| Sunday, 12th May 2019, 11:03 pm

ഇംഗ്ലണ്ടിലെ ചാമ്പ്യന്മാര്‍ മാഞ്ചസ്റ്റര്‍ സിറ്റി തന്നെ; ഗോള്‍ഡന്‍ ബൂട്ട് സലാ അടക്കം മൂന്ന് പേര്‍ പങ്കിട്ടു

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍: എവേ മത്സരത്തില്‍ ബ്രൈട്ടണെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ മാഞ്ചസ്റ്റര്‍ സിറ്റി 98 പോയന്റുകളുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി. 38 കളികളില്‍ നിന്നായാണ് സിറ്റി 98 പോയന്റുകള്‍ നേടിയത്. എന്നാല്‍ സീസണില്‍ ഒരു കളിയില്‍ മാത്രം പരാജയപ്പെട്ട ലിവര്‍പൂളിന് 97 പോയന്റുമായി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

72 പോയന്റുകളുമായി ചെല്‍സി മൂന്നാമതെത്തിയപ്പോള്‍ 71 പോയന്റുകള്‍ നേടി ടോട്ടനാം ഹോട്‌സ്പുര്‍ പ്രീമിയര്‍ ലീഗില്‍ നാലാമതെത്തി. പ്രീമിയര്‍ ലീഗില്‍ ആദ്യ നാലു സ്ഥാനങ്ങള്‍ നേടുന്ന ടീമുകളാണ് ചാമ്പ്യന്‍സ് ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെടുക.

കഴിഞ്ഞ ആഴ്ച വരെ ലീഗില്‍ ഒന്നാമതായി തുടര്‍ന്ന ലിവര്‍പൂളിന് കനത്ത തിരിച്ചടി നല്‍കിയാണ് സിറ്റി ചാമ്പ്യന്മാരായത്. ‘ഞങ്ങള്‍ സീസണില്‍ ഒരു കളിയില്‍ മാത്രമാണ് പരാജയപ്പെട്ടത്. ഞങ്ങള്‍ എല്ലാം നല്‍കി. അടുത്ത സീസണില്‍ ചാമ്പ്യന്‍ പട്ടത്തിനായി പോരാടും’- ലിവര്‍പൂളിന്റെ സൂപ്പര്‍താരം മുഹമ്മദ് സലാ സ്‌കൈ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

22 ഗോളുകള്‍ നേടിയ മുഹമ്മദ് സലാ, ആര്‍സനലിന്റെ പിയറി എമറിക് ഔബമെയംഗ്, ലിവര്‍പൂളിന്റെ സാദിയോ മാനെ  എന്നിവര്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരത്തിന് ലഭിക്കുന്ന ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം പങ്കിട്ടു.

We use cookies to give you the best possible experience. Learn more