കാണ്‍പൂര്‍: ഹിന്ദു യുവാക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചെന്നാരോപിച്ച് യുവാവിന് ബജ്‌രംഗദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. അവദേഷ് സവിത എന്നയാളാണ് മര്‍ദ്ദനത്തിന് ഇരയായത്.
ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ഇയാളെ മര്‍ദ്ദിക്കുകയും മുടിയും പുരികവും മീശയും നിര്‍ബന്ധപൂര്‍വ്വം വടിപ്പിക്കുകയും ചെയ്തശേഷം തെരുവിലൂടെ നടത്തിച്ചു. ഹിന്ദുക്കളെ ഇയാള്‍ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിച്ചെന്നും ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു
കണ്‍പൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം. വെള്ളിയാഴ്ച അവദേഷിന്റെ വീട്ടിലെത്തിയ 200ഓളം പ്രവര്‍ത്തകര്‍ ഇയാളെ വീട്ടില്‍ നിന്നും ബലമായി പിടിച്ചിറക്കി മര്‍ദ്ദിക്കുകയുമായിരുന്നു. അതിന് ശേഷം മുടിയും പുരികവും മീശയും വടിച്ച് റോഡിലൂടെ നടത്തിക്കുകയും ചെയ്തു. ഇയാളെ ചെരുപ്പുമാല അണിയിക്കുകയും കഴുതപ്പുറത്ത് നടത്തിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അവദേഷിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും ബജ്‌രംഗ്ദള്‍ സംഘം അയാളെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി അവദേഷിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മൂന്നു ഹിന്ദു യുവാക്കളെ മതപരിവര്‍ത്തനം ചെയ്യാന്‍ അവദേഷ് സഹായിച്ചെന്നാണ് ആരോപണം. ഇയാള്‍ മൂന്നുപേരെയും മിസാപൂര്‍ ജില്ലയിലെ കാച്‌വാഹ പള്ളിയില്‍ കൊണ്ടുപോയി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചെന്നുമാണ് ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് അവദേഷിനും ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു.