| Friday, 2nd September 2022, 1:43 pm

അര്‍ജന്റീനയില്‍ അഴിമതി ആരോപണം നേരിടുന്ന വൈസ് പ്രസിഡന്റിന് നേരെ തോക്ക് ചൂണ്ടി യുവാവ്; പിന്നാലെ അറസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്‌നെര്‍ക്ക് (Cristina Fernandez de Kirchner) നേരെ തോക്ക് ചൂണ്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു.

ബ്യൂണസ് ഐറിസിലെ കിര്‍ച്‌നെറിന്റെ വീടിന് പുറത്ത് വെച്ച് വ്യാഴാഴ്ചയായിരുന്നു സംഭവം. വൈസ് പ്രസിഡന്റിന് നേരെ യുവാവ് തോക്ക് ചൂണ്ടുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ വെടിയുതിര്‍ത്തിരുന്നില്ല.

വൈസ് പ്രസിഡന്റിന് യാതൊരു പരിക്കുകളും ഏറ്റിട്ടില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പിന്നാലെ തോക്ക് ചൂണ്ടിയ യുവാവിനെ അറസ്റ്റ് ചെയ്തതായി സുരക്ഷാ വിഭാഗം മന്ത്രി
അനിബല്‍ ഫെര്‍ണാണ്ടസ് (Anibal Fernandez) വ്യക്തമാക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വിരലടയാളങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു.

കൃത്യമായ വധശ്രമമാണ് വൈസ് പ്രസിഡന്റിന് നേരെ നടന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിക്കുന്നത്.

തന്റെ വസതിക്ക് പുറത്ത് വെച്ച്, കാറില്‍ നിന്നും പുറത്തിറങ്ങുകയായിരുന്ന കിര്‍ച്‌നെറിന്റെ തലക്ക് നേരെ ജനക്കൂട്ടത്തിനിടയില്‍ നിന്നും യുവാവ് തോക്ക് ചൂണ്ടുകയായിരുന്നു. ഇയാളെ അപ്പോള്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിര്‍ച്‌നെറിന്റെ വസതിക്ക് പുറത്ത് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

അറസ്റ്റിലായ വ്യക്തി ബ്രസീലിയന്‍ പൗരനാണെന്നാണ് ചില അര്‍ജന്റീനിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പതഗോണിയയിലെ തന്റെ ശക്തികേന്ദ്രത്തില്‍ പൊതുമരാമത്ത് കരാറുകള്‍ നിയമവിരുദ്ധമായി നല്‍കിയെന്ന ആരോപണത്തില്‍ വിചാരണ നേരിടുന്ന കിര്‍ച്‌നെറുടെ വീടിന് മുന്നില്‍ കഴിഞ്ഞയാഴ്ച മുതല്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു.

2007 മുതല്‍ 2015 വരെ പ്രസിഡന്റായിരുന്ന കിര്‍ച്‌നെര്‍ക്ക് 12 വര്‍ഷം തടവും രാഷ്ട്രീയത്തില്‍ നിന്ന് ആജീവനാന്ത വിലക്കും വിധിക്കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സെനറ്റ് പ്രസിഡന്റായതുകൊണ്ട് തന്നെ കിര്‍ച്‌നെര്‍ക്ക് പാര്‍ലമെന്ററി പ്രതിരോധമുണ്ട്.

Content Highlight: Man arrested for pointing gun at the head of Argentina’s vice president Cristina Fernandez de Kirchner

We use cookies to give you the best possible experience. Learn more