ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ദളിത് വിവേചനം. സവര്‍ണജാതിക്കാരുടെ പറമ്പില്‍ ആടുകള്‍ കയറിയതിന്റെ പേരില്‍ ദളിത് കര്‍ഷകനെ പ്രദേശത്തെ സവര്‍ണ്ണ സമുദായംഗങ്ങള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തിന് ശേഷം ഇദ്ദേഹത്തോട് കാലില്‍ വീണ് മാപ്പ് പറയാനും ഇവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഏഴ് പേരേ പൊലീസ് അറസ്റ്റ് ചെയ്തു.
പോള്‍രാജ് എന്ന ദളിത് കര്‍ഷകനാണ് സവര്‍ണ്ണജാതിക്കാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായത്. മര്‍ദ്ദനം സഹിക്കവയ്യാതെ ഇയാള്‍ ഇവരുടെ കാലില്‍ വീണ് മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
പോള്‍രാജിന്റെ ആടുകള്‍ കൂട്ടം തെറ്റി പ്രദേശത്തെ സവര്‍ണ്ണജാതിക്കാരുടെ പറമ്പില്‍ കയറിയതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. ഇതിന്റെ പേരില്‍ നാല് ആടുകളെ നഷ്ടപരിഹാരമായി തങ്ങളെടുക്കുന്നുവെന്ന് ഇവിടുത്തെ തേവര്‍ സമുദായാഗംങ്ങള്‍ പോള്‍രാജിനോട് പറഞ്ഞു.
ശേഷം പോള്‍രാജിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. തൂത്തുക്കുടി കായത്താര്‍ ഒലൈക്കുളം ഗ്രാമത്തിലെ തേവര്‍ സമുദായാംഗങ്ങള്‍ കൂട്ടമായി എത്തി പോള്‍രാജിനെ മാറി മാറി അടിച്ചു. ഒടുവില്‍ സമുദായ നേതാവിന്റെ കാലില്‍ വീണ് നിരവധി തവണ മാപ്പ് പറയാന്‍ ഇവര്‍ പോള്‍രാജിനോട് പറഞ്ഞു.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ തേവര്‍ സമുദായംഗങ്ങള്‍ തന്നെ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. മുന്നാക്ക ജാതിക്കാരുടെ ഭൂമിയില്‍ പ്രവേശിച്ചാല്‍ ഗതി ഇതാകും എന്ന് പറഞ്ഞാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.
സംഭവം വിവാദമായതോടെ പൊലീസ് സ്വമേധയാ കേസ് എടുത്തു. തേവര്‍സമുദായത്തിലെ ഏഴ് പേരെ ജാമ്യമില്ലാ വകുപ്പുകളില്‍ അറസ്റ്റ് ചെയ്തു.
ദിവസങ്ങള്‍ക്ക് മുമ്പാണ് തമിഴ്‌നാട്ടിലെ തന്നെ കഡല്ലൂരില്‍ പഞ്ചായത്ത് പ്രസിഡന്റായ സ്ത്രീയ്ക്ക് നേരേയും ജാതീയധിക്ഷേപമുണ്ടായത്.
കഡല്ലൂരില്‍ പഞ്ചായത്ത് യോഗത്തിനിടെ പ്രസിഡന്റായ ദളിത് സ്ത്രീയെ തറയില്‍ ഇരുത്തിയതായി പരാതിയുയര്‍ന്നിരുന്നു.
തേര്‍ക്കുത്തിട്ടൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ രാജേശ്വരിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന ബോര്‍ഡ് മീറ്റിംഗിലാണ് രാജേശ്വരിയോട് തറയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് അവര്‍ പറഞ്ഞു.
ഇതാദ്യമായല്ല പഞ്ചായത്ത് യോഗങ്ങളില്‍ തന്നെ തറയിലിരുത്തുന്നതെന്നും എല്ലാ തവണയും നടക്കുന്ന പഞ്ചായത്ത് യോഗങ്ങളില്‍ തന്നെ കസേരയില്‍ ഇരിക്കാന്‍ അംഗങ്ങള്‍ അനുവദിക്കാറില്ലെന്നും രാജേശ്വരി പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍ രാജിനെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ തമിഴ്നാട്ടിലെ തന്നെ തിരുവള്ളൂരില്‍ ദളിത് വിഭാഗക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനെ സ്വാതന്ത്ര്യദിനത്തില്‍ പതാകയുയര്‍ത്തുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തിയതും ഏറെ ചര്‍ച്ചയായിരുന്നു. പ്രദേശത്തെ സവര്‍ണ്ണ ജാതിയില്‍പ്പെട്ട ചിലര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു പ്രസിഡന്റിനെ മാറ്റിനിര്‍ത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക