ദളിത് സ്ത്രീ വെള്ളം കുടിച്ചതിന് വാട്ടര്‍ ടാങ്ക് ഗോമൂത്രത്താല്‍ വൃത്തിയാക്കിയ സംഭവം; 'ഉന്നത ജാതിക്കാരന്‍' അറസ്റ്റില്‍
national news
ദളിത് സ്ത്രീ വെള്ളം കുടിച്ചതിന് വാട്ടര്‍ ടാങ്ക് ഗോമൂത്രത്താല്‍ വൃത്തിയാക്കിയ സംഭവം; 'ഉന്നത ജാതിക്കാരന്‍' അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd November 2022, 9:32 pm

മൈസൂരു: ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീ വെള്ളം കുടിച്ചതിനെത്തുടര്‍ന്ന് വാട്ടര്‍ ടാങ്ക് ഗോമൂത്രമുപയോഗിച്ച് വൃത്തിയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. 55 കാരനായ മഹാദേവപ്പയെയാണ് അറസ്റ്റ് ചെയ്തത്.

ലിംഗായത്ത് സമുദായത്തില്‍പ്പെട്ട മഹാദേവപ്പയുടെ നേതൃത്വത്തിലാണ് ടാങ്ക് ഗോമൂത്രമുപയോഗിച്ച് ശുദ്ധീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ എസ്.സി -എസ്.ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കേസ് എടുത്തതായി എസ്.പി ശിവകുമാര്‍ അറിയിച്ചു.

നവംബര്‍ 18ന് കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയയിലെ ഹെഗ്ഗോതറ വില്ലേജിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഹെഗ്ഗോതറ ഗ്രാമത്തില്‍ ഒരു വിവാഹത്തിനായി എത്തിയ എച്ച്.ഡി കോട്ട സ്വദേശിയായ ശിവമ്മ എന്ന ദളിത് സ്ത്രീയെയാണ് മഹാദേവപ്പയുടെ നേതൃത്വത്തിലുള്ള ലിംഗായത്ത് സമുദായത്തിലുള്ളവര്‍ അധിക്ഷേപിച്ചത്.

ഗ്രാമത്തിലെ കൃഷ്ണദേവരായ ക്ഷേത്രത്തിന് സമീപമുള്ള പൊതു ജലസംഭരണിയില്‍ നിന്ന് വെള്ളം കുടിച്ച ഇവരെ ജാതീയമായും ഇയാള്‍ അധിക്ഷേപിച്ചുവെന്നും, ടാങ്ക് ഗോമൂത്രം ഉയോഗിച്ച് ശുദ്ധീകരിച്ചുവെന്നുമാണ് കേസ്.


‘എനിക്ക് ഗ്രാമത്തിലെ അത്തരം നിയമങ്ങള്‍ അറിയില്ലായിരുന്നു. വിവാഹ സദ്യക്ക് ശേഷം പൊതു പൈപ്പില്‍ നിന്ന് വെള്ളം കുടിച്ച് വേഗം വാഹനത്തില്‍ കയറി പോകാനൊരുങ്ങുകയായിരുന്നു ഞാന്‍. പെട്ടെന്ന് മഹാദേവപ്പ എന്റെ അടുത്തേക്ക് വരികയും എന്നോട് ജാതി ചോദിക്കുകയും ചെയ്തു. എന്നിട്ടെന്നോട് ദളിത് സമുദായത്തില്‍പ്പെട്ടവര്‍ ജലസംഭരണിയില്‍ നിന്ന് വെള്ളം കുടിക്കാന്‍ പാടില്ലെന്ന് പറഞ്ഞു,’ എന്നാണ് ശിവമ്മ സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്.

ടാങ്ക് വൃത്തിയാക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കഴിഞ്ഞ ദിവസം തഹസില്‍ദാരും സാമൂഹികക്ഷേമ വകുപ്പ് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്നുള്ള പരിശോധനക്ക് ശേഷം അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന്, ജലസംഭരണി പൊതു സ്വത്താണെന്നും എല്ലാവര്‍ക്കും അവിടെ നിന്നും വെള്ളം കുടിക്കാമെന്നും ഉദ്യോഗസ്ഥര്‍ ഗ്രാമവാസികളോട് പറഞ്ഞിരുന്നു.

ശേഷം, തഹസില്‍ദാര്‍ 20 ദളിത് യുവാക്കളെ ഗ്രാമത്തിലെ എല്ലാ കുടിവെള്ള പൈപ്പുകളിലും കൊണ്ടുചെന്ന് വെള്ളം കുടിപ്പിക്കുകയും, ജലസംഭരണി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ടാങ്കുകളില്‍ എഴുതി ഒട്ടിക്കുകയും ചെയ്തിരുന്നു.

Content Highlight: Man arrested in Karnataka over water tank ‘purification’ with cow urine