| Sunday, 28th July 2019, 10:57 am

ബീഫ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച യുവാവിനു സംഘപരിവാര്‍ ആക്രമണം; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ട ആക്ടിവിസ്റ്റിനെ അറസ്റ്റു ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂര്‍: ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് സംഘപരിവാര്‍ ആക്രമിച്ച യുവാവിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ട ആക്ടിവിസ്റ്റിനെ പൊലിസ് അറസ്റ്റു ചെയ്തു.

ദ്രാവിഡര്‍ വിടുതലൈ കഴകം (ഡി.വി.കെ) പ്രവര്‍ത്തകന്‍ രത്നാപുരി സ്വദേശി നിര്‍മല്‍ കുമാറിനെയാണ് മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തത്.

ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. യുവാവിന് പിന്തുണയര്‍പ്പിച്ചും യുവാവിനെ ആക്രമിച്ച ഹിന്ദു മക്കള്‍ കച്ചി പ്രസിഡന്റ് അര്‍ജുന്‍ സമ്പത്തിനെ വെല്ലുവിളിച്ചുമാണ് നിര്‍മല്‍ കുമാര്‍ ഫേസ്ബുക്കി ല്‍ പോസ്റ്റിട്ടത്.

”ഞാന്‍ നിങ്ങളുടെ നഗരമായ കോയമ്പത്തൂരിലാണുള്ളത്. ബീഫ് കഴിക്കുന്ന ചിത്രം ഞാനും പോസ്റ്റ് ചെയ്യുകയാണ്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വാ. ബീഫ് കഴിക്കുന്നവരെ നിങ്ങള്‍ കൊല്ലുമോ? ഹിന്ദുമതഭ്രാന്താ” എന്നായിരുന്നു നിര്‍മല്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റ് മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്നതാണെന്ന് കാണിച്ച് ഒരാള്‍ കാട്ടൂര്‍ പൊലിസില്‍ നിര്‍മലിനെതിരെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഐ.പി.സി 505 പ്രകാരം നിര്‍മലിനെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ നിര്‍മലിനെ ആഗസ്ത് ഒമ്പതു വരെ റിമാന്‍ഡ് ചെയ്തു.

ജൂലൈ 21ന് ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ അര്‍ജുന്‍ സമ്പത്തും സംഘവും നാഗപട്ടണത്ത് വച്ച് ആക്രമിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തയുടന്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് പൊലീസ് അറസ്റ്റു ചെയ്തു.

നേരത്തെ, തഞ്ചാവൂര്‍ ജില്ലയില്‍ കുംഭക്കോണത്ത് നടക്കുന്ന ബീഫ് ഫെസ്റ്റിവലിലേക്ക് ക്ഷണിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട മറ്റൊരു യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more