മുംബൈ: ആസിഡ് ആക്രമണത്തിനിരയാക്കിയ യുവതിയെ തന്നെ വിവാഹം കഴിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി പ്രതി നല്‍കിയ അപേക്ഷയില്‍ അനുകൂല വിധിയുമായി ഹൈക്കോടതി. എട്ട് വര്‍ഷം മുന്‍പ് നടന്ന ആസിഡ് ആക്രമണ കേസില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചിരുന്ന പ്രതിയായ അനില്‍ പാട്ടീലിനെയാണ് കോടതി ശിക്ഷയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കി നല്‍കിയത്.
ആസിഡുകൊണ്ടു ആക്രമിച്ച സംഭവം യുവതിയുമായി സംസാരിച്ചു തീര്‍ത്ത് ഇവരെ തന്നെ വിവാഹം കഴിച്ചതിനാല്‍ തങ്ങളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതി നല്‍കിയ ഹരജിയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഇയാളുടെ ജീവപര്യന്തം ശിക്ഷ എട്ട് വര്‍ഷത്തേക്കായി ചുരുക്കി നല്‍കുകയായിരുന്നു.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ ആസിഡ് കൊണ്ട് ആക്രമിച്ച കേസില്‍ 2013ലായിരുന്നു ഇയാളെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്.
Also Read: അഭിമന്യുവിനെ കൊന്നത് സ്വയം രക്ഷയ്‌ക്കെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി
സംഭവം നടന്ന 2010 തൊട്ടുള്ള വര്‍ഷങ്ങള്‍ കണക്കാക്കിയാണ് ഇയാളെ കോടതി വെറുതെ വിട്ടത്.
യുവതിയുടെ പ്ലാസ്റ്റിക് സര്‍ജറിക്കുവേണ്ട എല്ലാ ചെലവുകളും വഹിക്കാമെന്നും വേണമെങ്കില്‍ സ്വന്തം ശരീരത്തില്‍ നിന്നും ത്വക്ക് നല്‍കാന്‍ വരെ തയ്യാറാണെന്നുമായിരുന്നു അനില്‍ പാട്ടീല്‍ ഹരജിയില്‍ പറഞ്ഞിരുന്നത്.
തനിക്ക് വിധിച്ച ശിക്ഷ ചെയ്ത കുറ്റത്തിന് ആനുപാതികമല്ലെന്നായിരുന്നു ഇയാളുടെ ഹരജിയിലെ പ്രധാന വാദം.
ജസ്റ്റിസ് ഭൂഷന്‍ ഗവായി, ജസ്റ്റിസ് സാരംഗ് കോട് വാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയുടെ ഹരജി പരിഗണിച്ചത്.
പ്രതി ജയിലില്‍ കിടന്ന എട്ട് വര്‍ഷം എന്നത് ചെയ്ത കുറ്റവും കേസും പരിഗണിക്കുമ്പോള്‍ ആവശ്യക്കൂടുതലാണെന്നായിരുന്നു ബെഞ്ചിന്റെ അഭിപ്രായം. സംഭവം പ്രതിയും ഇരയായ യുവതിയും തമ്മിലുളള പ്രണയബന്ധത്തെ തുടര്‍ന്നുണ്ടായതാണെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
Also Read: മഞ്ജുവാര്യര്‍ ഡബ്ല്യു.സി.സിയില്‍ നിന്നും രാജിവെച്ചെന്ന് റിപ്പോര്‍ട്ട്
ഹരജി പരിഗണിച്ച കോടതി ഇരുവരും വിവാഹിതരാണോയെന്ന് അന്വേഷിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. വിവാഹിതരാണെന്ന് കണ്ടെത്തിയതോടെ കോടതി ശിക്ഷാ കാലയളവ് ചുരുക്കി നല്‍കി പ്രതിയായ അനില്‍ പാട്ടീലിനെ വെറുതെ വിടുകയായിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ എതിര്‍പ്പുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ അപമാനിക്കുന്ന നടപടിയാണിതെന്ന് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ പറയുന്നു.
ആസിഡ് ആക്രമണത്തിനു ശേഷം പ്ലാസ്റ്റിക് സര്‍ജറിക്കുള്ള പണവും വിവാഹവുംകൊണ്ട് ശിക്ഷയില്‍ നിന്നും രക്ഷപ്പെടാമെന്നുള്ള സന്ദേശമാണ് ഇത് സമൂഹത്തിനു നല്‍കുന്നതെന്നും പ്രതികരണങ്ങളില്‍ പറയുന്നു.