ദുരിതബാധിതരെ രക്ഷിക്കാന്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികള്‍ക്കുനേരെ സോഷ്യല്‍ മീഡിയയില്‍ വംശീയ അധിക്ഷേപവുമായി യുവാവ്. “കടപ്പുറം ടീമല്ലേ ഇതിനപ്പുറം കാണിക്കും ഈ തെണ്ടികള്‍” എന്നു പറഞ്ഞാണ് അധിക്ഷേപം.
ദുരിതബാധിതര്‍ക്ക് റബ്ബര്‍ ബോട്ടുകളില്‍ കയറാന്‍ മത്സ്യത്തൊഴിലാളി മുതുക് കുനിഞ്ഞ് കൊടുക്കുന്ന ചിത്രത്തിനു താഴെയായി രാജീവ് രാജ് എന്നയാളാണ് ഇത്തരത്തില്‍ കമന്റു ചെയ്തത്.
നേവിയുടെ റബ്ബര്‍ ബോട്ടില്‍ കയറാന്‍ ബുദ്ധിമുട്ടിയ കുടുംബത്തിന് മുമ്പില്‍ മുതുക് കുനിഞ്ഞ് കൊടുത്ത ജെയ്‌സല്‍ എന്ന മത്സ്യത്തൊഴിലാളിയുടെ പ്രവൃത്തി സോഷ്യല്‍ മീഡിയയുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
മത്സ്യത്തൊഴിലാളികളെ വംശീയമായി അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
“ജീവിക്കാനായി നല്ലൊരു സമയം ഇളകി മറിയുന്ന കടലില്‍ കഴിയുകയെന്ന വലിയ പരീക്ഷ അത് തന്നെയാണ് അവര്‍ക്കി ദുരന്തമുഖത്ത് കൂട്ടായതും
സുഹ്യത്തേ, നമ്മളില്‍ ചിലരെങ്കിലും അവരെ വില കുറച്ചു കാണുന്നു, അവരുടെ ജീവിത സാഹചര്യങ്ങള്‍ നമ്മേപ്പോലായിരിക്കില്ല,
പക്ഷേ നാടിനോടുള്ള അവരുടെ സ്‌നേഹത്തേയും കരുതലിനേയും ആത്മാര്‍ത്ഥതയേയും എന്ത് കാര്യം കൊണ്ടായാലും ഇങ്ങനെ അപമാനിക്കരുത്, പ്ലീസ്…” എന്നാണ് ഇതിനെതിരെ ഉയര്‍ന്നുവന്ന പ്രതികരണങ്ങളില്‍ ഒന്ന്.