| Monday, 9th April 2018, 6:23 pm

ഹര്‍ത്താലിനെ തെറിവിളിച്ച് ബി.ജെ.പി അനുകൂലിയുടെ ഫേസ്ബുക്ക് ലൈവ്; വെല്ലുവിളി ഏറ്റെടുത്ത് കടയടപ്പിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പന്തളം: ഹര്‍ത്താലിന് കട തുറന്ന് ഫേസ്ബുക്ക് ലൈവിലൂടെ ദളിതരെ വെല്ലുവിളിച്ച ബി.ജെ.പി അനുകൂലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടയടപ്പിക്കാന്‍ ദളിത് പ്രവര്‍ത്തകരെ വെല്ലുവിളിച്ച ഇയാളുടെ സ്റ്റുഡിയോ ഹര്‍ത്താല്‍ അനുകൂലികള്‍ വന്ന് അടപ്പിക്കുകയും ചെയ്തു. പന്തളം സ്വദേശി ശ്രീജിത്ത് ആണ് ഹര്‍ത്താല്‍ അനുകൂലികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലായത്.

കുളനട ടൗണിലുള്ള സ്വന്തം സ്റ്റുഡിയോ തുറന്ന് അതിന് മുന്നില്‍ നിന്നാണ് ശ്രീജിത്ത് ഫേസ്ബുക്ക് ലൈവ് ആരംഭിച്ചത്. ഹര്‍ത്താല്‍ അനുകൂലികളെ അസഭ്യം പറഞ്ഞും ധൈര്യമുണ്ടെങ്കില്‍ സ്റ്റുഡിയോ അടപ്പിക്കൂ എന്ന് വെല്ലുവിളിച്ചുമാണ് ഇയാള്‍ ലൈവില്‍ സംസാരിച്ചത്. പാഴ്ജന്മങ്ങളും തെമ്മാടികളെന്നുമാണ് ഇയാള്‍ ദളിതരെ വിളിച്ചത്. ഒരു ഹിന്ദുവിന്റെ വാഹനമെങ്കിലും തടഞ്ഞാല്‍ നേരെ ചൊവ്വേ ആരും വീട്ടില്‍ പോവില്ല എന്ന ഭീഷണിയും ഇയാള്‍ വീഡിയോയിലൂടെ ഉയര്‍ത്തിയിരുന്നു.

“ഏതാണ്ടൊക്കെയാ ഒണ്ടാക്കാന്‍ വന്ന കുറേ പാഴ്ജന്മങ്ങള്‍ അവിടെ നില്‍ക്കുന്നുണ്ട്. കുറേ വിവരം കെട്ട തെമ്മാടികള്‍ അവിടെ നിന്ന് എന്തൊക്കെയോ കാട്ടുമെന്ന് പറയുന്നുണ്ട്. ഏതെങ്കിലും ഒരു ഹൈന്ദവന്റെ ഒരു വാഹനം ഇവര് തടയുകയോ അക്രമിക്കുകയോ ചെയ്താല്‍ കുളനട ഗ്രാമപഞ്ചായത്തിന്റെ പരിധിവിട്ട് ഇവന്മാര്‍ മര്യാദക്ക് നടന്ന് പോവില്ല. നട്ടെല്ലുള്ളവന്‍മാര്‍ ഇങ്ങോട്ട് വാ. പച്ചക്ക് പറയുകയാണ്. എന്റെ കട അടപ്പിക്കാന്‍ വന്നാല്‍ മുട്ട് കാല് തല്ലിയൊടിക്കും. അതിപ്പോ കേ.ഡി.പിയുടെ സംസ്ഥാന പ്രസിഡന്റല്ല, ഇന്നലെ വെല്ലുവിളിച്ച ഗീതാനന്ദനോ പ്രാക്കാനമോ, ഏതവളായാലും.” – ശ്രീജിത്ത് ലൈവിലൂടെ പറഞ്ഞു.


Read Also: എന്നെ തിരുമേനീ എന്ന് വിളിക്കരുത്; തോമാശ്ലീഹ ബ്രാഹ്മണരെ ക്രിസ്ത്യാനികളാക്കിയെന്ന സവര്‍ണജാതിബദ്ധ അബദ്ധധാരണ തകര്‍ക്കപ്പെടണമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ്


ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സംഘടിച്ചെത്തി ഇയാളുടെ കട അടപ്പിക്കുകയായിരുന്നു. ഹര്‍ത്താല്‍ അനുകൂലികളുടെ പരാതിയില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന് മുന്‍പും ഇത്തരം പ്രകോപനപരമായ വീഡിയോകളിലൂടെ ഫേസ്ബുക്കില്‍ കുപ്രസിദ്ധനാണ് ശ്രീജിത്ത് പന്തളം.

We use cookies to give you the best possible experience. Learn more