മലപ്പുറം: പൂജയുടെ പേരില്‍ വിശ്വാസികളെ പറ്റിച്ച് തട്ടിപ്പ് നടത്തിയ കൂപ്ലിക്കാട് രമേശന്‍ എന്നയാള്‍ അറസ്റ്റില്‍. പുരയിടത്തിലെ നിധി എടുത്തുതരാം, ചൊവ്വാദോഷം മാറ്റിത്തരാം എന്നീ വാഗ്ദാനങ്ങള്‍ നടത്തിയായിരുന്നു രമേശന്റെ തട്ടിപ്പ്.
ഒമ്പത് മാസമായി ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ കൊല്ലം പുനലൂര്‍ കുന്നിക്കോട് വാടകവീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രമേശന്‍ നമ്പൂതിരി, രമേശന്‍ സ്വാമി, സണ്ണി എന്നീ പേരുകളിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. വണ്ടൂര്‍ സ്വദേശിനിയില്‍ നിന്ന് 1.10 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായത്.
വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5 പവന്റെ സ്വര്‍ണം തട്ടി.
ഇവരുടെ പക്കല്‍ നിന്ന് നിധി കുഴിച്ചെടുക്കാനെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും വീടിന് ചുറ്റും നിരവധി കുഴികളെടുത്ത് വീടും പറമ്പും താമസയോഗ്യമല്ലാതാക്കുകയും ചെയ്തു.
സമാനമായ രീതിയില്‍ വയനാട് മീനങ്ങാട് സ്വദേശിനിയില്‍ നിന്ന് എട്ട് പവനും കൈക്കലാക്കി.