മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അണിഞ്ഞ ഏഴാം നമ്പര്‍ ജേഴ്‌സി മറ്റൊരു താരത്തിന് നല്‍കാന്‍ ക്ലബ്ബ്. ഏഴാം നമ്പര്‍ അര്‍ജന്റൈന്‍ ഇന്റര്‍നാഷണല്‍ കൗമാര താരം അലജാന്‍ഡ്രോ ഗാര്‍നാച്ചോക്ക് നല്‍കാനാണ് ക്ലബ്ബ് ആലോചിക്കുന്നതെന്നാണ് ഗോള്‍ ഡോട്ട് കോം സോഴ്‌സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുണൈറ്റഡില്‍ ഏഴാം നമ്പര്‍ എല്ലാക്കാലത്തും ഒരു ഐക്കണാണ്. 2003ല്‍ റൊണാള്‍ഡോക്ക് ശേഷം ഏഴാം നമ്പര്‍ ജേഴ്‌സി ധരിക്കുന്ന ആദ്യത്തെ കൗമാരക്കാരനായിരിക്കും ഗാര്‍നാച്ചോ. താരം നിലവില്‍ 49ാം നമ്പര്‍ ജേഴ്‌സിയാണ് ധരിക്കുന്നത്.
2009ല്‍ റോണോ യുണൈറ്റഡ് വിട്ട് റയലില്‍ ചേര്‍ന്ന ശേഷം മൈക്കല്‍ ഓവന്‍, അന്റോണിയോ വലന്‍സിയ, എയ്ഞ്ചല്‍ ഡി മരിയ, മെംഫിസ് ഡിപേ, അലക്‌സിസ് സാഞ്ചസ്, എഡിന്‍സണ്‍ കവാനി എന്നിവര്‍ ഈ ജേഴ്‌സി യുണൈറ്റഡിനായി അണിഞ്ഞിരുന്നു. ഇത് കൂടാതെ റോണോക്ക് മുമ്പ് ലെജന്‍ഡുകളായ ജോര്‍ജ് ബെസ്റ്റ്, എറിക് കന്റോണ, ഡേവിഡ് ബെക്കാം എന്നിവരും ഈ ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ തിളങ്ങിയിരുന്നു.
2022 ഏപ്രിലിലാണ് 18കാരനായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ യുണൈറ്റഡിനായി അരങ്ങേറ്റം കുറിക്കുന്നത്. ക്ലബ്ബിനായി ആകെ
ഇതുവരെ 36 മത്സരങ്ങള്‍ താരം കളിച്ചു. അഞ്ച് ഗോളുകളും അഞ്ച് അസിസ്റ്റുകളും ഇതിനോടകം താരം നേടിയിട്ടുണ്ട്. താരത്തെ 2023ലെ ഗോള്‍ഡന്‍ ബോയ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നത്.
പരിശീലകന്‍ എറിക് ടെന്‍ ഹാഗും മറ്റ് പല ഒഫീഷ്യല്‍സും തന്നെ പുറത്താക്കാന്‍ കരുനീക്കം നടത്തിയിട്ടുണ്ടെന്നും ക്ലബ്ബില്‍ താന്‍ വഞ്ചിക്കപ്പെട്ടതായി തോന്നിയിരുന്നെന്നും റൊണാള്‍ഡോ അഭിമുഖത്തിനിടെ ആരോപിച്ചിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ മോശം പ്രകടനം കാഴ്ച വെക്കാനിടയായ കാരണവും അഭിമുഖത്തിനിടെ താരം വ്യക്തമാക്കിയിരുന്നു.
യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീലയിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലെത്തിയ താരം മികച്ച പ്രകടനമാണ് ക്ലബ്ബില്‍ കാഴ്ചവെക്കുന്നത്.
Content Highlight: Man Utd consider giving Cristiano Ronaldo’s No.7 shirt