| Friday, 24th May 2024, 4:38 pm

ഗുജറാത്തില്‍ പശുക്കടത്ത് ആരോപിച്ചുള്ള ആള്‍ക്കൂട്ട കൊലപാതകം; തള്ളി പൊലീസ്, മുന്‍ വൈരാഗ്യമെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗർ: ഗുജറാത്തിലെ ബനസ്‌കന്തയിൽ പശുക്കടത്ത് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തി. 40 കാരനായ മിശ്രിഖാൻ ബലോച്ചാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച പുലർച്ചെ മിശ്രിഖാൻ ബലോച്ച് കന്നുകാലികളെ ചന്തയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അഞ്ചംഗ സംഘം ഇദ്ദേഹത്തെ മർദിച്ചത്.

സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഹുസൈൻഖാനാണ് ആക്രമണ വിവരം പൊലീസിനെ അറിയിച്ചത്

കൊലപാതകം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്. എന്നാൽ സംഭവം ആൾക്കൂട്ട കൊലപാതകമല്ലെന്നാണ് പൊലീസിന്റെ വാദം.

കേസിലെ പ്രതികളിലൊരാളായ അഖേ രാജ് സിങ് പർബത് പശു സംരക്ഷണവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ പ്രതിയാണ്. നേരത്തെ സമാനമായ കേസിൽ പ്രതിയായ ഇയാളുടെ ശിക്ഷ ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

പ്രതികളിൽ രണ്ട് പേരെ പിടികൂടിയതായും മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച നടന്ന ഈ കൊലപാതകം ആൾക്കൂട്ട കൊലപാതകമാണെന്ന് പൊലീസ് അംഗീകരിച്ചിട്ടില്ല. പകരം കൊല്ലപ്പെട്ടയാളും പ്രതികളും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ്ന്റെ വാദം.

ഗോവധം ആരോപിച്ചുള്ള കൊലപാതകങ്ങൾ തടയേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്ന് 2018 ൽ സുപ്രീം കോടതി പറഞ്ഞിരുന്നു. ഒപ്പം ആൾക്കൂട്ട കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ ചില നിർദേശങ്ങളും സംസ്ഥാന സർക്കാരുകൾക്ക് നൽകിയിരുന്നു.

നടന്നത് ആള്‍ക്കൂട്ട കൊലപാതകമാണെന്ന് സമ്മതിക്കാന്‍ ചില സംസ്ഥാനങ്ങള്‍ തയ്യാറാകാറില്ലെന്നും തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കാറെന്നും 2018 ലെ വിധി ന്യായത്തില്‍ സുപ്രീം കോടതി പറഞ്ഞിരുന്നു. പലപ്പോഴും ആള്‍ക്കൂട്ട കൊലപാതകത്തെ അക്രമ സംഭവമായും അപകടമായും ചിത്രീകരിക്കാറാണ് പതിവെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ദളിത്, മുസ്‌ലിം വിഭാഗത്തില്‍പ്പെടുന്ന ആളുകളാണ് പലപ്പോഴും ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാകുന്നത്. ആള്‍ക്കൂട്ട കൊലപാതകം നടത്തുന്നവരാകട്ടെ ബി.ജെ.പിയുമായും തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവരുമായിരിക്കും.

കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ഭാരതീയ ന്യായ സന്‍ഹിത പ്രകാരം അഞ്ചോ അതിലധികമോ പേര്‍ ചേര്‍ന്ന് നടത്തുന്ന ആക്രമണത്തിന് ജീപര്യന്തം മുതല്‍ വധശിക്ഷ വരെയാണ് ശിക്ഷയായി നിര്‍ദേശിക്കുന്നത്. ജാതി, മതം, വര്‍ഗം, വംശം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കും ഈ ശിക്ഷ ബാധകമായിരിക്കും.

Content Highlight : Man allegedly killed by vigilantes

We use cookies to give you the best possible experience. Learn more