| Sunday, 27th October 2024, 10:26 pm

ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം; യുവാവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്ബറേലി: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ച യുവാവ് അറസ്റ്റില്‍. ഡേവിഡാണ് അറസ്റ്റിലായത്. റായ്ബറേലിയാണ് സംഭവം.

ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഒക്ടോബര്‍ 24ന് ബരാദര്‍ ഗ്രാമത്തില്‍ ഇയാള്‍, രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പ്രാര്‍ത്ഥനാ യോഗം നടത്തുകയായിരുന്നു.

മതം മാറുന്നവര്‍ക്ക് ഇയാള്‍ ധനസഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഇതിനുപിന്നാലെ ഒക്ടോബര്‍ 25ന് ഇയാള്‍ അറസ്റ്റിലാകുകയായിരുന്നു.

സംഭവ സ്ഥലത്ത് നിന്ന് മതപരിവര്‍ത്തനത്തിനായി എത്തിച്ച പുസ്തകങ്ങളും മറ്റു വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രാര്‍ത്ഥനാ യോഗത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 70ഓളം പേര്‍ പങ്കെടുത്തുവെന്ന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് സഞ്ജീവ് സിന്‍ഹ പറഞ്ഞു.

ഡേവിഡിന് പുറമെ യോഗം സംഘടിപ്പിച്ച ഉന്നാവോ സ്വദേശിയായ രാജേഷിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത 25ഓളം പേരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

നിയമവിരുദ്ധ മതപരിവര്‍ത്തനം തടയല്‍ ഓര്‍ഡിനന്‍സ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ ഇന്ത്യയിലെ തീവ്രഹിന്ദുത്വവാദികള്‍ ക്രിസ്ത്യാനികളെ നിര്‍ബന്ധപൂര്‍വം മതം മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഹിന്ദു ദേശീയവാദികള്‍ ദുര്‍ബലരായിരിക്കുന്ന ക്രിസ്ത്യന്‍ കുടുംബങ്ങളെ ടാര്‍ഗെറ്റ് ചെയ്യുന്നതായി റെസ്റ്റ് ഓഫ് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

വാട്‌സ്ആപ്പ് മുഖേന വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘടനകള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Content Highlight: Man arrested for forcing religious conversion in Uttar Pradesh

We use cookies to give you the best possible experience. Learn more