പത്തനംതിട്ട: ജില്ലയില്‍ ക്വാറന്റീന്‍ ലംഘിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടികൂടി ആരോഗ്യ പ്രവര്‍ത്തകരും പൊലീസും. പത്തനംതിട്ട ജില്ലയിലെ സെന്റ്പീറ്റേഴ്‌സ് ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് സംഭവം.
പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയില്‍ നിന്ന് പുറത്തു ചാടുകയായിരുന്നു. തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലെത്തിയ ഇയാളെ പിടികൂടാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിന്നാലെ എത്തുകയായിരുന്നു. പൊലീസും സ്ഥലത്തെത്തിയിരുന്നു.
ആരോഗ്യ പ്രവര്‍ത്തകരോട് ഒരു തരത്തിലും സഹകരിക്കാതിരുന്ന ഇയാള്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആംബുലന്‍സില്‍ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്വാറന്റീനില്‍ നിന്നും ചാടിയ വ്യക്തി ഒരു തരത്തിലും നാട്ടുകാരുമായി ഇടപഴകിയിട്ടില്ല. ഏത് സാഹചര്യത്തിലാണ് ജില്ലാ ജനറല്‍ ആശുപത്രയില്‍ നിന്നും സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഇയാള്‍ പുറത്തിറങ്ങിയെന്നത് വ്യക്തമല്ല.
ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഇയാള്‍ രണ്ട് ദിവസം മുമ്പാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. ഇയാള്‍ ചെറുതായി മാനസിക പ്രശ്‌നങ്ങള്‍ കാണിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ