അമരാവതി: ആരും വാഹനത്തില്‍ കയറ്റാന്‍ തയ്യാറാകാത്തതിനാല്‍ അമ്മയുടെ മൃതദേഹം ബൈക്കിലിരുത്തി ശ്മശാനത്തിലേക്ക് കൊണ്ടുപോകേണ്ടി വന്ന് മക്കള്‍. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം നടന്നത്.
കൊവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ച അമ്പതുകാരിയായ സ്ത്രീയെ തിങ്കളാഴ്ചയാണ് ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ പെട്ടെന്ന് ആരോഗ്യനില ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന്, പരിശോധനാഫലലം ലഭിക്കും മുന്‍പ് തന്നെ ഇവര്‍ മരണപ്പെടുകയായിരുന്നു.
പിന്നീട് പരിശോധനാഫലം വന്നപ്പോഴാണ് കൊവിഡായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നത്.
ഇവരുടെ ശവസംസ്‌കാരം നടത്താനായി മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ മക്കള്‍ ആംബുലന്‍സിനായി നിരവധി പേരെ സമീപിച്ചെങ്കിലും ആരും തയ്യാറാകുന്നില്ലായിരുന്നു. മറ്റു വാഹനങ്ങളുടെ ഉടമസ്ഥരും ഡ്രൈവര്‍മാരും തയ്യാറായില്ല.
കൊവിഡ് പകരുമെന്ന ഭീതി മൂലമാണ് തങ്ങള്‍ വാഹനങ്ങള്‍ വിട്ടുനല്‍കാത്തതെന്നും കൊണ്ടുപോകാന്‍ തയ്യാറാകാത്തതെന്നുമായിരുന്നു പലരും ഇവര്‍ക്ക് നല്‍കിയ മറുപടി. തുടര്‍ന്ന് ബൈക്കിന്റെ നടുവിലായി മൃതദേഹത്തെ ഇരുത്തി മകനും മരുമകനും ചേര്‍ന്ന് 20 കിലോമീറ്റര്‍ ശ്മശാനത്തിലെത്തിക്കുകയും സംസ്‌കാരച്ചടങ്ങുകള്‍ നടത്തുകയുമായിരുന്നു.
മൃതദേഹവുമായി ഇവര്‍ ബൈക്കില്‍ പോകുന്നതിന്റെയും സംഭവത്തെ കുറിച്ച് സംസാരിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ, വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക