| Saturday, 7th November 2020, 4:40 pm

യു.പിയില്‍ മകള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ചോദ്യം ചെയ്ത പിതാവിനെ തല്ലിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: മകളെ ബലാത്സംഗം ചെയ്തവര്‍ക്കെതിരെ പ്രതിഷേധിച്ച പിതാവിനെ പ്രതികള്‍ മാരകായുധങ്ങളുപയോഗിച്ച് തല്ലിക്കൊന്നു. യു.പിയിലെ ദിയോറിയയിലാണ് 50 കാരന്‍ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്.

സംഭവത്തില്‍ അയല്‍ക്കാരനായ യുവാവിനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. മകളെ യുവാവ് ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് പിതാവിനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.

യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ച വിവരം പെണ്‍കുട്ടി പിതാവിനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിതാവ് അയല്‍വാസിയായ യുവാവിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റവുണ്ടാകുകയും പിതാവ് ഇയാളുടെ മുഖത്തടിക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് യുവാവ് തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും പെണ്‍കുട്ടിയുടെ പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. അവശനിലയിലായ ഇദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആദ്യം ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ലക്‌നൗവിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് എത്തിക്കും വഴി മരണം സംഭവിച്ചു.

സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Man beaten to death in uttarpradesh

Latest Stories

We use cookies to give you the best possible experience. Learn more