ദുര്‍ഗാപൂജയ്ക്കിടെ ബീഹാറില്‍ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി; വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
national news
ദുര്‍ഗാപൂജയ്ക്കിടെ ബീഹാറില്‍ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി; വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th October 2020, 6:16 pm

പട്‌ന: ബീഹാറിലെ മുംഗാറില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി സംഘര്‍ഷം. സംഘര്‍ഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുംഗര്‍ പൊലീസ് സൂപ്രണ്ട് ലിപി സിങ് പറഞ്ഞു.

ദുര്‍ഗപൂജയുമായി ബന്ധപ്പെട്ട വിഗ്രഹ നിമജ്ജനത്തിനിടെയാണ് പൊലീസും നാട്ടുകാരും സംഘര്‍ഷമുണ്ടായത്. ഇതിനിടെയുണ്ടായ വെടിവെപ്പിലാണ് അനുരാഗ് പോഡാര്‍ എന്ന യുവാവ് മരിച്ചത്.

അതേസമയം. പൂജ ആഘോഷങ്ങള്‍ക്കിടെ ചില സാമൂഹികവിരുദ്ധര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞെന്നും ഇതേത്തുടര്‍ന്നാണ് ലാത്തി വീശിയതെന്നുമാണ് പൊലീസ് പറയുന്നത്.

സംഘര്‍ഷത്തിനിടെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് ആരോ വെടിയുതിര്‍ത്തെന്നും പൊലീസ് പറഞ്ഞു. കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇപ്പോള്‍ സ്ഥിതിഗതികള്‍ സമാധാനപരമാണെന്നും പൊലീസ് ജനങ്ങളെ മര്‍ദിച്ചെന്നത് വ്യാജ പ്രചാരണമാണെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു. സംഘര്‍ഷം നടന്ന സ്ഥലത്ത് നിന്ന് മൂന്ന് തോക്കുകളും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇതിനിടെ വിഗ്രഹവുമായി നില്‍ക്കുന്നവര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബീഹാര്‍ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് സംഘര്‍ഷമുണ്ടായിരിക്കുന്നത്. ഇതേത്തുടര്‍ന്ന് എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍ അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

മുംഗാര്‍ പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും എസ്.പി.യെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ചിരാഗ് പറഞ്ഞു. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Bihar Munger Riots Durga pooja Celebrations