പാറ്റ്‌ന: ജിഗ്നേഷ് മെവാനി എം.എല്‍.എയെ വെടിവെച്ചുകൊല്ലുമെന്ന് ഫോണിലൂടെ ഭീഷണിമുഴക്കിയ ബീഹാര്‍ സ്വദേശിയായ യുവാവിനെ ഗുജറാത്ത് പൊലീസ് അറസ്റ്റു ചെയ്തു. രണ്‍വീര്‍ മിശ്രയെന്ന ആളെയാണ് പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.
ജിഗ്നേഷ് മെവാനിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കി ജൂണ്‍ ആറിനായിരുന്നു ഫോണ്‍കോള്‍ വന്നത്. സംഭവത്തില്‍ മെവാനിയുടെ അസിസ്റ്റന്റായ കൗശിക് പാര്‍മര്‍ ആയിരുന്നു പൊലീസില്‍ പരാതി നല്‍കിയത്.
ജിഗ്നേഷ് മേവാനി നേരത്തെ ഉപയോഗിക്കുന്ന നമ്പറാണ് കൗശിക് പാര്‍മര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. പാര്‍മറുടെ പരാതിയില്‍ ഐ.പി.സി 502 പ്രകാരമാണ് വാദ്ഗാം പൊലീസ് കേസെടുത്തിരുന്നത്.
ജിഗ്നേഷ് മെവാനിയെ വെടിവെച്ചുകൊല്ലുമെന്നായിരുന്നു ഇയാള്‍ ഭീഷണിമുഴക്കിയത്. ഇതിന് പിന്നാലെ തന്നെ രവി പൂജാരി എന്ന് പേര് വെളിപ്പെടുത്തിയ ആള്‍ വീണ്ടും വിളിക്കുകയും ജിഗ്നേഷിനെ കൊല്ലുമെന്ന് തന്നെ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നായിരുന്നു പൊലീസ് നമ്പര്‍ ട്രേസ് ചെയ്തത്.”” നമ്പര്‍ ട്രേസ് ചെയ്തതിലൂടെ ബീഹാറിലെ സിതാമര്‍ഹി ജില്ലയിലെ കൊയ്‌ലി ഗ്രാമത്തില്‍ നിന്നാണ് കോള്‍ വന്നതെന്ന് മനസിലായി. തുടര്‍ന്നായിരുന്നു പ്രതിയെ പിടികൂടിയത്.
ഭീഷണികോള്‍ ചെയ്തത് താനാണെന്ന് പ്രതി തന്നെ സമ്മതിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ രവി പൂജാരി എന്നയാളുമായി തനിക്ക് ബന്ധമില്ലെന്നും ജിഗ്നേഷിനെ ഇതുവരെ നേരിട്ട് വിളിച്ചിട്ടില്ലെന്നുമാണ് അയാള്‍ പറഞ്ഞത്””- പൊലീസ് സൂപ്രണ്ട് ബി.എ ചവ്ധ പറഞ്ഞു.
ഓസ്ട്രേലിയയില്‍ നിന്നുള്ള രവി പൂജാരി എന്ന് പരിചയപ്പെടുത്തിയ ആള്‍ തന്നെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായി ജിഗ്‌നേഷ് മെവാനി തന്നെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
പ്രകോപനപരമായ പ്രസംഗങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ വെടി വച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് തനിക്ക് ഭീഷണി വരുന്നതെന്നും വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനേയും വധിക്കുമെന്നാണ് ഭീഷണിയെന്നും മേവാനി പറഞ്ഞിരുന്നു. അതേസമയം ഭീഷണിപ്പെടുത്തിയ ഫോണ്‍ ചെയ്ത രവി പൂജാരി എന്നയാള്‍ അധോലോക നേതാവ് രവി പൂജാരി ആണോ എന്ന കാര്യം വ്യക്തമല്ല.
ഫ്രാന്‍സില്‍ മുസ്‌ലീങ്ങള്‍ക്കെതിരെ ആക്രമണത്തിന് പദ്ധതിയിട്ട പത്ത് തീവ്രവലതുപക്ഷക്കാര്‍ അറസ്റ്റില്‍
മെവാനിയുടെ രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ചും ഭീഷണി സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജിഗ്‌നേഷ് മെവാനിക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും സംഘപരിവാറിന്റെയും രാജ്യത്തെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളാണ് ഗുജറാത്തിലെ വാദ്ഗാം എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മെവാനി.