|

ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറില്‍ ഇറച്ചി വിറ്റതിന് യുവാവ് അറസ്റ്റില്‍; കൊലപാതക ശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറില്‍ ഇറച്ചി വിറ്റതിന് ഒരാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സംഭലിലാണ് സംഭവം. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭാല്‍ സ്വദേശിയായ താലിബ് ഹുസൈനെ ഞായറാഴ്ചയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. താലിബ് ഹുസൈന്‍ അദ്ദേഹത്തിന്റെ കടയില്‍ ഇറച്ചി വില്‍ക്കുന്നത് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള പേപ്പറിലാണെന്ന് കണ്ടെത്തിയ യുവാക്കളാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കൊലപാതക ശ്രമക്കുറ്റവും താലിബിനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.

സംഭാലിൽ മെഹക് എന്ന ഹോട്ടൽ നടത്തിവരികയായിരുന്നു താലിബ്. ഹോട്ടലിൽ നിന്ന് ഹിന്ദു ദൈവങ്ങളുടെ ചിത്രമടങ്ങിയ നിരവധി പേപ്പറുകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

താലിബ് ഹുസൈനിന്റെ പ്രവര്‍ത്തി തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ സംഭവ സ്ഥലത്തെത്തിയ പൊലീസിനെ താലിബ് കത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതായി എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Man arrested for selling meat in paper with pictures of hindu gods

Video Stories