| Wednesday, 20th September 2017, 9:53 am

മുസാഫര്‍നഗര്‍ ബലാത്സംഗം വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമം; വ്യാജ വാര്‍ത്ത മെനഞ്ഞത് ട്വിറ്ററില്‍ മോദി ഫോളോ ചെയ്യുന്ന വ്യക്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയിലെ മുസാഫര്‍പൂരില്‍ 17 കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയും വിഷയത്തെ വര്‍ഗീയവത്ക്കരിക്കാനും ശ്രമം.

കഴിഞ്ഞ ദിവസമായിരുന്നു മുസാഫിര്‍പൂറില്‍ പെണ്‍കുട്ടിയെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തത്.

അമ്മാവന്റെ വീട്ടിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കവെ പെണ്‍കുട്ടിയെ നേരത്തെ അറിയാവുന്ന ചിലര്‍ കാറിലെത്തുകയും തങ്ങള്‍ മുസാഫര്‍പൂറിലേക്കാണെന്നും പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.


Dont Miss കോടിയേരിയും ജയരാജനും ഹിറ്റ്‌ലിസ്റ്റിലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്


ഈ വാര്‍ത്ത വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം ബലാത്സംഗം ചെയ്തതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സലീം, അസ്‌ലം, അക്രം, അയൂബ് തുടങ്ങിയ പ്രതികളെ തിരിച്ചറിയുകയും ചെയ്തിരുന്നു.

എന്നാല്‍ സംഭവം നടന്നതിന് പിന്നാലെ വിഷയത്തെ ആകെ വളച്ചൊടിച്ചും വര്‍ഗീയവത്ക്കരിച്ചുമായിരുന്നു ബി.ജെ.പി അനുഭാവിയും ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടരുന്ന വ്യക്തിയുമായ അനുഷുല്‍ സക്‌സേനയുടെ പ്രചരണം.

“”സലീം, അസ്ലം അക്രം, അയൂബ് തുടങ്ങിയവര്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മുസാഫര്‍നഗറിലെത്തുകയും 10 ദിവസത്തോളം ബലാത്സംഗത്തിന് വിധേയയാക്കുകയും ചെയ്തു. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മാംസം കഴിപ്പിക്കുകയും ഇസ്‌ലാം മതത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു അവര്‍”” -ഇതായിരുന്നു സക്‌സേന ട്വിറ്ററില്‍ കുറിച്ചത്. ബ്ലൂ ടിക്കോടെയുള്ള വെരിഫൈഡ് പ്രൊഫൈലില്‍ നിന്നായിരുന്നു ഇദ്ദേഹത്തിന്റെ ഈ വ്യാജ പ്രചരണം.

എന്നാല്‍ ഇദ്ദേഹത്തിന്റെ വാദത്തെ പൊളിച്ചടുക്കി മുസാഫര്‍നഗര്‍ പൊലീസ് രംഗത്തെത്തി. മാംസം കഴിക്കാനായി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു എന്നൊരു ആരോപണം ഇല്ലെന്നും ഏതെങ്കിലും മാധ്യമങ്ങള്‍ അങ്ങനെ വാര്‍ത്ത നല്‍കിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും അത്തരത്തില്‍ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും മുസാഫര്‍നാഗര്‍ പൊലീസിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ നിന്നും വ്യക്തമാക്കി.

അതേസമയം പ്രധാനമന്ത്രി ഫോളോ ചെയ്യുന്ന ഒരാളുടെ അക്കൗണ്ടില്‍ നിന്നും പ്രതികളുടെ പേര് ഉള്‍പ്പെടെ പുറത്ത് വിട്ടുകൊണ്ട് വിഷയത്തെ വളച്ചൊടിക്കാനുള്ള ശ്രമം അങ്ങേയറ്റം അപകടകരമാണെന്നാണ് ഉയരുന്ന ആരോപണം. വര്‍ഗീയസംഘര്‍ഷത്തിന് പേരുകേട്ട മുസാഫിര്‍ നഗര്‍പോലുള്ള ഒരു സ്ഥലത്ത് ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം ജനങ്ങളില്‍നിന്ന് മറച്ചുവെക്കുകയും പ്രദേശത്തെ കലാപത്തിലേക്ക് തള്ളിവിടാനുള്ള ചിലരുടെ ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്നും ചിലര്‍ ട്വിറ്ററില്‍ പ്രതികരിക്കുന്നു. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഒരു സമുദായത്തെ ഒന്നടങ്കം ലക്ഷ്യംവെച്ചുകൊണ്ടുള്ള ഇത്തരം ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നാണ് മറ്റുചിലര്‍ ട്വിറ്ററില്‍ കുറിക്കുന്നത്.

We use cookies to give you the best possible experience. Learn more