| Saturday, 30th November 2024, 5:26 pm

വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി. കിളിമാനൂര്‍ സ്വദേശിയായ ബിജു (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

നവംബര്‍ 17 നാണ് ബിജു ആക്രമിക്കപ്പെട്ടത്. പിന്നാലെ പ്രതിയായ രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം മടത്തറ സ്വദേശിയാണ് പ്രതി.

മകളെ വിവാഹം ചെയ്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ പെണ്‍കുട്ടിയുടെ പിതാവിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് വിവാഹ പ്രായമായിട്ടില്ലെന്നാണ് ബിജു മറുപടി നല്‍കിയത്.

തുടര്‍ന്ന് 17ന് രാത്രി ഒമ്പതരയോടെ പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ള ഒരു ജംഗ്ഷനിലെത്തിയ പ്രതി ബിജുവിനെ തല്ലി താഴെവീഴ്ത്തുകയായിരുന്നു. പിന്നാലെ ബിജുവിന്റെ ശരീരത്തില്‍ കേറിയിരുന്ന് ബിജുവിന്റെ തലയ്ക്ക് പാറക്കല്ല് കൊണ്ട് അടിക്കുകയും ചെയ്തു.

മര്‍ദനം നടക്കുന്ന സമയം സ്ഥലത്തുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് ബിജുവിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അമിത രക്തസ്രാവം മൂലം പെണ്‍കുട്ടിയുടെ പിതാവ് അബോധാവസ്ഥയിലേക്ക് പോകുകയായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ബിജു മരിച്ചത്.

പ്രതിയായ രാജീവ് നിലവില്‍ റിമാന്‍ഡിലാണ്. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ നേരത്തെ കേസ് ഫയൽ ചെയ്തിരുന്നത്.

Content Highlight: man kills girls father who rejected marriage proposal in kilimanoor

We use cookies to give you the best possible experience. Learn more