national news
ഒരു ലക്ഷം രൂപ ബില്ലിനായി യുവാവിനെ 'കോമയിലാക്കി' ആശുപത്രി അധികൃതര്‍; ഐ.സി.യുവില്‍ നിന്ന് ഓടിരക്ഷപ്പെട്ട് യുവാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 08, 06:31 am
Saturday, 8th March 2025, 12:01 pm

ഭോപ്പാൽ: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് കോമയിലായെന്ന് പറഞ്ഞ് ബന്ധുക്കളില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച് ആശുപത്രി അധികൃതര്‍. മധ്യപ്രദേശിലെ രത്‌ലം പ്രദേശത്താണ് സംഭവം.

അടിപിടിക്കേസില്‍ പരിക്കേറ്റ ദീന്‍ദയാല്‍ നഗര്‍ സ്വദേശിയായ ബണ്ഡി നിനാമ എന്ന യുവാവിന്റെ ബന്ധുക്കളെയാണ് ആശുപത്രി അധികൃതർ പറ്റിക്കാൻ ശ്രമിച്ചത്. രത്‌ലത്തെ ഗീതാ ദേവി ആശുപത്രി അധികൃതരാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ യുവാവിന്റെ വീഡിയോ വൈറലായതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്.

വീഡിയോയിൽ, മൂക്കിൽ ട്യൂബ് ഘടിപ്പിച്ച യുവാവ് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് നടക്കുന്നത് കാണാം. മാനേജ്‌മെന്റ് തന്നെ തടഞ്ഞുവച്ചതായി യുവാവ് വീഡിയോയിൽ പറയുന്നുണ്ട്.

നിനാമയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ കുടുംബത്തോട് പറയുകയും യുവാവിന്റെ നട്ടെല്ലിന് പൊട്ടലുണ്ടെന്നും അദ്ദേഹം കോമയിലാണെന്ന് അവകാശപ്പെടുകയും ചെയ്‌തു. പിന്നാലെ മികച്ച ചികിത്സ നൽകാൻ മുൻകൂർ പണം ആവശ്യപ്പെടുകയും ചെയ്തതായി ഭാര്യ ലക്ഷ്മി പറഞ്ഞു. ഒരു ലക്ഷം രൂപയുമായി ആശുപത്രിയിലേക്ക് മടങ്ങിയപ്പോൾ, ഡോക്ടർമാർ തന്റെ ഭർത്താവിനെ ഐ.സിയുവിൽ തടഞ്ഞുനിർത്തുന്നത് കണ്ടുവെന്ന് അവർ പറഞ്ഞു.

‘ഞാൻ തിരിച്ചെത്തിയപ്പോൾ, എന്റെ ഭർത്താവിന്റെ കഴുത്തിൽ ഡോക്ടർമാർ അമർത്തുന്നത് ഞാൻ കണ്ടു. ആദ്യം, അദ്ദേഹം അബോധാവസ്ഥയിലായതിനാൽ അവർ അദ്ദേഹത്തിന്റെ മേൽ വെള്ളം ഒഴിക്കുകയാണെന്ന് ഞാൻ കരുതി. പിന്നീടാണ് അറിഞ്ഞത് അദ്ദേഹത്തിന് ബോധം വന്നിരുന്നെന്നും എന്നെ കാണാൻ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ആശുപത്രി അധികൃതർ അദ്ദേഹത്തെ തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു,’ ലക്ഷ്മി പറഞ്ഞു.

താൻ കോമയിലല്ലായിരുന്നെന്നും ബോധം വീണ്ടെടുത്ത ഉടനെ കുടുംബത്തെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ആശുപത്രി അധികൃതർ അനുവദിച്ചില്ലെന്നും ബണ്ഡി നിനാമ പറഞ്ഞു.

‘എനിക്ക് ബോധം വീണ്ടെടുത്ത ഉടൻ, എന്റെ കുടുംബത്തെ കാണാൻ ഞാൻ ആവശ്യപ്പെട്ടു. ഞാൻ രണ്ടുതവണ അവരോട് അത് ആവർത്തിച്ചു. ആശുപത്രി ജീവനക്കാരിൽ ഒരാളായ ഒരു സ്ത്രീ ഡോക്ടറെ വിളിച്ചു. ഡോക്ടർ എത്തി എന്നോട് അനങ്ങാതിരിക്കാൻ ആജ്ഞാപിച്ചു. ആശുപത്രിയിലെ അഞ്ച് ജീവനക്കാർ ചേർന്ന് എന്റെ കൈകളും കാലുകളും കെട്ടിയിട്ടു. പിന്നീട് ഐ.സി.യുവിൽ ആരുമില്ലാതിരുന്നപ്പോൾ ഞാൻ രക്ഷപ്പെടുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

വീഡിയോ വൈറലായതോടെ, ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചു.

 

Content Highlight: Man said to be in coma walks out of ICU, exposes alleged Rs 1 lakh hospital scam in Madhya Pradesh