ന്യൂദല്‍ഹി: പൊതു നിരത്തില്‍ മൂത്രമൊഴിച്ചെന്നാരോപിച്ച് തൊഴിലാളിയെ തല്ലിക്കൊന്ന കേസില്‍ മൂന്നു പേര്‍ പിടിയില്‍. കഴിഞ്ഞദിവസമായിരുന്നു രാജ്യതലസ്ഥാനത്ത് പൊതു നിരത്തില്‍ മൂത്രമൊഴിച്ചന്നെ പേരില്‍ ഹാര്‍ഷ് വിഹാര്‍ സ്വദേശി സന്ദീപിനെ മൂവര്‍ സംഘം തല്ലിക്കൊന്നത്.
കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ ഹാര്‍ഷ് വിഹാറിലായിരുന്നു സംഭവം. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് വടികൊണ്ടും കല്ല് കൊണ്ടും മൂന്നംഗസംഘം സന്ദീപിനെ ആക്രമിക്കുകയായിരുന്നു. മുഖത്ത് കല്ലുകൊണ്ടുള്ള അടിയേറ്റ സന്ദീപ് മരണപ്പെടുകയും ചെയ്തു.
ഇയാളുടെ മൃതദേഹം നഴ്‌സിങ് ഹോമിനു സമീപത്തു നിന്നാണ് കണ്ടെത്തിയത്. നിസാര തര്‍ക്കത്തില്‍ തുടങ്ങിയ സംഭവം കൊലപാതകത്തില്‍ അവസാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസില്‍ റാസ, സെബു, മുകീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേര്‍ക്കുമെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം മറ്റൊരു വിഷയത്തിന്റെ പേരില്‍ പ്രതികള്‍ സന്ദീപുമായി വാക്കുതര്‍ക്കമുണ്ടായിരുന്നതായും ഈ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലാണ് കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. സന്ദീപും പ്രതികളും തമ്മില്‍ പരസ്പരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.