ആലപ്പുഴ: തട്ടുകടയില്‍ നിന്ന് വാങ്ങിയ ബീഫ് ഫ്രൈ തട്ടിയെടുക്കാന്‍ യുവാവിനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ഹരിപ്പാടിന് സമീപം കാര്‍ത്തികപ്പള്ളി വിഷ്ണുഭവനം വിഷ്ണു (29), പിലാപ്പുഴ വലിയതെക്കതില്‍ ആദര്‍ശ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബര്‍ രണ്ടിന് വൈകീട്ടോടെ ആലപ്പുഴ ദേശീയപാതയില്‍ വെട്ടുവേനി ജങ്ഷനിലെ തട്ടുകടയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതില്‍ വിഷ്ണു(26)വിനെയാണ് പ്രതികളായ വിഷ്ണുവും ആദര്‍ശും ചേര്‍ന്ന് മര്‍ദിച്ചത്.
വെട്ടുവേനിയിലുള്ള തട്ടുകടയില്‍നിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണു ആക്രമിക്കപ്പെട്ടത്. പ്രതികള്‍ ഇയാളുടെ പക്കലുണ്ടായിരുന്ന ബീഫ് ഫ്രൈ പിടിച്ചുവാങ്ങുകയും മര്‍ദിക്കുകയും ചെയ്തു. ഇതിനുശേഷം ബീഫ് ഫ്രൈയുമായി പ്രതികള്‍ കാറില്‍ കയറി രക്ഷപെടുകയായിരുന്നു.
ഹരിപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.എസ്. ശ്യാംകുമാറിന്റെ മേല്‍നോട്ടത്തിലെ പ്രത്യേക സംഘമാണ് രണ്ട് പേരെയും പിടികൂടിയത്. എസ്.ഐ. ഗിരീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൗഷാദ്, സിവില്‍ പോലീസ് ഓഫീസര്‍ എ. നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
നേരത്തെ കല്യാണ സദ്യയ്ക്കിടെ രണ്ടാമത് പപ്പടം നല്‍കാത്തതിനെ തുടര്‍ന്ന് അക്രമമുണ്ടായതും ആലപ്പുഴ ഹരിപ്പാടിന് അടുത്തായിരുന്നു. അന്ന് ഓഡിറ്റോറിയത്തിലുണ്ടായ കൂട്ടത്തല്ലില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഹരിപ്പാട് മുട്ടത്ത് സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ വിവാഹത്തിനുശേഷം ഭക്ഷണം വിളമ്പുന്നതിനിടയില്‍ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടാമത് പപ്പടം നല്‍കാനാകില്ലെന്ന് വിളമ്പുന്നവര്‍ അറിയിച്ചതോടെ വാക്കുതര്‍ക്കമായി.
വാക്കുതര്‍ക്കം രൂക്ഷമാകുകയും കയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. തുടര്‍ന്ന് ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ച് ഇരു കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ ഒരു ലക്ഷത്തിന് മുകളില്‍ നാശനഷ്ടമാണ് കണക്കാക്കുന്നതെന്ന് ഓഡിറ്റോറിയം ഉടമ പറഞ്ഞിരുന്നു.
Content Highlight: Man attacked for snatching beef fry; Two people were arrested