ഇസ്താംബൂൾ: തുർക്കിയിൽ ഇസ്താംബൂളിലെ കത്തോലിക്ക ചർച്ചിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രതിയെ 24 മണിക്കൂറിനകം പിടികൂടുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. ഞായറാഴ്ചയാണ് ഇസ്താംബൂളിലെ ക്രിസ്ത്യൻ മത വിഭാഗത്തിന്റെ കത്തോലിക്കാ ചർച്ചിൽ ആരാധനക്കിടെ വെടിവെപ്പ് ഉണ്ടായത്.
‘മുഖംമൂടി ധരിച്ച രണ്ട് ആയുധധാരികൾ ഒരാളെ വെടിവെച്ചു കൊന്നതായി തുർക്കി അധികൃതർ സ്ഥിരീകരിച്ചു. ഇസ്‌താംമ്പൂളിന്റെ വടക്ക്കിഴക്കു ഭാഗത്തുള്ള ഇറ്റാലിയൻ സാന്താ മരിയ പള്ളിയിലാണ് ആക്രമണം നടന്നത്.
കൊലയാളികൾ കൊല്ലപ്പെട്ട വ്യക്തിയെ മനഃപൂർവം ലക്ഷ്യം വെച്ചതായി തോന്നുന്നു. അവർ മുഖംമൂടികൾ ഉപയോഗിച്ച് മുഖം മറച്ചിരുന്നു ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.അക്രമികളെ ഉടൻതന്നെ പിടികൂടും,’ തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.
കൊല്ലപ്പെട്ടയാൾ തുർക്കി പൗരൻ ആണെന്നും സംഭവവുമായി ബന്ധപ്പെട്ട് മറ്റാർക്കും പരിക്കുകൾ ഒന്നുമില്ലായെന്നും ഇസ്താംബൂൾ ഗവർണർ ദാവൂത് ഗുൽ അറിയിച്ചു.
സംഭവത്തിൽ തുർക്കി പ്രസിഡൻറ് എർദോഗൻ ഖേദം പ്രകടിപ്പിച്ചു. നാലുമണിക്കൂറിനുള്ളിൽ കൊലയാളികളെ കണ്ടെത്തുമെന്നും പ്രതികളെ കണ്ടെത്താനുള്ള ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ഫ്രാൻസിസ് മാർപാപ്പയും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
തുർക്കിഷ് മാധ്യമങ്ങൾക്ക് ലഭിച്ച സി.സി.ടി.വി ദൃശ്യത്തിൽ കൊലയാളികൾ ചർച്ചിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമാണ്. ആയുധധാരികളായ രണ്ടുപേർ ചർച്ചിലേക്ക് പ്രവേശിക്കുന്നതും കറുത്ത വസ്ത്രം ധരിച്ചു ഒരാളെ പിന്തുടരുന്നതും തിരിച്ച് ചർച്ചിൽ നിന്ന് മടങ്ങുന്നതും കാണാം.