| Tuesday, 22nd April 2014, 9:08 am

ഗള്‍ഫിലേക്ക് ബ്രൗണ്‍ഷുഗര്‍ കടത്താന്‍ ശ്രമിച്ച കേസ്: ചോദ്യം ചെയ്ത് വിട്ടയച്ച ആള്‍ മരിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] വടകര: കുവൈത്തിലേക്ക് ബ്രൗണ്‍ ഷുഗര്‍ കടത്താന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത് വിട്ടയച്ച ആളെ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മരത്തൂര്‍ മേക്കോത്തുമുക്ക് ചാക്കോരി ശ്രീജിത്തിനെയാണ് (35) മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍ നിലയില്‍ തുങ്ങി മരിച്ച നിലയിലായിരുന്നു ഇയാള്‍.

എക്‌സൈസ് വകുപ്പാണ് ഇയാളെ ചോദ്യം ചെയ്തിരുന്നത്. കോഴിക്കോട്ടെ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഇന്ന് വീണ്ടും ഹാജറാകാന്‍ ശ്രീജിത്തിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയായിരുന്നു മരണം.

ശ്രീജിത്താണ് ബ്രൗണ്‍ ഷുഗര്‍ കുവൈത്തില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടതെന്നായിരുന്നു കേസില്‍ നേരത്തെ അറസ്റ്റിലായ മലപ്പുറം കാളികാവ് സ്വദേശി റാസിഖ് നല്‍കിയ മൊഴി. അതേസമയം ഇയാള്‍ക്ക് കേസുമായി നേരിട്ട് ബന്ധമില്ലെന്നാണ് എക്‌സൈസ് വകുപ്പ് കരുതുന്നത്.

പിതാവിന്റെ മരത്തെതുടര്‍ന്ന് കഴിഞ്ഞ മാസം നാട്ടിലെത്തിയതായിരുന്നു ശ്രീജിത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ക്ക് ഗള്‍ഫില്‍ നിന്നും വന്ന കോളുകളില്‍ മയക്കുമരുന്ന് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നോ എന്ന കാര്യം പോലീസ് പരിശോധിക്കും.

രണ്ട് ആഴ്ച്ച മുമ്പ് കുവൈത്തിലേക്കു പോവുകയായിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി ജറീഷിന്റെ കൈവശം ബ്രൗണ്‍ ഷുഗര്‍ കൊടുത്തുവിടാന്‍ ശ്രമിച്ചതാണ് കേസ്.
ഒരു കിലോ 28 ഗ്രാം വീതമുള്ള ആറ് പാക്കറ്റുകളിലായി ബ്രണ്‍ ഷുഗര്‍ പാന്റില്‍ ഒളിപ്പിച്ച് ജറീഷ് അറിയാതെ കുവൈത്തില്‍ എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ കൊണ്ടുപോകേണ്ട ലഗേജുകള്‍ പരിധിയില്‍ കൂടുതല്‍ ഭാരമുള്ളതിനാല്‍ പാന്റ്‌സ് വീട്ടില്‍ വെച്ച് ജറീഷ് കുവൈത്തിലേക്ക് മടങ്ങുകയായിരുന്നു.

We use cookies to give you the best possible experience. Learn more