| Saturday, 8th July 2023, 6:35 pm

മധ്യപ്രദേശില്‍ മുസ്‌ലിം യുവാവിനെ കൊണ്ട് കാല്‍പാദം നക്കിച്ചു; വാഹനത്തില്‍ വെച്ച് മര്‍ദിക്കുന്ന വീഡിയോ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ദളിതന്റെ ദേഹത്ത് മൂത്രമൊഴിക്കുകയും മറ്റൊരു ദളിതനെ മനുഷ്യ വിസര്‍ജ്യം തീറ്റിക്കുകയും ചെയ്ത സംഭവങ്ങള്‍ക്ക് മധ്യപ്രദേശില്‍ നിന്ന് മറ്റൊരു യുവാവിനെതിരെയും ക്രൂരമായ ആക്രമണം. ഗ്വാളിയോറിലെ ദബ്‌റ സ്വദേശിയായ  മുസ്‌ലിം യുവാവിനെ നാട്ടുകാരായ മറ്റൊരു സംഘം വാഹനത്തില്‍ വെച്ച് കൂട്ടമായി മര്‍ദിക്കുന്നതും കാല്‍പാദം നക്കിക്കുന്നതുമായ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

കാറിലുണ്ടായിരുന്ന ആളുകള്‍ മുസ്‌ലിം യുവാവിന്റെ മുഖത്തും തലയിലും മര്‍ദിക്കുന്നതും ‘ഗോലു ഗുര്‍ജാര്‍ ബാപ് ഹെ’ എന്ന് പറയാന്‍ നിര്‍ബന്ധിക്കുന്നുമുണ്ട്. ഇതിന് ശേഷമാണ് കാല്‍പാദം നക്കാന്‍ നിര്‍ബന്ധിച്ചത്. ഇരയായ യുവാവ് ഇത് അനുസരിക്കേണ്ടിയും വന്നത്. അക്രമികളിലൊരാള്‍ യുവാവിനെ ചെരിപ്പ് കൊണ്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അക്രമിക്കപ്പെട്ട യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തിനെതിരെ വ്യാപകമായ പ്രതിഷേധവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

അക്രമികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. തട്ടിക്കൊണ്ടുപോയതിനും മര്‍ദിച്ചതിനും വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വാഹനത്തില്‍ വെച്ച് ഒരു സംഘമാളുകള്‍ ചേര്‍ന്ന് ഒരു യുവാവിനെ മര്‍ദിക്കുന്ന വീഡിയോ വെള്ളിയാഴ്ച വൈകീട്ടോടെ ശ്രദ്ധയില്‍പ്പെട്ടെന്ന് ദാബ്രയിലെ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വിവേക് കുമാര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു. വീഡിയോ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സിദ്ധിയില്‍ ദളിത് യുവാവിന് മേല്‍ മേല്‍ജാതിക്കാരനായ ബി.ജെ.പി നേതാവ് മൂത്രമൊഴിക്കുന്ന വീഡിയോ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ ശിവ്പുരിയില്‍ ദളിത് യുവാവിനെയും മറ്റൊരു പിന്നാക്ക വിഭാഗക്കാരനെയും ഒരു സംഘമാളുകള്‍ മര്‍ദിച്ചവശരാക്കി മലം തീറ്റിച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 30ന് വസ്തു തര്‍ക്കത്തിന്റെ പേരിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. ഇതിന് പിന്നാലെ യുവാക്കള്‍ ലൈംഗികാതിക്രമം നടത്തിയെന്ന വ്യാജവാര്‍ത്തയും അക്രമികള്‍ പ്രചരിപ്പിച്ചിരുന്നു.

Content Highlights: man beaten and forced to lick foot of attackers in gwaliyor, madhya pradesh

We use cookies to give you the best possible experience. Learn more