കാരണം ഈ വിശ്വാസനഷ്ടമാണ്.

“”വനംവകുപ്പിന്റെ ആനയല്ലേ, അപ്പോള്‍ വനംവകുപ്പല്ലേ സംരക്ഷിക്കേണ്ടത്….?”” എന്ന ചോദ്യമാണ് ഇവിടങ്ങളിലെല്ലാം ഉയരുന്നത്. “”കാട്ടിലെ മൃഗം, വനംവകുപ്പിന്റെ ഉത്തരവാദിത്തം”” എന്നു ചിന്തിക്കുന്ന തരത്തില്‍ നാട്ടുകാരുടെ മനോഭാവം മാറിപ്പോയിരിക്കുന്നതും പ്രശ്‌ന പരിഹാരത്തിന് വിഘാതമായി നില്‍ക്കുന്നു. വനംവകുപ്പും പ്രദേശവാസികളും കൈകോര്‍ത്തുകൊണ്ടല്ലാതെ പരിഹാരങ്ങള്‍ മുന്നോട്ടുപോകില്ല എന്നതിനാല്‍ ഇവര്‍ക്കിടയിലുണ്ടായിരിക്കുന്ന ഈ വിടവ് നികത്തപ്പെടേണ്ടതുണ്ട്. ഇതിനിടയില്‍ ബോധപൂര്‍വ്വം അകലമുണ്ടാക്കാന്‍ ശ്രമിക്കുന്ന മാഫിയകളെ തുറന്നുകാണിക്കുകയും വേണം.

നഷ്ടവും പരിഹാരങ്ങളും

വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന വളര്‍ത്തുമൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും നാശനഷ്ടം സംഭവിക്കുന്ന വസ്തുവകകള്‍ക്കും നഷ്ടപരിഹാരം നല്‍കുന്ന വനംവകുപ്പിന്റെ നടപടി സ്വാഗതാര്‍ഹവും ചിലകാര്യങ്ങളില്‍ വിമര്‍ശനാത്മകവുമാണ്. ഏതെങ്കിലും ഒരു വന്യജീവിയുടെ ആക്രമണത്തിന് ഇരയായി പരിക്കേല്‍ക്കുകയോ അംഗഭംഗം ഏല്‍ക്കുകയോ കൊലചെയ്യപ്പെടുകയോ ചെയ്യുന്ന വളര്‍ത്തുമൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും നിശ്ചിതഅളവില്‍ നഷ്ടപരിഹാരം നല്‍കാറുണ്ട്.

വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ദിനംപ്രതി നൂറുകണക്കിന് അപേക്ഷകളാണ് വനംവകുപ്പിന് ലഭിക്കുന്നത്. 2010മുതല്‍ 2017വരെയുള്ള ഏഴുവര്‍ഷങ്ങളില്‍ വന്യജീവി ആക്രമണം സംബന്ധിച്ച് വനംവകുപ്പിന് ലഭിച്ച 6387 അപേക്ഷകളിന്‍മേലുള്ള നടപടികള്‍ക്കായി 4,61,22,462 രൂപയാണ് വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രം ചെലവഴിച്ചത്. ഇതേ കാലയളവില്‍ മൊത്തം 13 പേരാണ് ഇവിടെ വന്യജീവി ആക്രമണത്താല്‍ കൊല്ലപ്പെട്ടത്. പ്രധാനമായും ആന, കടുവ, പാമ്പ് എന്നീ ജീവികളുടെ ആക്രമണമാണ് മരണകാരണം.

ആനയുടെ ആക്രമണമേറ്റ് കൊല്ലപ്പെടുന്ന ആളുകള്‍ക്ക് മൂന്നു ലക്ഷം രൂപയും കടുവയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നവര്‍ക്ക് പത്തുലക്ഷംരൂപയും പാമ്പുകടിയേറ്റ് മരിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുമാണ് നല്‍കിവരുന്നത്. നഷ്ടപരിഹാരം കൃത്യമായി നിശ്ചയിക്കാത്തതിന്റെയും ലഭിക്കാത്തതിന്റെയും പ്രശ്‌നങ്ങള്‍ കേരളത്തിലെമ്പാടും ജനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി

മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇപ്പോള്‍ ആവിഷ്‌കരിക്കുന്ന ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു പദ്ധതിയാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി. കേന്ദ്ര സര്‍ക്കാരിന്റെ 2007ലെ നാഷണല്‍ റീഹാബിലിറ്റേഷന്‍ ആന്റ് റീസെറ്റില്‍മെന്റ് പോളിസിയും അതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ചാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി തയ്യാറാക്കപ്പെട്ടിട്ടുള്ളത്. സ്വമേധയാ മാറിത്താമസിക്കാന്‍ തയ്യാറുള്ളവരെയാണ് ഈ പദ്ധതി അഭിസംബോധന ചെയ്യുന്നത്.

ടൈഗര്‍ റിസര്‍വ്വ്/ വന്യജീവി സങ്കേതങ്ങള്‍/ നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ കടുവ, ആന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ക്ക് അനുകൂലമായ ആവാസവ്യവസ്ഥ ഒരുക്കുന്നതിനും കോര്‍, ക്രിട്ടിക്കല്‍ ടൈഗര്‍, വൈല്‍ഡ്‌ലൈഫ് ഹാബിറ്റാറ്റ് എന്നിവടങ്ങളിലുള്ള മനുഷ്യരെ മാറ്റിപ്പാര്‍പ്പിക്കുവാനും മനുഷ്യ-വന്യജീവി സംഘര്‍ഷം ഇല്ലാതാക്കാനുമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിപ്രകാരം ആളുകള്‍ക്ക് വനംവകുപ്പിന്റെ മറ്റു പുനരധിവാസ പദ്ധതികള്‍ സ്വീകരിക്കാതെ ഒരു കുടുംബത്തിന് പത്തുലക്ഷംരൂപ കൈപ്പറ്റി വന്യജീവി/ കടുവാസങ്കേതത്തില്‍നിന്ന് ഒഴിഞ്ഞുപോവുകയോ അല്ലെങ്കില്‍ പത്തുലക്ഷംരൂപ സ്വീകരിക്കാതെ വനംവകുപ്പ് പുനരധിവസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറിത്താമസിക്കുകയോ ചെയ്യാവുന്നതാണ്.

 

പതിനെട്ടു വയസ്സിനുമുകളിലുള്ള ആണ്‍കുട്ടികള്‍, അവിവാഹിതരായ പെണ്‍കുട്ടികള്‍, വിധവയോ വിവാഹമോചിതയോ ആയ സ്ത്രീകള്‍, മാനസികവും ശാരീരികവുമായി വൈകല്യമുള്ള പുരുഷനും സ്ത്രീയും, മാതാപിതാക്കളെ നഷ്ടപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എന്നിവരെയാണ് ഒരു കുടുംബമായി (ലഹശഴശയഹല ളമാശഹ്യ) പരിഗണിക്കുക. അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ആദ്യഗഡുവായി ആറുലക്ഷം രൂപയും അടുത്തഗഡുവായി നാലുലക്ഷം രൂപയും നല്‍കും. ഈ പദ്ധതി പ്രകാരം വയനാട് വന്യജീവിസങ്കേതത്തിനകത്തെ മുഴുവന്‍ മനുഷ്യവാസകേന്ദ്രങ്ങളെയും പുനഃസ്ഥാപിക്കാനുള്ള ശ്രമം നടന്നു വരികയാണ്.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വെറും പതിനാല് സെറ്റില്‍മെന്റുകളെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതുപ്രകാരം 800 കുടുംബങ്ങളെയാണ് ഇവിടെ നിന്നും മാറ്റിത്താമസിപ്പിക്കാന്‍ പോകുന്നത്. കുറിച്യാട് റെയ്ഞ്ചിലെ കുറിച്യാട്, അമ്മവയല്‍, ഗോളൂര്‍ എന്നിവിടങ്ങളിലാണ് മാറിത്താമസിപ്പിക്കല്‍ പദ്ധതി മുഖ്യമായും നടക്കുന്നത്. എന്നാല്‍ ഈ പദ്ധതി നിരവധി സാമൂഹിക, സാംസ്‌കാരിക പ്രശ്‌നങ്ങള്‍ കൂടി സൃഷ്ടിക്കുന്നുണ്ട്. വനങ്ങളില്‍ വര്‍ഷങ്ങളായി താമസിക്കുകയും വനാവാസവ്യവസ്ഥയോട് ഇഴുകിച്ചേര്‍ന്ന് ജീവിച്ച് ഉപജീവനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന ഗോത്രസമൂഹങ്ങളെ വനത്തില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കുക എന്നതിലെ നീതിനിഷേധമാണ് ഈ പദ്ധതിക്കെതിരായ പ്രധാന വിമര്‍ശനം. കൂടാതെ, ആദിവാസി സമൂഹത്തിന് അവര്‍ താമസിക്കുന്ന വനപ്രദേശത്തിനും വനവിഭവങ്ങള്‍ക്കും മേല്‍ അവകാശവും അധികാരവും നല്‍കുന്ന കേന്ദ്ര വനാവകാശ നിയമം 2005ല്‍ നിലവില്‍ വരുകയും ചെയ്തിട്ടുണ്ട്. ഈ നിയമം നിലവിലുള്ളതിനാല്‍ തന്നെ ആദിവാസി സമൂഹങ്ങളെ വനത്തില്‍ നിന്നും പുറത്താക്കുന്ന തരത്തിലുള്ള ഏത് നീക്കവും നിയമവിരുദ്ധമായി മാറും.

വയനാട്ടില്‍ തന്നെ ഈ പദ്ധതി നടപ്പിലാക്കുന്ന സ്ഥലങ്ങളിലുള്ള പല ആദിവാസി സമൂഹങ്ങളും വനത്തില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ തയ്യാറല്ല എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുടെ പേരില്‍ ഏകപക്ഷീയമായി നടപ്പിലാക്കുന്നതിന് പകരം കൂടുതല്‍ സംവാദങ്ങള്‍ ഇക്കാര്യത്തില്‍ നടത്താനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടത്.

കാടിന്റെ അവകാശം ആര്‍ക്ക്?

കണ്മതിലോ കമ്പിവേലിയോ കാവല്‍സേനയോ കുങ്കികളോ നടത്തുന്ന ശ്രമങ്ങള്‍ ഫലപ്രദമാകുമോ എന്നതില്‍ കൃത്യമായ ഒരു വിലയിരുത്തല്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയില്‍ എത്തിനില്‍ക്കുകയാണ് കേരളം. സംഘര്‍ഷം കുറയുന്നതായ വാര്‍ത്തകളല്ല വന്നുകൊണ്ടിരിക്കുന്നത് എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുമുണ്ട്. തദ്ദേശീയ ജനങ്ങളുടെ പൂര്‍ണ്ണമായ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം ഏത് പദ്ധതിയും ആവിഷ്‌കരിക്കേണ്ടത്. മനുഷ്യവാസ കേന്ദ്രങ്ങളില്‍നിന്നും മൃഗങ്ങളെ ഓടിച്ചുവിടുക എന്ന “ഒറ്റത്തവണത്തീര്‍പ്പാക്കല്‍” നയങ്ങള്‍ക്കുപകരം മൃഗപക്ഷങ്ങളെക്കൂടി തിരിച്ചറിഞ്ഞുകൊണ്ട്, അവരുടെ ആവാസവ്യവസ്ഥകളെക്കൂടി പരിഗണിക്കുന്ന പദ്ധതികളാണ് നാം ആസൂത്രണം ചെയ്യേണ്ടത്.

Image result for shepherdS IN KERALA FOREST

 

കൃഷി വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപിതമായ പ്രവര്‍ത്തനംകൂടി ഇക്കാര്യത്തില്‍ അനിവാര്യമായിരിക്കുന്നു. ആത്യന്തികമായി, കാടിന്റെ അവകാശം ആര്‍ക്കാണ് എന്ന ചോദ്യമാണ് ഇവിടെ മുന്നോട്ടുവയ്‌ക്കേണ്ടത്. മൃഗങ്ങള്‍ക്ക് അത് നിശ്ചയിക്കാന്‍ കഴിയാത്തതിനാല്‍ മനുഷ്യര്‍ തന്നെ അക്കാര്യത്തില്‍ ഒരുത്തരം കണ്ടെത്തുകയാണ് നല്ലത്. മനുഷ്യന്‍ നിര്‍ണ്ണയിക്കുന്ന കാടതിരുകള്‍ക്കുമപ്പുറം വന്യജീവികള്‍ ജൈവികമായി തീര്‍ത്ത ഒരു അതിരുണ്ടെന്നും ആ അതിരുകള്‍ക്കുള്ളില്‍ കടന്നാല്‍ പലതും നേരിടേണ്ടിവരുമെന്നുമാണ് മനുഷ്യ-വന്യജീവി സംഘര്‍ഷം ഓര്‍മ്മിപ്പിക്കുന്നത്.

റഫറന്‍സുകള്‍

1. മോഹന്‍ സി. മനില, മാധവ് ഗാഡ്ഗിലും പശ്ചിമഘട്ടസംരക്ഷണവും, 2014, മാതൃഭൂമി ബുക്‌സ്, പേജ്: 111 – 133.

2. ജോണി ഒ.കെ., വയനാട് രേഖകള്‍, 2001, മാതൃഭൂമി ബുക്‌സ്, പേജ്: 126-128, 163, 175, 179, 199, 205-208.

3. കരുണാകരന്‍ സി.കെ., കേരളത്തിലെ വനങ്ങള്‍ നൂറ്റാണ്ടുകളിലൂടെ രണ്ടാംഭാഗം, 1995, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, പേജ്: 3-11, 31-33, 109-111, 162.

4. ചന്ദ്രന്‍, സതീഷ് എസ്., “ആ അതിര്‍ത്തി കാടു വരച്ചതല്ല”, 2013, മാതൃഭൂമി ആഴ്ചപ്പതിപ്പ്.

5. ചന്ദ്രന്‍, സതീഷ് എസ്., “മനുഷ്യന്റെ ഏറ്റവും വലിയ ഹിംസയാണ് കാട്ടുതീ”, 2014 ഏപ്രില്‍ 20, മാതൃഭൂമി ആഴ്ചപ്പതിപ്പ്.

6. നസീര്‍ എന്‍.എ., “ഈ ചാരം മുഴുവന്‍ ജീവനുകളായിരുന്നു”, 2014 ഏപ്രില്‍ 20, മാതൃഭൂമി ആഴ്ചപ്പതിപ്പ്.

7. അരുണ്‍ പി.എ., “വയനാട്ടില്‍നിന്നും കടുവയ്ക്കുവേണ്ടി”, 2013 മാര്‍ച്ച്, കേരളീയം മാസിക.

8. നായര്‍ സതീശന്‍ കെ.ആര്‍., “കാടിറങ്ങുന്നവരും കാടു കയറുന്നവരും” 2016 ഡിസംബര്‍ 26, മലയാളം വാരിക.

9. ദേവ് വനു, “Killer Highway: Wildlife death toll on Karnataka”s Bandipura National Park near a century” 2012 മെയ് എട്ട്, മെയില്‍ ഓണ്‍ലൈന്‍.

10. ബിസ്റ്റ് എസ്.എസ്., Man – Elephant Conflict: Causes and Control measures, 2000.

11. ഡോ. ഈസ പി.എസ്., Project Elephant, Management plan for elephant reserves in Kerala, 1994, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പീച്ചി, കേരള.

12. ഫ്രാന്‍സിസ് ഡബ്‌ള്യു, The Nilgiris, Madras district gazetters, 1994, ഏഷ്യന്‍ എജ്യൂക്കേഷണല്‍ സര്‍വ്വീസസ്, ന്യൂഡല്‍ഹി.

13. സുകുമാര്‍ ആര്‍., Wildlife – Human conflict in India, an ecological and social perspective, 1994.

14. ഡോ. ശങ്കര്‍ എസ്., ഡോ. ഈസ പി.എസ്., Study on man – wildlife interaction in Wayanad wildlife sanctury, Kerala, 2001, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പീച്ചി, കേരള.

15. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി, വയനാട് വന്യജീവി സങ്കേതം, 2016 നവംബര്‍ 31.