| Thursday, 25th March 2021, 11:41 am

പാകിസ്താന്‍ മുര്‍ദാബാദ് വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം യുവാവിന് നേരെ ക്രൂരമര്‍ദ്ദനം; ദല്‍ഹി കലാപകേസ് പ്രതി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാകിസ്താന്‍ മുര്‍ദാബാദ് മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. 2020 ഫെബ്രുവരിയില്‍ നടന്ന ദല്‍ഹി കലാപക്കേസിലെ പ്രതിയായ അജയ് ഗോസ്വാമിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദല്‍ഹിയിലെ ഖജൂരി ഖാസ് പ്രദേശത്താണ് സംഭവം നടന്നത്. പാകിസ്താന്‍ മുര്‍ദാബാദ്, ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിക്കണമെന്നാവശ്യപ്പെട്ട് അജയ് ഗോസ്വാമി മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു.

പ്രതി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് മര്‍ദ്ദിക്കുകയും പാകിസ്താന്‍ മുര്‍ദാബാദ് എന്ന് വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

തന്നെ മര്‍ദ്ദിക്കരുതെന്നും വെറുതെ വിടണമെന്നും യുവാവ് പ്രതിയോട് അപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ അസദുദ്ദിന്‍ ഉവൈസി മുര്‍ദാബാദ് എന്ന് വിളിക്കാനും പ്രതി യുവാവിനോട് ആവശ്യപ്പെടുന്നുണ്ട്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ പ്രതിയെ അറസ്റ്റ് ചെയ്തതായും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ദല്‍ഹി പൊലീസ് അറിയിക്കുകയായിരുന്നു.

‘ഖജൂരിഖാസില്‍ യുവാവിന് നേരെ നടന്ന മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്,’ എന്നാണ് വടക്കുകിഴക്കന്‍ ദല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Man thrashed, forced to chant ‘Pakistan Murdabad’ slogan in Delhi

We use cookies to give you the best possible experience. Learn more