national news
ഹൈദരാബാദിലെ നഗരമധ്യത്തില്‍ യുവാവിനെ വെട്ടിക്കൊന്നു; സംഭവം പൊലീസ് നോക്കിനില്‍ക്കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 26, 10:03 am
Wednesday, 26th September 2018, 3:33 pm

ഹൈദരാബാദ്: പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ ഹൈദരാബാദ് നഗരമധ്യത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. യുവാവിനെ കൊലപ്പെടുത്തുന്ന സമയത്ത് സമീപത്തൂടെ പൊലീസ് വാഹനം കടന്നുപോകുന്നുണ്ടെങ്കിലും വാഹനം നിര്‍ത്തുകയോ സംഭവം എന്തെന്ന് അന്വേഷിക്കുകയോ ചെയ്തില്ല.

മഞ്ഞ ടീഷര്‍ട്ട് ധരിച്ചെത്തിയ ആള്‍ യുവാവിനെ വെട്ടിക്കൊല്ലുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവസമയം പൊലീസ് വാഹനം കടന്നുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.


“മോദി ജിയെ അപമാനിച്ച നീ മുടിഞ്ഞു പോകുമെടാ…”; റാഫേല്‍ നദാലിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയുമായി ട്രോളന്‍മാര്‍


നൂറ് കണക്കിനാളുകള്‍ ചുറ്റും കൂടിനില്‍ക്കെയായിരുന്നു അക്രമി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. നിരവധിയാളുകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയെങ്കിലും പലരും ഇയാളെ തടയാനായി മുന്നോട്ട് വന്നില്ല.

ആദ്യഘട്ടത്തില്‍ ഇയാളെ തടുക്കാനായി ഒരാള്‍ മുന്നോട്ട് വന്നെങ്കിലും മഴു ഉപയോഗിച്ച് വെട്ടുന്നത് കണ്ടതോടെ ഭയപ്പെട്ട് പിന്നോട്ട് മാറുകയായിരുന്നു.

യുവാവിനെ കൊലപ്പെടുത്തിയ ശേഷം മഴു താഴേക്ക് വലിച്ചെറിയുകയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ ആയുധം എടുത്ത് മാറ്റുന്നതും വീഡിയോയില്‍ കാണാം.

മഴു ഉപയോഗിച്ച് ഇയാളുടെ ദേഹത്ത് ആഞ്ഞുവെട്ടുമ്പോഴാണ് ഹൈദരാബാദ് പൊലീസിന്റെ വാഹനം ഇത് വഴി കടന്നുപോകുന്നത്. പ്രതികളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.

പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും കൊലപാതങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.