| Tuesday, 11th September 2018, 8:20 am

സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ഭക്ഷണം കഴിച്ചതിന് പ്രവാസിയെ സൗദി അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ: സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ഭക്ഷണം കഴിച്ചതിന് പ്രവാസിയായ ഈജിപ്ഷ്യന്‍ യുവാവിനെ സൗദി അറസ്റ്റ് ചെയ്തു. ഇരുവരും ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ പുറത്തു വിട്ടിരുന്നു. പരസ്പരം ബന്ധമില്ലാത്ത സ്ത്രീപുരുഷന്മാര്‍ പൊതു സ്ഥലങ്ങളില്‍ ഒന്നിച്ചിരിക്കരുതെന്ന നിയമം ലംഘിച്ചതിന്റെ പേരിലാണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സൗദി തൊഴില്‍മന്ത്രാലയമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വീഡിയോക്കെതിരെ സൗദി സോഷ്യല്‍മീഡിയയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. നിഖാബ് ധരിച്ചിരിക്കുന്ന യുവതി സുഹൃത്തായ യുവാവിനൊപ്പം ഭക്ഷണം പങ്കുവെക്കുകയും ക്യാമറയ്ക്ക് മുന്നില്‍ കൈവീശുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു.

സംഭവത്തില്‍ ഹോട്ടലുടമയെയും വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് സര്‍ക്കാര്‍ വിളിച്ചു വരുത്തിയിട്ടുണ്ട്.

ഏപ്രിലില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചുള്ള യുവതിയുടെ പരസ്യം കൊടുത്തതിന് റിയാദിലുള്ള ഒരു വനിതാ ജിംനേഷ്യം സൗദി സ്‌പോര്‍ട്‌സ് വകുപ്പ് അടച്ചുപൂട്ടിച്ചിരുന്നു. സമാനമായ രീതിയില്‍ സര്‍ക്കസില്‍ സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ വിനോദ വകുപ്പ് തലവനെയും സൗദി പുറത്താക്കിയിരുന്നു.

We use cookies to give you the best possible experience. Learn more