| Saturday, 21st May 2022, 4:07 pm

'നീ മുഹമ്മദ് ആണോ'; വൃദ്ധനെ ക്രൂരമായി മര്‍ദിച്ച് ബി.ജെ.പി കോര്‍പറേറ്റുടെ ഭര്‍ത്താവ്, പിന്നാലെ മൃതദേഹം കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശില്‍ മാനസിക വെല്ലുവിളി നേരിടുന്ന 65കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ നീമുച്ചിലാണ് സംഭവം. രത്‌ലാം ജില്ലയിലെ ബന്‍വാര്‍ ലാല്‍ ജെയ്ന്‍ എന്ന വ്യക്തിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുസ്ലിം ആണെന്ന തെറ്റിദ്ധാരണയിലാണ് ഇയാള്‍ക്കെതിരെ ബി.ജെ.പി കോര്‍പ്പറേറ്ററുടെ ഭര്‍ത്താവ് ആക്രമണം അഴിച്ചുവിട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ യുവാവ് ബന്‍വാരിലാലിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്. ജാബ്രയില്‍ നിന്നാണോ വന്നതെന്നും, പേര് മുഹമ്മദ് എന്നാണോയെന്നും പ്രതി ചോദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഉത്തരം പറയാന്‍ പ്രയാസപ്പെടുന്നതിനിടെ പ്രതി 65കാരനെ നിരന്തരം മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വൃദ്ധനെ ആക്രമിക്കുന്ന വ്യക്തി മുന്‍ ബി.ജെ.പി കോര്‍പ്പറേറ്ററുടെ ഭര്‍ത്താവ് ദിനേശ് കുശ്വാഹയാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

മെയ് 15ന് രാജസ്ഥാനില്‍ നടക്കുന്ന മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ജെയ്‌നിനെ പിന്നീട് കാണാതാവുകയായിരുന്നു. കുടുംബം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം ജെയ്‌നിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുശ്വാഹ ജെയ്‌നിനോട് ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പണം നല്‍കാമെന്ന് ജെയ്ന്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പ്രതി അക്രമം തുടരുകയായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പി വിദ്വേഷത്തിന്റെ തീ പടര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ജിതു പട്വാരി പറഞ്ഞു.

അതേസമയം, സംഭവം ദൗര്‍ഭാഗ്യകരമാണെന്നും എന്തുതന്നെയായാലും പ്രതി പ്രതിയാണെന്നും അതിന് കക്ഷി രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും, ഇത്തരമൊരു പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരെയും സംസ്ഥാന സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി രജനീഷ് അഗര്‍വാള്‍ പറഞ്ഞു.

Content Highlight: Man thrashed doubting he is a muslim, dead body found later

We use cookies to give you the best possible experience. Learn more