ന്യൂദല്‍ഹി: മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് തൊപ്പിധരിച്ച് സലൂട്ട് സ്വീകരിക്കുന്ന മോര്‍ഫ് ചെയ്ത ഫോട്ടോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതിന് പിറകില്‍ പ്രവര്‍ത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന മിഹിര്‍ ഝയെന്നയാള്‍.
മിഹിര്‍ ഝയുടെ പ്രൊഫൈലില്‍ നിന്നാണ് ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. “അദ്ദേഹത്തിന്റെ തലയില്‍ ഒരു കറുത്ത തൊപ്പി വെച്ചുകൊടുക്കാന്‍ കഴിയുമോ. കൂടെ കൈയുടെ ചലനത്തിലും മാറ്റം വരുത്തണം. കോണ്‍ഗ്രസ് ഐ.ടി സെല്ലിലെ സുഹൃത്ത് ഇത് ആവശ്യപ്പെടുന്നു” എന്ന് മിഹിര്‍ ഝ എത്തിസ്റ്റ് കൃഷ്ണ എന്ന പ്രൊഫൈലിനോട് ചോദിക്കുന്നുണ്ട്.
കൃഷ്ണ ഈ റിക്വസ്റ്റ് സ്വീകരിക്കുന്നതിനു മുമ്പേ ഇവരുടെ മറ്റൊരു സുഹൃത്ത് ദര്‍കി ആഗെ എന്ന പ്രൊഫൈലില്‍ പ്രണബ് മുഖര്‍ജിയുടെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു കഴിഞ്ഞിരുന്നു.
ഇതിനു താഴെ മിഹിര്‍ ഝ ട്വീറ്റ് ചെയ്തു. “എത്ര ഗംഭീരമായ ചിത്രം. ആരാണ് ആര്‍.എസ്.എസ് തൃതീയ വര്‍ഷ പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നു നോക്കു”.
നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനമന്ദിരത്തില്‍ നടന്ന പരിപാടിക്കിടെ എടുത്ത പ്രണബ് മുഖര്‍ജിയുടെ ഫോട്ടോയാണ് ട്വിറ്ററില്‍ വ്യാജമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
“നോക്കൂ, ഞാന്‍ ഭയപ്പെട്ടിരുന്നതു സംഭവിച്ചു. ഇതിനെക്കുറിച്ച് പിതാവിനു മുന്നറിയിപ്പ് നല്‍കിയതായിരുന്നു. പരിപാടി കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയും മുമ്പേ ആര്‍.എസ്.എസ് അവരുടെ വൃത്തികെട്ട നുണപ്രചരണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു”. പ്രണബ് മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ഷര്‍മിഷ്ഠ മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം പ്രണബ് മുഖര്‍ജിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിന് പിന്നില്‍ ഭിന്നിപ്പുണ്ടാക്കുന്ന ശക്തികളാണെന്ന് ആര്‍.എസ്.എസ് നേതാവ് മന്‍മോഹന്‍ വൈദ്യയുടെ പ്രതികരണം.