ജയ്പൂര്‍: തുറന്ന സ്ഥലത്ത് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുകയായിരുന്ന സ്ത്രീകളെ വിരട്ടുകയും അവരുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത നഗരസഭാ ഉദ്യോഗസ്ഥരെ തടഞ്ഞ മധ്യവയസ്‌കനെ അടിച്ച കൊന്നു. രാജസ്ഥാനിലെ ബഗ്‌വാസ കാച്ചി ബാസ്റ്റിയിലാണ് സംഭവം.
രാവിലെ ആറരയോടെയാണ് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനായി സ്ത്രീകള്‍ തുറന്ന പ്രദേശത്തെത്തിയത്. ഈ പ്രദേശം ഉള്‍പ്പെടുന്ന നഗരസഭയിലെ ഉദ്യോഗസ്ഥരാണ് സ്ത്രീകളെ വിരട്ടുകയും ചിത്രമെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
ഇതിനിടെ സ്ഥലത്തെത്തിയ സഫര്‍ ഖാന്‍ എന്നയാളാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. തുടര്‍ന്നാണ് ഇയാളെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കാനാരംഭിച്ചത്. വടികള്‍ കൊണ്ടുള്ള മര്‍ദ്ദനമേറ്റാണ് സഫര്‍ ഖാന്‍ മരിച്ചത്. സംഭവത്തില്‍ സഫറിന്റെ സഹോദരനായ നൂര്‍ മൊഹമ്മദ് പൊലീസില്‍ പരാതി നല്‍കി.
നഗരസഭയിലെ ഉദ്യോഗസ്ഥരായ കമല്‍ ഹരിജന്‍, റിതേഷ് ഹരിജന്‍, മനിഷ് ഹരിജന്‍, നഗര്‍ പരിഷദ്, അശോക് ജെയിന്‍ എന്നിവര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.