യുവാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി; പ്രതികരിക്കാതെ അരുംകൊല മൊബൈലില്‍ പകര്‍ത്തി ദൃക്‌സാക്ഷികള്‍, വീഡിയോ കാണാം
India
യുവാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി; പ്രതികരിക്കാതെ അരുംകൊല മൊബൈലില്‍ പകര്‍ത്തി ദൃക്‌സാക്ഷികള്‍, വീഡിയോ കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th May 2017, 7:39 pm

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പട്ടാപകല്‍ യുവാവിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. വടിവാളുപയോഗിച്ച് യുവാവിനെ ജനമധ്യത്തില്‍ വെട്ടിക്കൊലപ്പെടുത്തിയിട്ടും ആരും സഹായിക്കാനെത്തിയില്ലെന്നു മാത്രമല്ല, സംഭവം വീഡിയോയില്‍ പകര്‍ത്തുന്നതിലായിരുന്നു ദൃക്‌സാക്ഷികളുടെ ശ്രദ്ധ. കടപ്പയിലാണ് സംഭവം.

മരുതി റെഡ്ഡിയെന്ന 32 കാരനാണ് കൊല്ലപ്പെട്ടത്. മരുതി റെഡ്ഡി കോടതിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. രണ്ടു പേര്‍ റെഡ്ഡിയെ അക്രമിച്ച ശേഷം ഓട്ടോറിക്ഷയിലേക്ക് വലിച്ച് കയറ്റിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നാലെ വടിവാളുമായി എത്തിയ അക്രമികള്‍ തുരുതുരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഒരാള്‍ പിടിച്ച് നിര്‍ത്തുന്നതും മറ്റയാള്‍ നിരന്തരം വെട്ടുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.


Also Read: ‘തല്‍ക്കാലം കഞ്ഞികുടിച്ച് പോകാനുള്ള വകയൊക്കെ ഉണ്ട്’; രാഷ്ട്രീയം പറയുന്നതിനെ ട്രോളാന്‍ വന്ന ‘ജനനായകന്’ അഭിനയിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റടക്കം നല്‍കി വായടപ്പിച്ച് ജോയ് മാത്യു


അക്രമികള്‍ ഇയാളെ തിരക്കേറിയ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുന്നത് നോക്കി നില്‍ക്കുകയായിരുന്നു ജനകൂട്ടം. ചിലര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും സി.സി.ടിവി ക്യാമറയില്‍ പതിഞ്ഞു. ഒരാള്‍ പ്രതികരിച്ചെങ്കിലും മറ്റുള്ളവരുടെ പിന്തുണ കിട്ടിയില്ല. അക്രമികള്‍ പോയി കഴിഞ്ഞതിന് ശേഷവും ചിലര്‍ മാത്രമാണ് രക്തത്തില്‍ കുളിച്ച മൃതദേഹത്തിനരികിലേക്കെത്തിയത്. ഭൂരുഭാഗവും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു.

അതേസമയം, അക്രമികള്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. ഇവര്‍ സഹോദരങ്ങളാണെന്നാണ് കരുതുന്നത്. അക്രമികളുടെ ബന്ധുവിന് റെഡ്ഡിയുടെ സഹോദരിയുമായി അടുപ്പമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ കുടുംബങ്ങള്‍ വഴക്കിലായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന.