തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടി നിര്‍ബന്ധമായും ബി.ജെ.പി നേതാക്കള്‍ കേട്ടിരിക്കണമെന്ന് സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശം. മന്‍കീ ബാത്ത് ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും അതിനാല്‍ സംസ്ഥാന അധ്യക്ഷന്‍ മുതല്‍ താഴോട്ടുള്ള മുഴുവന്‍ ഭാരവാഹികളും കേള്‍ക്കാനും ചര്‍ച്ച ചെയ്യാനുമാണ് നിര്‍ദേശം.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി 2014 ഒക്ടോബറില്‍ ആരംഭിച്ച മന്‍ കീ ബാത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ പോലും കാര്യമായി എടുക്കുന്നില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു. ഈ അവസ്ഥ മാറ്റണമെന്നാണ് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയ നിര്‍ദേശം.
Also Read പരസ്യമായി പശുവിനെ ബലികൊടുക്കും: ബി.ജെ.പിയെ വെല്ലുവിളിച്ച് ജാര്‍ഖണ്ഡിലെ ആദിവാസി നേതാവ്
ബൂത്തടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ ഒന്നിച്ചിരുന്ന പ്രഭാഷണം കേള്‍ക്കണമെന്നും കുട്ടികളും സ്ത്രീകളുമടങ്ങുന്ന പാര്‍ട്ടി ബന്ധുക്കളെയും പ്രഭാഷണം കേള്‍ക്കാന്‍ പ്രേരിപ്പിക്കണമെന്നും പ്രക്ഷേപണ സമയത്ത് മറ്റ് പാര്‍ട്ടി പരിപാടികളും സ്വകാര്യ പരിപാടികളും വേണ്ടെന്നു വെയ്ക്കാനും സംസ്ഥാന സമിതി നിര്‍ദേശിക്കുന്നുണ്ട്.
എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് മന്‍ കീ ബാത്ത് പ്രക്ഷേപണം നടത്തുന്നത്. പ്രഭാഷണത്തെ കുറിച്ച് തുടര്‍ചര്‍ച്ചകള്‍ നടത്തണമെന്നും സംസ്ഥാനസമിതി പാര്‍ട്ടി ഭാരവാഹികളോട് നിര്‍ദ്ദേശിക്കുന്നുണ്ട്.