അഹമ്മദാബാദ്: നിയമവിരുദ്ധമായി പശു ഇറച്ചി കടത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട 32കാരനായ യുവാവ് ഗുജറാത്തില്‍ ലോക്കപ്പില്‍ തൂങ്ങി മരിച്ചതായി പൊലീസ്. ഗോദ്ര ബി ഡിവിഷനിലെ പൊലീസ് സ്റ്റേഷനില്‍ യുവാവ് തൂങ്ങിമരിച്ചതായി പഞ്ച്മഹല്‍ ജില്ലാ പൊലീസ് സ്ഥിരീകരിച്ചു.
ഖ്വാസിം അബ്ദുള്ള ഹയത് ആണ് മരിച്ചത്. ഗോവധ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഗുജറാത്തില്‍ പ്രാദേശികമായി അഞ്ച് സ്ത്രീകള്‍ക്ക് പശു ഇറച്ചി വില്‍ക്കാന്‍ ശ്രമിച്ചതിനായിരുന്നു യുവാവിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ യുവാവ് തൂങ്ങി മരിച്ചതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനിരിക്കേയായിരുന്നു മരണം.
ഇറച്ചി വാങ്ങാന്‍ ശ്രമിച്ച 5 സ്ത്രീകള്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ 3:20 ന് ഹയത് തൂങ്ങിമരിച്ചത് പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം യുവാവിന്റെ മരണത്തിന്മേല്‍ കുടുംബം അന്വേഷണമാവശ്യപ്പെട്ട് രംഗത്തെത്തി.
‘ആരോപണവിധേയനായ യുവാവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് ബുധനാഴ്ച വൈകീട്ട് 7:45 നായിരുന്നു. മരണത്തിന്മേല്‍ മെഡിക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിനനുസരിച്ചായിരിക്കും റിപ്പോര്‍ട്ട് തയ്യാറാക്കുക,’ പഞ്ച്മഹല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ലീന പട്ടീല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
യുവാവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത അസിസ്റ്റന്റ് പൊലീസ് കോണ്‍സ്റ്റബിള്‍ സിദ്ധ്രാജ് സിന്‍ഹ് ഗജേന്ദ്ര സിന്‍ഹ് പറഞ്ഞത് സെപ്റ്റംബര്‍ 14ന് യുവാവ് ഇരുചക്രവാഹനത്തില്‍ പശു ഇറച്ചി കടത്തുന്നതായി പൊലീസ് പട്രോള്‍ സംഘത്തിന് വിവരം ലഭിച്ചിരുന്നു എന്നാണ്.
സംഭവം നടന്നതിനു രണ്ടുദിവസം മുന്‍പും പശു ഇറച്ചി വില്‍പന നടത്തിയതായി യുവാവ് സമ്മതിച്ചതായും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.