|

ജസ്റ്റിസ് ചെലമേശ്വറിന്റെ മകനെ അറസ്റ്റു ചെയ്യുമെന്ന് ഭീഷണി; ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയെന്ന് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അടുത്തിടെ വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വറിന്റെ മകനെ അറസ്റ്റു ചെയ്യുമെന്ന് ഭീഷണി. അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എന്നവകാശപ്പെട്ടയാളാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കുടുംബം അറിയിച്ചു.

മധപൂര്‍ എ.സി.പി ശിവ കുമാര്‍ എന്നു പറഞ്ഞാണ് ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് ചെലമേശ്വര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ചൊവ്വാഴ്ച മകന്‍ ജസ്തി രാമഗോപാലിന്റെ വസതിയിലേക്കാണ് ഫോണ്‍ സന്ദേശം വന്നത്. മകനെതിരെ അറസ്റ്റു വാറണ്ട് ഉണ്ടെന്നാണ് അവര്‍ പറഞ്ഞത്. അദ്ദേഹത്തെ അറസ്റ്റു ചെയ്യാനായി പൊലീസ് ഗച്ചിബൗളിയിലെ വസതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും അയാള്‍ പറഞ്ഞതായി ചെലമേശ്വര്‍ പറയുന്നു.

Also Read:ശബരിമല പ്രശ്‌നം ഒഴിവാക്കാനുള്ള ഏകവഴി ക്ഷേത്രം ഞങ്ങള്‍ക്ക് തിരിച്ചുനല്‍കല്‍: സര്‍വകക്ഷിയോഗം ചര്‍ച്ച ചെയ്യേണ്ടത് ഇതാണ്; മലയര മഹാസഭ

മകന്റെ ഭാര്യയായിരുന്നു ഫോണെടുത്തത്. വിളിച്ചയാള്‍ വിനയ് കൃഷ്ണയുണ്ടോയെന്നായിരുന്നു ചോദിച്ചത്. അതിനാല്‍ വിളിച്ചയാള്‍ക്ക് തെറ്റിയതാവുമെന്നാണ് അവര്‍ ആദ്യം കരുതിയത്. തുടര്‍ന്ന് ഇവര്‍ ചെലമേശ്വറിന്റെ മൂന്നാമത്തെ മകനായ ജസ്തി ലക്ഷ്മിനാരായണനെ വിളിക്കാന്‍ അവര്‍ ആവശ്യപ്പെടുകയായിരുന്നു.

ഫോണ്‍ സന്ദേശത്തെക്കുറിച്ച് മകന്‍ അറിയിച്ചയുടന്‍ താന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ച് കാര്യം അന്വേഷിച്ചു. അദ്ദേഹം ഇതു പരിശോധിക്കാനായി മുതിര്‍ന്ന ഓഫീസറെ അയച്ചു. “മകന്റെ പേരും വിലാസവും വെരിഫൈ ചെയ്യാന്‍ മധപൂര്‍ പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാര്‍ വന്നിരുന്നു. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള ഏതോ പൊലീസ് ഉദ്യോഗസ്ഥനാണ് വിളിച്ചതെന്നാണ് മനസിലായത്. എന്നാല്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത് മധപൂര്‍ എ.സി.പി എന്ന രീതിയിലായിരുന്നു.” ചെലമേശ്വര്‍ പറയുന്നു.

തമിഴ്‌നാട്ടിലുള്ള ഒരു വിനയ് കൃഷ്ണയ്‌ക്കെതിരെയാണ് അറസ്റ്റു വാറണ്ട് ഉണ്ടായത്. ഹൈദരാബാദ് പൊലീസ് ഓഫീസര്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. അതോടെയാണ് തങ്ങളെ അനാവശ്യമായി മാനസികമായി പീഡിപ്പിച്ചതിന് പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതെന്നും ചെലമേശ്വര്‍ പറഞ്ഞു.

Video Stories