ന്യൂദല്‍ഹി: കര്‍ഷക സമരങ്ങള്‍ നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ യുവാവിനെ കൊലപ്പെടുത്തി പൊലീസ് ബാരിക്കേഡില്‍ കെട്ടി വെച്ചു. ഇടതു കൈപ്പത്തി വെട്ടിയെടുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
‘നിഹാംഗ്’ എന്നറിയപ്പെടുന്ന സിഖ് സമൂഹമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ഒരു കൂട്ടം നിഹാംഗുകള്‍ മരിച്ചയാളുടെ മേല്‍ കേറിനില്‍ക്കുന്നതും, മുറിച്ച കൈയില്‍ നിന്നും ചോരയൊലിക്കുന്നതുമായ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിഗമനം.
വാളും കുന്തവുമായി മരണപ്പെട്ടയാള്‍ക്ക് ചുറ്റും നില്‍ക്കുന്ന നിഹാംഗുകള്‍ അയാളോട് പേരും ഏത് ഗ്രാമത്തില്‍ നിന്നുമാണ് വന്നിട്ടുള്ളതുമെന്നും പറയാന്‍ ആവശ്യപ്പെടുകയും ക്രൂരമായി മര്‍ദിക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
കൊല്ലപ്പെട്ട യുവാവ് ആരാണെന്ന് ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹേബിനെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് നിഹാംഗുകള്‍ ഇയാളെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സംഭവത്തില്‍ പങ്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അതേസമയം കൊടും ക്രൂരതയുടെ ഉത്തരവാദിത്തം സംയുക്ത കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിനാണെന്ന് കുറ്റപ്പെടുത്തി ബി.ജെ.പി രംഗത്ത് വന്നു.
സംഭവത്തോട് പ്രതികരിക്കാന്‍ പൊലീസ് ഇനിയും തയ്യാറായിട്ടില്ല. മൃതദേഹം സോനിപത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ സമാനമായ സംഭവം നടന്നിരുന്നു. കൊവിഡ് ലോക്ഡൗണ്‍ സമയത്ത് യാത്രാപാസ് ആവശ്യപ്പെട്ട 4 പൊലീസുകാരെ ആക്രമിച്ചതായിരുന്നു അന്ന് നിഹാംഗുകള്‍ക്കെതിരെ ചുമത്തിയ കുറ്റം.
ആക്രമണത്തില്‍ എ.എസ്.ഐ ഹര്‍ജീത് സിംഗിന്റെ കൈ വെട്ടിമാറ്റുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന് പിന്നീട് ശസ്ത്രക്രിയയിലൂടെ കൈ തുന്നിച്ചേര്‍ക്കുകയും പഞ്ചാബ് പൊലീസ് പ്രമോഷന്‍ നല്‍കുകയും ചെയ്തിരുന്നു.