| Sunday, 20th April 2014, 2:14 pm

ഫെയ്‌സ്ബുക്ക് പ്രണയം : കാമുകിയെ കൊന്ന് യുവാവ് ജീവനൊടുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ജബല്‍പൂര്‍: ഫെയ്‌സ്ബുക്കിലൂടെ പ്രണയിച്ച സ്ത്രീ മൂന്ന് കുട്ടികളുടെ മാതാവാണെന്നറിഞ്ഞ 22 കാരന്‍ കാമുകിയെ വെടിവെച്ച് കൊന്ന് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ സ്വദേശിയായ വിനീത് സിങാണ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ജബല്‍പൂര്‍ സ്വദേശി ജ്യോതി കോറിയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവര്‍ മൂന്ന് വര്‍ഷമായി നിരന്തരം ചാറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും പരസ്പരം കണ്ടിരുന്നില്ല. മൂന്നു കുട്ടികളുടെ മാതാവായ ഇവര്‍ വ്യാജ പ്രൊഫൈലുണ്ടാക്കി യുവാവിനെ പറ്റിക്കുകയായിരുന്നു.

45 വയസ്സുള്ള ഇവര്‍ ഫെയ്‌സ്ബുക്കില്‍ 21 വയസ്സായിരുന്നു നല്‍കിയിരുന്നത്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥന്റെ ഭാര്യയായ ജ്യോതി കോറിക്ക് 21 വയസ്സുള്ള മകളടക്കം മൂന്ന് കുട്ടികളുണ്ട്. ഇതെല്ലാം അവര്‍ മറച്ചുവെച്ചുകൊണ്ടായിരുന്നു യുവാവുമായി ചാറ്റ് ചെയ്തിരുന്നത്.

നീണ്ടുനിന്ന പ്രണയത്തിനൊടുവില്‍ ജബല്‍പ്പൂരിലെ വെള്ളച്ചാട്ടത്തിനടുത്ത് വെച്ച് കാണാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാല്‍ ജ്യോതിയെ കണ്ട വീനീത് താനിത്രയും നാളും പ്രണയിച്ചതൊരു വീട്ടമ്മയെ ആണെന്നു മനസ്സിലാക്കിയ വിനീത് ഇവരെ വെടിവെച്ച് കൊന്ന ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു.

തലയ്ക്ക് മാരകമായി പരിക്കേറ്റ ഇയാളെ പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആശുപത്രിയിലേക്ക് പോകുന്ന വഴി വിവാഹിതയായ സ്ത്രീ തന്നെ വഞ്ചിച്ചു എന്ന് വിനീത് വിളിച്ചുപറയുന്നുണ്ടായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more