ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു. ബധേര്‍വയില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. നയീം ഷായ്ക്കാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ബധേര്‍വ താഴ്‌വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നയീം ഷായ്‌ക്കൊപ്പമുണ്ടായിരുന്ന ആള്‍ക്കും വെടിവെപ്പില്‍ പരിക്കേട്ടിട്ടുണ്ട്. നയീം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. നാടന്‍ തോക്കുപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം, ഗോ സംരക്ഷകരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവം നടക്കുന്നതിനു തലേ ദിവസം രണ്ടു യുവാക്കളെ സംശയാസ്പദമായ സാഹചര്യത്തില്‍ ബധേര്‍വയില്‍ കണ്ടിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു.
സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. വാഹനങ്ങള്‍ക്ക് തീയിട്ടു. റോഡുപരോധിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിവീശിയ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
അന്വേഷണം തുടങ്ങിയതായും രണ്ടുപേരെ പിടികൂടിയതായും ഏഴുപേരെ ചോദ്യം ചെയ്തതായും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ബധേര്‍വ ജില്ലയിലെ ഇന്റര്‍നെറ്റ് പൂര്‍ണമായും വിഛേദിച്ചതായും പൊലീസ് അറിയിച്ചു.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കശ്മീരിലെ ഉദംപൂര്‍ ജില്ലയില്‍ 2015 ല്‍ ട്രക്ക് ഡ്രൈവറെ പശുവിന്റെ പേരില്‍ കൊലപ്പെടുത്തിയിരുന്നു.