| Saturday, 13th August 2022, 3:06 pm

നുപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ ആഹ്വാനം; ജയ്‌ഷെ മുഹമ്മദ് ഏര്‍പ്പെടുത്തിയ യുവാവിനെ കോടതിയില്‍ ഹാജരാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രവാചക നിന്ദ നടത്തിയ നുപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ ജയ്‌ഷെ മുഹമ്മദ് (ജെ.ഇ.എം) ഏര്‍പ്പെടുത്തിയ യുവാവിനെ എന്‍.ഐ.എ കോടതിക്ക് മുമ്പില്‍ ഹാജരാക്കി. ഉത്തര്‍പ്രദേശിലെ സഹന്‍പൂര്‍ സ്വദേശിയായ മുഹമ്മദ് നദീമിനെയാണ് കോടതിക്ക് മുമ്പില്‍ ഹാജരാക്കിയിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) നദീമിനെ പിടികൂടിയത്.

വാട്‌സ്ആപ്പ്, ടെലഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ നദീം ഭീകര സംഘടനകളായ ജെ.ഇ.എം, തെഹ്രീകെ താലിബാന്‍ തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും യു.പി എ.ടി.എസ് പറഞ്ഞു.

നദീമിന്റെ ഫോണില്‍ നിന്ന് ചാറ്റുകളും വോയിസ് മെസേജുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രവാചക നിന്ദ നടത്തിയതിന് മുന്‍ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ സംഘടനകള്‍ നദീമിനെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ചോദ്യം ചെയ്യലില്‍ താന്‍ 2018 മുതല്‍ ജെ.ഇ.എമ്മുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും പ്രത്യേക പരിശീലനത്തിനായി പാകിസ്ഥാനിലേക്കും സിറിയയിലേക്കും ആ സംഘടന തന്നെ ക്ഷണിച്ചിരുന്നതായും നദീം സമ്മതിച്ചിട്ടുണ്ട്.

മെയ് 28നായിരുന്നു ഗ്യാന്‍വാപി വിഷയത്തില്‍ ടൈംസ് നൗ ചാനലില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്കിടെ നുപുര്‍ ശര്‍മ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി സംസാരിക്കുകയായിരുന്നു. മുസ്‌ലിങ്ങള്‍
ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്തൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു.

അതേസമയം നുപുര്‍ ശര്‍മയെ സുപ്രീം കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.

നുപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ടതിന് 22കാരനായ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചിരുന്നു.
അഹമ്മദ് നഗര്‍ സ്വദേശിയായ സണ്ണി രാജേന്ദ്ര പവാര്‍ എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്.
ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പ്രധാന പ്രതികള്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വടിവാള്‍ ഉള്‍പ്പെടെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്.

അഹമ്മദ്നഗര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 222 കിലോമീറ്റര്‍ അകലെ കര്‍ജാത്ത് പട്ടണത്തിലെ അക്കാബായ് ചൗക്കിലാണ് അക്രമണം നടന്നത്. സംഘം ചേര്‍ന്നെത്തിയ 14 പേര്‍ വാള്‍, വടി, ഹോക്കി സ്റ്റിക്കുകള്‍ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കേസിലെ പരാതിക്കാരനായ പവാറും സുഹൃത്തും മെഡിക്കല്‍ ഷോപ്പിന് സമീപം സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായത്.

നുപുര്‍ ശര്‍മയെ അനുകൂലിച്ച് യുവാവ് പോസ്റ്റിട്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടെന്നും ആക്രോശിച്ച് അക്രമകാരികള്‍ എത്തുകയായിരുന്നുവെന്നും പിന്നീട് കയ്യില്‍ കരുതിയ മാരകായുധങ്ങള്‍ കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

Content Highlight; Man produced before court who is tasked to murder nupur sharma by JeM

Latest Stories

We use cookies to give you the best possible experience. Learn more