നോട്ടുനിരോധനത്തെ വിമര്‍ശിച്ചു: മോദിയെ വിമര്‍ശിക്കാന്‍ എങ്ങനെ കഴിയുന്നു എന്നു ചോദിച്ച് മധ്യവയസ്‌കനെ ക്രൂരമായി മര്‍ദിച്ചു
Daily News
നോട്ടുനിരോധനത്തെ വിമര്‍ശിച്ചു: മോദിയെ വിമര്‍ശിക്കാന്‍ എങ്ങനെ കഴിയുന്നു എന്നു ചോദിച്ച് മധ്യവയസ്‌കനെ ക്രൂരമായി മര്‍ദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th December 2016, 8:52 am

atm


എന്തിനാ ചീത്തവിളിക്കുന്നതെന്നു ചോദിച്ചപ്പോള്‍ അയാള്‍ എന്നെ അടിക്കുകയും പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ എങ്ങനെ കഴിയുന്നു എന്ന് ചോദിക്കുകയും ചെയ്തു. അദ്ദേഹത്തിനൊപ്പം മറ്റുള്ളവരും കൂടി. എന്റെ തലപൊട്ടി ചോരയൊലിച്ചു.” അദ്ദേഹം പറയുന്നു.


ന്യൂദല്‍ഹി: നോട്ടുനിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച 48കാരന് മര്‍ദ്ദനം. തെക്കുകിഴക്കന്‍ ദല്‍ഹിയിലെ ജെയ്ത്പൂര്‍ മേഖലയിലാണ് സംഭവം.

ലാലന്‍ സിങ് ഖുഷ്‌വാഹ എന്നയാള്‍ക്കാണ് മര്‍ദ്ദമേറ്റത്. ഇയാളുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്.

ടി.വി വാങ്ങാന്‍ പോകുന്നവഴി നോട്ടുനിരോധനത്തെ വിമര്‍ശിച്ചു സംസാരിച്ചതിനെ തുടര്‍ന്നാണ് ലല്ലന്‍ സിങ് മര്‍ദ്ദനത്തിന് ഇരയായതെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഷിക് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.


Also Read: രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങളില്‍ എന്തുകൊണ്ട് ദേശീയഗാനം നിര്‍ബന്ധമാക്കുന്നില്ലെന്ന് നടന്‍ പവന്‍കല്ല്യാണ്‍


എ.ടി.എം ക്യൂവില്‍ പാവപ്പെട്ടവര്‍ നില്‍ക്കുന്നത് കണ്ടാണ് താന്‍ നോട്ടുനിരോധനത്തെ വിമര്‍ശിച്ചതെന്ന് ലല്ലന്‍ പറയുന്നു. ” ഞാന്‍ എ.ടി.എം ക്യൂവില്‍ നില്‍ക്കുകയായിരുന്നില്ല. പക്ഷെ ആളുകള്‍ ക്യൂ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പാവപ്പെട്ടവര്‍ മാത്രമാണ് നോട്ടുനിരോധനം കാരണം പ്രശ്‌നം നേരിടുന്നതെന്നാണ് എനിക്കുതോന്നുന്നത്.

അതുകൊണ്ടാണ് നോട്ടുനിരോധനത്തെ വിമര്‍ശിച്ചത്. പെട്ടെന്ന് ഒരാള്‍ വന്ന് എന്നെ ചീത്തവിളിച്ചു. എന്തിനാ ചീത്തവിളിക്കുന്നതെന്നു ചോദിച്ചപ്പോള്‍ അയാള്‍ എന്നെ അടിക്കുകയും പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ എങ്ങനെ കഴിയുന്നു എന്ന് ചോദിക്കുകയും ചെയ്തു. അദ്ദേഹത്തിനൊപ്പം മറ്റുള്ളവരും കൂടി. എന്റെ തലപൊട്ടി ചോരയൊലിച്ചു.” അദ്ദേഹം പറയുന്നു.


Don”t Miss: നോട്ടിന് വരി നിര്‍ത്തിയതിന് മോദിയെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കണം: അരവിന്ദ് കെജ്‌രിവാള്‍


ഇതുകണ്ടുനിന്ന ചിലര്‍ വന്ന് പിടിച്ചുമാറ്റിയതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും ലല്ലന്‍ പറയുന്നു.

“എന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെവെച്ച് മുറിവ് സ്റ്റിച്ച് ചെയ്തു. ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് തോന്നിയിട്ടില്ല. ചികിത്സയ്ക്കായി 6000രൂപ ചിലവുവന്നു. അതിനായി ലോണ്‍ എടുക്കേണ്ടിവന്നു. കൂലിപ്പണികൊണ്ടാണ് ജീവിച്ചുപോന്നത്. ഇപ്പോള്‍ അതിനും പോകാന്‍ പറ്റാത്ത അവസ്ഥയായി. ഇനി എങ്ങനെ കുടുംബം നോക്കാന്‍ കഴിയുമെന്ന് അറിയില്ല.” അദ്ദേഹം പറഞ്ഞു.