| Saturday, 12th October 2024, 11:30 am

യു.പിയിൽ 10 വയസുകാരിയായ മകളെ കയറുകൊണ്ട് തലകീഴായി കെട്ടിത്തൂക്കി മർദിച്ചു; പിതാവ് അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ തൻ്റെ 10 വയസ്സുകാരിയായ മകളെ കയർ കൊണ്ട് തലകീഴായി കെട്ടിത്തൂക്കി മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ.

താൻ പറഞ്ഞത് അനുസരിക്കാതിരുന്ന മകളെ 45 കാരനായ പിതാവ് ഗോവിന്ദ് റായ് റൈക്വാർ ക്രൂരമായി മർദിക്കുകയായിരുന്നെന്ന് ബാർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ ) രാജാ ദിനേഷ് സിങ് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ ആരോ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം ജനശ്രദ്ധ നേടുന്നത്. തുടർന്ന് പൊലീസ് പിതാവിനെതിരെ കേസ് എടുക്കുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയായ പിതാവിനെ ജയിലിലേക്ക് അയച്ചു.

സമാനമായ മറ്റൊരു സംഭവത്തിൽ ഛത്തീസ്‌ഗഢിലും ഉണ്ടായി. ഛത്തീസ്‌ഗഡിലെ ഒരു പിതാവ് കളിപ്പാട്ടത്തെ ചൊല്ലി വഴക്കിട്ടതിന് തന്റെ എട്ട് വയസ്സുള്ള മകളെ അടിച്ച് കൊല്ലുകയും ഒമ്പത്കാരിയായ മറ്റൊരു മകളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.

ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അലീഷ പർവീനും (എട്ട് ) അലീന പർവീനും (ഒമ്പത് ) തമ്മിൽ ജഞ്ച്ഗിർ-ചമ്പയിലെ വീട്ടിൽ കളിപ്പാട്ടത്തെച്ചൊല്ലി വഴക്കുണ്ടായി. മെക്കാനിക്കായി ജോലി ചെയ്തിരുന്ന അവരുടെ പിതാവ് സൽമാൻ അലി (35) സ്ഥലത്തെത്തുകയും കുട്ടികളോട് ദേഷ്യപ്പെടുകയും അവരെ ആക്രമിക്കുകയുമായിരുന്നു.

Content Highlight: Man hangs 10-year-old daughter upside down with rope and beats

We use cookies to give you the best possible experience. Learn more