ആലത്തൂര്‍: സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ യുവാവ് പിടിയിലായി.
തിരുവനന്തപുരം നെടുമങ്ങാട് കരിമ്പുഴ സ്വദേശി ദീപുകൃഷ്ണ(36)യെയാണ് ആലത്തൂര്‍ പൊലീസ് അറസ്റ്റുചെയ്തത്.
സാമൂഹിക മാധ്യമങ്ങളിലൂടെ യുവാക്കളെയും വീട്ടമ്മമാരെയും നിരീക്ഷിച്ച ശേഷമാണ് ഇയാള്‍ അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് ഡിവൈ.എസ്.പി. കെ.എം. ദേവസ്യ പറഞ്ഞു.
ആലത്തൂരിലെ യുവാവിനെയാണ് ദീപു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. ഇന്റര്‍നെറ്റില്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതായി സൈബര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നുപറഞ്ഞ് വെള്ളിയാഴ്ച ഇയാള്‍ യുവാവിനെ സമീപിച്ചു. 20,000 രൂപ നല്‍കിയാല്‍ പുറത്താരുമറിയാതെ കേസ് ഒതുക്കിത്തീര്‍ക്കാമെന്ന് വാഗ്ദാനം ചെയ്തു.
സംശയം തോന്നിയ യുവാവ് ഇപ്പോള്‍ പണം കൈയിലില്ലെന്നും ശനിയാഴ്ച നല്‍കാമെന്നും പറഞ്ഞ് ദീപുവിനെ തിരികെ അയച്ചു.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് പണം വാങ്ങാന്‍ എത്തിയപ്പോള്‍ യുവാവും ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് ദീപുകൃഷ്ണയെ തടഞ്ഞ് ചോദ്യം ചെയ്തു.
തട്ടിപ്പ് പൊളിഞ്ഞെന്ന് തിരിച്ചറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. തുടര്‍ന്ന്, സി.ഐ. റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പൊലീസെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ സമാനമായ എട്ട് കേസ് നിലവിലുണ്ട്. തിരുവനന്തപുരം നെടുമങ്ങാടെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടികിട്ടാപ്പുള്ളിയാണെന്ന് എസ്.ഐ. ജിസ്‌മോന്‍ വര്‍ഗീസ് പറഞ്ഞു.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപു രണ്ടു വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ബ്ലാക്ക് മെയിലിങ്ങും തട്ടിപ്പും തുടങ്ങിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: man arrested for cyber police fraud